- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒൻപത് വർഷത്തെ തീവ്രപ്രണയത്തിന് ഒടുവിൽ സ്ത്രീധനവും വേണം മതവും മാറണം; മതം മാറിയില്ലെന്ന പേരിൽ കാമുകന്റെ ഉപേക്ഷിക്കൽ; ആലത്തൂരിൽ 23 കാരി മുഹ്സിന ആത്മഹത്യ ചെയ്തു; താൻ വേറെ പെണ്ണുകെട്ടുമെന്നും യുവതിയുടെ വീട്ടുകാരെ പച്ചയ്ക്ക് കത്തിക്കുമെന്നും ഭീഷണിപ്പെടുത്തുന്ന ഓഡിയോ പുറത്തുവന്നിട്ടും പ്രതി റൈജുവിനെ സംരക്ഷിച്ച് പൊലീസ്
പാലക്കാട്: ഒൻപത് വർഷം നീണ്ട പ്രണയത്തിനൊടുവിൽ കാമുകൻ വിവാഹ വാഗ്ദാനത്തിൽനിന്നു പിന്മാറിയതോടെ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ രണ്ടാഴ്ചയയായിട്ടും പ്രതിയെ അറസ്റ്റ് ചെയ്യാതെ സംരക്ഷിച്ച് ആലത്തൂർ പൊലിസ്. വ്യത്യസ്ത സമുദായങ്ങളിൽ പെട്ടവരായിരുന്നു യുവാവും യുവതിയും. തുടക്കത്തിൽ ജാതിയും മതവും നോക്കാതെ വിവാഹം കഴിച്ച് ഒന്നിച്ച് ജീവിക്കാമെന്ന വാഗ്ദാനത്തിൽ ഇരുവരും എത്തിയിരുന്നെങ്കിലും വടക്കൻഞ്ചേരി എളവംമ്പാടം സ്വദേശിയായ റൈജുവിന്റെ വീട്ടുകാർ സ്ത്രീധനം ചോദിക്കുകയും പെൺകുട്ടിയെ യുവാവ് ഉൾപ്പെട്ട ക്രിസ്തുമതത്തിലേക്കു മാറണമെന്നും ആവശ്യപ്പെടുകയായിരുന്നു.
പിന്നീടാണ് യുവാവ് ഏറെക്കാലം പലയിടങ്ങളിലായി ഒന്നിച്ച് കറങ്ങാൻ കൊണ്ടുപോയ പാവപ്പെട്ട വീട്ടിലെ പെൺകുട്ടിയെ നിഷ്കരുണം മതംമാറാൻ തയാറാവാത്തതിന്റെ പേരിൽ ഉപേക്ഷിച്ചത്. ഇതിൽ മനംനൊന്തായിരുന്നു ആലത്തൂർ വാനൂർ ലക്ഷംവീട്ടിലെ മുഹ്സിന(23) സെപ്റ്റംബർ പത്തിന് രാവിലെ ആത്മഹത്യയിൽ അഭയംപ്രാപിച്ചത്. സ്ത്രീധനത്തിനൊപ്പം മതംമാറ്റവും ആവശ്യപ്പെട്ടതോടെയാണ് നിവൃത്തിയില്ലാതെ യുവതി ആത്മഹത്യ ചെയ്തതെന്ന് അയൽവാസിയായ ലക്ഷംവീട്ടിൽ ഷെമീർ ഉൾപ്പെടെയുള്ളവർ വ്യക്തമാക്കി.
