- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
സിസിടിവി ദൃശ്യങ്ങളിൽ തെളിഞ്ഞ മുഖംമൂടി ധാരികൾ; ബൈക്ക് ഗേറ്റിന് മുന്നിൽ നിർത്തി തുരുതുരാ വെടിവെയ്പ്പ്; കാതടപ്പിക്കുന്ന ശബ്ദം കേട്ട് നാട്ടുകാർ അടക്കം നടുങ്ങി; എല്ലാത്തിനും കാരണം ആ പരസ്യം
ഗുഡ്ഗാവ്: പ്രമുഖ യൂട്യൂബറും റിയാലിറ്റി ഷോ താരവുമായ എൽവിഷ് യാദവിന്റെ ഗുഡ്ഗാവിലുള്ള വസതിക്ക് നേരെ വെടിവെയ്പ്പ്. ഇന്ന് പുലർച്ചെ അഞ്ച് മണിയോടെയാണ് സംഭവം നടന്നത്. മുഖംമൂടി ധരിച്ചെത്തിയ മൂന്നംഗ സംഘമാണ് അക്രമം നടത്തിയത്. ഏകദേശം 25 മുതൽ 30 തവണയാണ് ഇവർ വെടിയുതിർത്തത്. സംഭവസമയം എൽവിഷ് യാദവ് വീട്ടിൽ ഉണ്ടായിരുന്നില്ല.
വെടിവെപ്പ് നടത്തിയതിന് പിന്നാലെ സംഘം സംഭവസ്ഥലത്ത് നിന്ന് കടന്നുകളഞ്ഞു. ഹിമാൻഷു ബസു ഗ്യാങ് എന്ന സംഘമാണ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരിക്കുന്നത്. വാതുവെപ്പ് ഉൾപ്പെടെയുള്ള ചൂതാട്ടങ്ങൾ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുന്നതിനെതിരെയുള്ള മുന്നറിയിപ്പായാണ് ഈ ആക്രമണത്തെ സംഘം വിശദീകരിക്കുന്നത്. നിരവധി കുടുംബങ്ങളെ ചൂതാട്ടം തകർത്തെന്നും ഇത് ഒരു മുന്നറിയിപ്പായി കണക്കിലെടുക്കണമെന്നും സംഘം വ്യക്തമാക്കി.
അതേസമയം, മകൻ ഏതെങ്കിലും ചൂതാട്ട പരസ്യങ്ങളിൽ പ്രത്യക്ഷപ്പെട്ടതായി തനിക്ക് അറിയില്ലെന്നും തങ്ങൾക്ക് ഇതുവരെ ഭീഷണികളൊന്നും ലഭിച്ചിട്ടില്ലെന്നും എൽവിഷ് യാദവിന്റെ കുടുംബം പ്രതികരിച്ചു. അക്രമികൾ ബൈക്കിലെത്തിയാണ് വെടിവെപ്പ് നടത്തിയതെന്നും, അതിൽ രണ്ടുപേർ വീട്ടുഗേറ്റിന് സമീപമെത്തി വെടിയുതിർക്കുകയായിരുന്നെന്നും കുടുംബം പോലീസിന് മൊഴി നൽകി.
സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം തുടങ്ങി. ഗുഡ്ഗാവിലുള്ള എൽവിഷ് യാദവിന്റെ വസതിയിലെത്തിയ പോലീസ് സംഘം തെളിവുകൾ ശേഖരിക്കുകയും സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയും ചെയ്തു. കുടുംബം ഔദ്യോഗികമായി പരാതി നൽകിയതിന് ശേഷം കൂടുതൽ നിയമനടപടികൾ സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു. ചൂതാട്ട പ്രൊമോഷനെതിരെയുള്ള മുന്നറിയിപ്പുമായി നടന്ന ഈ ആക്രമണം വലിയ ചർച്ചകൾക്ക് തന്നെ വഴിതുറന്നിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുന്നതായും പോലീസ് പറഞ്ഞു.