പത്തനംതിട്ട: കലഞ്ഞൂര്‍ കൂടലില്‍ മദ്യപിച്ചെത്തി പതിമൂന്നുകാരനായ മകനെ ക്രൂരമായി മര്‍ദിച്ച പിതാവ് രാജേഷ് കുമാര്‍ അറസ്റ്റില്‍. കുട്ടിയെ സംരക്ഷിക്കാന്‍ ബാദ്ധ്യതയുള്ള പിതാവ് ദേഹോപദ്രവം ഏല്‍പ്പിച്ച് അപായപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസിലാണ് നടപടി. കുട്ടിയുടെ മര്‍മ്മ ഭാഗത്തും തുടയിലും വയറിലും ബെല്‍റ്റ് കൊണ്ട് അടിച്ചു പരിക്കേല്‍പ്പിച്ചു. ജുവനൈയില്‍ ജസ്റ്റിസ് ആക്ട് അടക്കം വകുപ്പുകള്‍ ചുമത്തി ഇന്നലെ പൊലീസ് കേസെടുത്തിയിരുന്നു. പിന്നാലെ ഇന്ന് രാവിലെ പിതാവിന്റെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

മാസങ്ങളായി കുട്ടിയെ ബെല്‍റ്റും മറ്റ് സാധനങ്ങളും ഉപയോഗിച്ച് മര്‍ദിച്ചിരുന്ന ഇയാളെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ ഇടപെടലിലൂടെയാണു പൊലീസ് കസ്റ്റഡിയിലെടുത്തത്. ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിക്കാണു പിതാവിന്റെ മര്‍ദനമേറ്റത്. രാത്രി മദ്യപിച്ച് വീട്ടിലെത്തുന്ന പിതാവ് മകനെ മര്‍ദിക്കുന്നതിന്റെ വിഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണു സംഭവം പുറംലോകമറിഞ്ഞത്. അമ്മ എടുത്ത വിഡിയോ സ്‌കൂള്‍ അധികൃതര്‍ക്ക് ലഭിക്കുകയും പിന്നീട് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്ക് കൈമാറുകയുമായിരുന്നു. തുടര്‍ന്ന് കൂടല്‍ പൊലീസിനു വിവരം കൈമാറി.

കുട്ടിയുടെ മൊഴി രേഖപ്പെടുത്തി പിതാവിനെതിരെ കേസെടുക്കുകയും തുടര്‍ന്ന് കസ്റ്റഡിയില്‍ എടുക്കുകയുമായിരുന്നു. ഇയാള്‍ മദ്യപിച്ചെത്തി വഴക്കുണ്ടാക്കുന്നതു സംബന്ധിച്ചു കുട്ടിയുടെ അമ്മ കഴിഞ്ഞ 23ന് കൂടല്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് ഇയാളെ സ്റ്റേഷനില്‍ വിളിപ്പിച്ചു താക്കീത് നല്‍കി. പത്ത് വര്‍ഷമായി ഇത്തരത്തില്‍ കുട്ടിയുടെ മാതാവിനെയും ഉപദ്രവിക്കുന്നുണ്ടായിരുന്നു. പല തവണ ഡിഅഡിക്ഷന്‍ സെന്ററില്‍ കൊണ്ടുപോയെങ്കിലും മദ്യപാനം തുടര്‍ന്നു. ഇളയ കുട്ടിയെയും ഇടയ്ക്കിടെ ഇത്തരത്തില്‍ മര്‍ദിക്കാറുണ്ടെന്നാണ് അറിയുന്നത്. കയ്യില്‍ കിട്ടുന്നതെന്തും ഉപയോഗിച്ചായിരുന്നു മര്‍ദനം. പേടിമൂലം കുട്ടി ഈ വിവരം ആരോടും പറഞ്ഞിരുന്നില്ല.

ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയാണ് (സിഡബ്ല്യുസി) പൊലീസിന് പരാതി നല്‍കിയത്. ബെല്‍റ്റ് ഉപയോഗിച്ച് കുട്ടിയെ അടിക്കുന്നത് പുറത്തുവന്ന ദൃശ്യങ്ങളില്‍ കാണാം. കൂടല്‍ സ്റ്റേഷന്‍ പരിധിയിലെ നെല്ലി നുരുപ്പ എന്ന സ്ഥലത്തുള്ള വീട്ടിലാണ് സംഭവമുണ്ടായത്. തുറന്നിട്ടിരുന്ന വാതിലിലൂടെ ഒരു ബന്ധുവാണ് വീഡിയോ ചിത്രീകരിച്ചതെന്നും പറയുന്നു. പിന്നാലെ ദൃശ്യങ്ങള്‍ സിഡബ്യുസി ചെയര്‍മാന് നല്‍കി. പ്രാഥമികാന്വേഷണം നടത്തിയ ശേഷം ദൃശ്യങ്ങള്‍ സഹിതം കൂടല്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ക്ക് പരാതി നല്‍കുകയായിരുന്നു. കുട്ടിയുടെ പിതാവ് ലഹരിക്കടിമയാണെന്നാണ് സൂചന.