രാവിലെ പത്തരക്കായിരുന്നു മുഹ്സിന ആത്മഹത്യ ചെയ്തത്. അതിന് ഒരു മണിക്കൂർ മുൻപുവരെ അവളെ അയൽവാസികൾ ഫോൺചെയ്യുന്ന നിലയിൽ വീട്ടിന് പുറത്ത് കണ്ടിരുന്നു. തലേന്ന് രാത്രി അടുത്ത കൂട്ടുകാരികളെ വിളിച്ചപ്പോഴും തനിക്ക് ആത്മഹത്യയല്ലാതെ നിർവാഹമില്ലെന്ന് മുഹ്സിന അറിയിച്ചിരുന്നു. കൂട്ടുകാരികൾ കടുംകൈയൊന്നും ചെയ്യരുതെന്നും എല്ലാറ്റിനും പരിഹാരമുണ്ടാക്കാമെന്നും ഉറപ്പുനൽകിയിരുന്നു. ഒടുവിൽ മുഹ്സിനയും റൈജുവും ഫോണിൽ വഴക്കിട്ടതായും അവൾ പറഞ്ഞതായി അയൽവാസികൾ. മരിക്കുന്നതിന് മുൻപായി റൈജുവിന്റെ നമ്പർ ഒഴികേ താൻ വിളിച്ച കൂട്ടുകാരികളുടെ നമ്പറുകളെല്ലാം മുഹ്സിന ഡിലീറ്റ് ചെയ്തിരുന്നു.
റൈജുവിന്റെയും മുഹ്സിനയുടെയും സംഭാഷണം റെക്കാർഡ് ചെയ്തിരിക്കുന്ന മുഹ്സിനയുടെ ഫോൺ മരണം നടന്ന ദിവസം അന്വേഷണത്തിന് എത്തിയ പൊലിസ് കൊണ്ടുപോയിരുന്നു. മുഹ്സിനയുടെ മരണത്തിൽ റൈജുവിന് പങ്കില്ലെന്നു സ്ഥാപിക്കാൻ അതിലെ സുപ്രധാന തെളിവായ ഇരുവരുമുള്ള സംഭാഷണം ഉൾപ്പെടെയുള്ളവ അന്വേഷണ സംഘത്തിന്റെ നേതൃത്വത്തിൽ നശിപ്പിക്കപ്പെട്ടേക്കാമെന്നു ഭയക്കുന്നതായി മുഹ്സിനയുടെ വീട്ടുകാരും അയൽവാസികളും പറയുന്നു. സംഭവശേഷം വീട്ടിൽ എത്തിയ എസ് ഐ കാമുകനായ റൈജുവിന്റെ ഭാഗത്ത് തെറ്റൊന്നുമില്ലെന്ന് പറഞ്ഞതും ഇവരുടെ സംശയം വർധിപ്പിക്കുകയാണ്.
കാസർകോട്ടും മറ്റൊരിടത്തുമായി രണ്ട് പീഡനക്കേസുകളിൽ റൈജു പ്രതിയായിരുന്നതായും രണ്ടാഴ്ചയോളം ജയിലിൽ കിടന്നതായും വിവരമുണ്ട്. ഇതിൽ ഒരു സംഭവത്തിൽ യുവതിയുടെ ബന്ധുക്കൾക്ക് ഒന്നരലക്ഷം രൂപ നൽകി കേസ് ഒതുക്കിത്തീർക്കുകയായിരുന്നെന്നും ആരോപണമുണ്ട്. യുവതിയുടെ വീട്ടിലെ സ്ഥിരം സന്ദർശകനായിരുന്ന റൈജു, മുഹ്സിനക്കൊപ്പം പതിവായി ദീർഘനേരത്തേക്കു പുറത്തുപോയിരുന്നതായും അയൽവാസികൾ സക്ഷ്യപ്പെടുത്തുന്നു.
