കൊല്ലം: മകളുടെ വിവാഹം ഉറപ്പിച്ചതിനെ തുടര്‍ന്നുണ്ടായ പകയാണ് മകനെ കുത്തിക്കൊലപ്പെടുത്താന്‍ കാരണമെന്ന് സമ്മതിച്ച് ഫെബിന്റെ അമ്മ ഡെയ്‌സിയുടെ മൊഴിയും പോലീസിന്. മകളും തേജസ് രാജും തമ്മില്‍ ദീര്‍ഘകാല പരിചയമുണ്ടായിരുന്നു. ബാങ്ക് പരീക്ഷാ കോച്ചിംഗ് ക്ലാസിലെ ഒരുമിക്കലാണ് വിവാഹ ആലോചനയിലേക്ക് കാര്യങ്ങളെത്തിയതെന്നും അമ്മ പറയുന്നു. ഇതോടെ പകയുടെ കാരണം കൂടുതല്‍ വ്യക്തമാകുകയാണ്. മകളും ചവറ സ്വദേശി തേജസ്സും ക്രിസ്തുരാജ് സ്‌കൂളില്‍ ഒന്നിച്ചാണു പഠിച്ചത്. കോവിഡ് കാലത്ത് പഴയ സുഹൃത്തുക്കളുടെ വാട്‌സാപ് ഗ്രൂപ്പ് രൂപീകരിച്ചപ്പോഴാണു സൗഹൃദം ശക്തമായത്. ബാങ്ക് പരീക്ഷ പരിശീലനത്തിലും ഒന്നിച്ചായിരുന്നു. ഇതോടെ പ്രണയം ശക്തമാി. അങ്ങനെയാണ് വിവാഹ ആലോചനയിലേക്കു കാര്യങ്ങള്‍ എത്തിയത്.

തേജസ്സിന്റെ കുടുംബം വിവാഹ ആലോചനയുമായി വീട്ടിലെത്തിയെന്നും ഇരുവര്‍ക്കും ജോലി ലഭിക്കുന്ന സമയത്ത് വിവാഹം നടത്താമെന്നുമായിരുന്നു കുടുംബങ്ങള്‍ തമ്മിലുണ്ടായിരുന്ന തീരുമാനമെന്നും മൊഴിയില്‍ പറയുന്നു. മകള്‍ക്ക് കഴിഞ്ഞ വര്‍ഷം മേയില്‍ ഫെഡറല്‍ ബാങ്കില്‍ ജോലി ലഭിച്ച് കോഴിക്കോട്ടേക്കു പോയി. പിന്നീട് മകളും തേജസ്സുമായി ബന്ധം വഷളായി. തുടര്‍ന്ന്, വിവാഹത്തിനു താല്‍പര്യമില്ലെന്ന് മകള്‍ തന്നെ തേജസ്സിന്റെ പിതാവിനെ അറിയിച്ചിരുന്നു. മറ്റൊരു വിവാഹം ഈ മാസം ഒന്‍പതിനാണ് ഉറപ്പിച്ചത്. തുടര്‍ന്നുണ്ടായ പകയാണ് മകന്റെ കൊലപാതകത്തില്‍ എത്തിച്ചതെന്നും ഈസ്റ്റ് പൊലീസില്‍ നല്‍കിയ മൊഴിയില്‍ പറയുന്നു. തേജസ് രാജിന്റെ അച്ഛന്‍ ക്രൈംറിക്കോര്‍ഡ്‌സ് ബ്യൂറോയിലെ ഗ്രേഡ് എസ് ഐയായ രാജുവാണ്. രാജുവും ഇക്കാര്യങ്ങള്‍ പോലീസിനെ അറിയിച്ചിട്ടുണ്ട്. ഫെബിന്റെ സഹോദരിയും ഇതെല്ലാം സമ്മതിക്കുന്നു. ഇതോടെ ഫെബിന്റെ കൊലപാതകത്തിലെ പക പോലീസ് ഉറപ്പിക്കുകയാണ്.