തന്റെ ആഗ്രഹങ്ങളെല്ലാം സാധിച്ചശേഷം യുവതിയെ നിഷ്കരുണം ഉപേക്ഷിക്കാൻ തീരുമാനിച്ചതാണ് ആത്മഹത്യക്ക് ഇടയാക്കിയതെന്നാണ് സംസാരം. എന്നാൽ ഈ രീതിയിൽ യാതൊരു അന്വേഷണത്തിനും പ്രതിയെന്ന് ആരോപിക്കുന്ന റൈജുവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാനുമൊന്നും പൊലിസ് ഇതുവരെയും തയാറായിട്ടില്ല. റൈജുവിന്റെയും കുടുംബത്തിന്റെയും സാമ്പത്തിക സ്ഥിതിയും സ്വാധീനവുമാണ് പാവപ്പെട്ടവളും നിരാലംബയുമായ ഒരു യുവതിയെ ആത്മഹത്യയിലേക്കു എത്തിച്ചതെന്നാണ് ഏവരും പറയുന്നത്.
കാമുകനായ റൈജുവും മുഹ്സിനയുടെ മാതാവും തമ്മിലുള്ള സംഭാഷണങ്ങളും പുറത്തുവന്നിട്ടുണ്ട്. തന്റെ മോളെ നീയെന്താടാ കാട്ടിയിരിക്കുന്നതെന്ന ചോദ്യത്തിന് റൈജു നടത്തുന്ന വധഭീഷണിയും ഇതിലുണ്ട്. ഇരുവരും സംസാരിച്ച് വഴക്കിലേക്കു എത്തുകയും ഒരു മാസം കൊണ്ട് താൻ പെണ്ണുകെട്ടുമെന്നു പറയുന്നതും നിങ്ങളൊന്നും കൂട്ടിയാൽ ഒന്നും നടക്കില്ലെന്നും പച്ചക്കു കത്തിക്കുമെന്നുമെല്ലാം ഭീഷണിപ്പെടുത്തുന്നതും വോയ്സ് ക്ലിപ്പിലുണ്ട്. നീ വേറെ പെണ്ണുകെട്ടുന്നത് കാണണമെന്നു മാതാവ് പറയുന്നതിനാണ് ഈ ഭീഷണി.
റൈജുവിന്റെ ക്രൂരതയാണ് യുവതിയെ ആത്മഹത്യയിലേക്കു എത്തിച്ചതെന്ന് പകൽ പോലെ വ്യക്തമായിട്ടും നടപടി സ്വീകരിക്കാൻ പൊലിസ് അലംഭാവം കാണിക്കുന്നതിൽ കോളനി നിവാസികൾ ഒന്നടങ്കം രോഷത്തിലാണ്. ലക്ഷംവീടുമായി ബന്ധപ്പെട്ട് ഉണ്ടാവുന്ന കേസുകളിലും പരാതികളിലുമൊന്നും പൊലിസ് അന്വേഷണം നടത്താനോ, പരാതികൾക്ക് പരിഹാരം കണ്ടെത്താനോ ശ്രമിക്കാറില്ലെന്നാണ് നാട്ടുകാരുടെ ആരോപണം. തങ്ങളെപ്പോലുള്ളവർ സാമ്പത്തികമായി താഴെത്തട്ടിൽ നിൽക്കുന്നതിനാലാണ് തന്റെ മകളെ കാമുകന്റെ നിലപാട് മരണത്തിലേക്കു നയിച്ചിട്ടും പൊലിസ് ഉൾപ്പെടെയുള്ള അധികാരികൾ അനങ്ങാത്തതെന്ന് മുഹ്സിനയുടെ മാതാവ് സഈദ വ്യക്തമാക്കി. ഹോംനേഴ്സായി ജോലിക്കുപോകുന്ന മാതാവും ലോട്ടറി കച്ചവടക്കാരനായി പിതാവ് മുഹമ്മദലിയും ഒരു സഹോദരിയും ഉൾപ്പെടുന്നതായിരുന്നു റുക്സാനയുടെ കുടുംബം. മുഹ്സിനയുടെ മരണത്തിന് ഉത്തരവാദിയായവരെ നിയമത്തിന് മുന്നിൽ എത്തിക്കാൻ പ്രക്ഷോഭങ്ങൾക്ക് ഒരുങ്ങുകയാണ് കോളനി നിവാസികൾ.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്