തേജസ് രാജ് വീട്ടിലേക്ക് എത്തിയത് പര്‍ദ ധരിച്ചെന്ന് കൊല്ലപ്പെട്ട ഫെബിന്റെ അമ്മ ഡെയ്‌സി പറഞ്ഞിരുന്നു. കോളിംഗ് ബെല്‍ അടിച്ച് വാതില്‍ തുറന്ന ഉടനെ തേജസ് വീടിനുള്ളിലേക്ക് ഓടിക്കയറി. മുഖം വ്യക്തമായി തന്നെ കണ്ടു. കയ്യിലുണ്ടായിരുന്ന പെട്രോള്‍ തേജസ് വീടിനുള്ളില്‍ ഒഴിച്ചു. തുടര്‍ന്നായിരുന്നു ആക്രമണമെന്നും അമ്മ ഡെയ്‌സി പറഞ്ഞു. ആക്രമണത്തിന് ശേഷം കൂസലില്ലാതെ തേജസ് നടന്നുപോയെന്നും അമ്മ ഡെയ്‌സി കൂട്ടിച്ചേര്‍ത്തു. അതേ സമയം തേജസിനെക്കുറിച്ച് മോശം അഭിപ്രായം നാട്ടുകാരോ ബന്ധുക്കളോ പറയുന്നില്ല, ക്രിമിനല്‍ പശ്ചാത്തലമൊന്നും ഇല്ലെന്നാണ് നാട്ടുകാരുടെ അഭിപ്രായം. അയല്‍വാസികളുമായും നല്ല ബന്ധത്തിലായിരുന്നു. ഫെബിന്‍ ജോര്‍ജ് ഗോമസിന്റെ കൊലപാതകം ഏറെ കണക്കുകൂട്ടലുകളോടെയെന്നു പൊലീസ് തിരിച്ചറിയുന്നുണ്ട്. ഫെബിനെ കുത്തിക്കൊലപ്പെടുത്തിയ നീണ്ടകര പുത്തന്‍തുറ സ്വദേശി തേജസ്സ് രാജ് ജീവനൊടുക്കിയതും ആസൂത്രണത്തിന്റെ ഭാഗമാണെന്നും അന്വേഷണം സംഘം വെളിപ്പെടുത്തുന്നു. തിങ്കളാഴ്ച വൈകിട്ട് ഫെബിനെ കുത്തിയ ശേഷം തേജസ്സ് ചെമ്മാന്‍മുക്ക് റെയില്‍വേ ഓവര്‍ ബ്രിജിന് അടുത്ത് ട്രെയിനിനു മുന്നില്‍ ചാടി ജീവനൊടുക്കുകയായിരുന്നു.

ഫെബിന്റെയും തേജസ്സിന്റെയും കുടുംബങ്ങള്‍ തമ്മില്‍ പരിചയമുണ്ട്. എന്നാല്‍, നിലവില്‍ അകല്‍ച്ചയിലായതിനാല്‍ വീട്ടിലേക്കു പ്രവേശിപ്പിക്കില്ലെന്നു കരുതിയാകണം കറുത്ത വസ്ത്രം ധരിച്ച് ഫെബിന്റെ വീട്ടിലേക്ക് എത്തിയതെന്നാണ് നിഗമനം. സംഭവത്തിനു മുന്‍പും ആസൂത്രണത്തിന്റെ ഭാഗമായി ഇവിടെ പലതവണ എത്തിയിട്ടുണ്ടാകുമെന്നും പൊലീസ് സംശയിക്കുന്നു. ആക്രമണത്തിനു ശേഷം തേജസ്സ് റെയില്‍വേ മേല്‍പാലത്തിന് അടിയില്‍ എത്തിയ കാര്‍ ഇന്നലെ ഫൊറന്‍സിക് വിദഗ്ധര്‍ പരിശോധിച്ച ശേഷം ഈസ്റ്റ് പൊലീസ് സ്റ്റേഷനിലേക്കു മാറ്റി. കാറില്‍ കരുതിയിരുന്ന രണ്ടു ടിന്‍ പെട്രോളില്‍ ഒരു ടിന്നുമായാണ് തിങ്കളാഴ്ച വൈകിട്ട് ഏഴോടെ ഫെബിന്റെ വീട്ടിലെത്തിയത്. മുറിയില്‍ പെട്രോള്‍ ഒഴിച്ച ശേഷം നടന്ന തര്‍ക്കത്തിനിടയിലാണ് ഫെബിന്റെ വീട്ടിലെ കത്തിയെടുത്തു തേജസ്സ് കുത്തിയത്. ഫെബിന്റെ സഹോദരിയെ കൊലപ്പെടുത്താനാണ് തേജസ്സ് എത്തിയതെന്നാണ് പൊലീസ് സംശയിക്കുന്നത്. പക്ഷേ, സഹോദരി അവിടെ ഉണ്ടായിരുന്നില്ല. പിതാവ് ജോര്‍ജ് ഗോമസിനും കുത്തേറ്റിരുന്നു.

ഫെബിന്റെ സംസ്‌കാരം ഇന്നു രാവിലെ 11.30ന് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് അടുത്തുള്ള സെമിത്തേരിയില്‍ നടക്കും. ഫാത്തിമാ മാതാ നാഷനല്‍ കോളജില്‍ രണ്ടാം വര്‍ഷ ബിസിഎ വിദ്യാര്‍ഥിയാണ് ഫെബിന്‍. തേജസ്സ് രാജിന്റെ (23) സംസ്‌കാരം ഇന്നലെ വൈകിട്ട് വീട്ടുവളപ്പില്‍ നടന്നു.