- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
കുറഞ്ഞ നിരക്ക് കാണിച്ച് ആകര്‍ഷിക്കും; പറക്കാന്‍ ആഗ്രഹിക്കുന്നവരെ തേടി പിടിച്ച് കണ്ണില്‍ പൊടിയിടും; കാര്യം കഴിഞ്ഞാല്‍ ഫോണ്‍ സ്വിച്ച് ഓഫ്; വിമാന ടിക്കറ്റ് ബുക്കിങ്ങിന്റെ മറവില്‍ നടക്കുന്നത് വന്‍ കൊള്ള; 'സിറ ഇന്റര്‍നാഷണല്‍ ട്രാവല്‍സിന്റെ' ചതിയില്‍ വീണത് നിരവധി പേര്; നഷ്ടപ്പെട്ടത് ലക്ഷങ്ങള്‍; എറണാകുളത്തെ ഉണ്ണിമായ മായയായി തുടരുമ്പോള്‍
കൊച്ചി: വിമാന ടിക്കറ്റ് ബുക്കിങ്ങിന്റെ മറവില്‍ വന്‍ തട്ടിപ്പ്. എറണാകുളത്തുള്ള സിറ ഇന്റര്‍നാഷണല്‍ ട്രാവല്‍സിനെതിരെയാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. സ്ഥാപന ഉടമസ്ഥരായ ഷിനോയ്, ഉണ്ണിമായ എന്നിവരാണ് തട്ടിപ്പിന് പിന്നിലെന്നാണ് പരാതി. സംസ്ഥാനത്ത് ഉടനീളം നിരവധി പേരില്‍ നിന്ന് ലക്ഷങ്ങളാണ് തട്ടിയെടുത്തിരിക്കുന്നത്. ടിക്കറ്റ് നിരക്ക് കുറച്ച് നല്‍കിയാണ് ഇവര്‍ ആളുകളെ ആകര്‍ഷിക്കുന്നത്. അതുപോലെ ഇവര്‍ സ്ഥിരം പ്രതികളെന്നും വിവരം ഉണ്ട്. 2024ല്‍ ഷിനോയിനെയും ഉണ്ണിമായയെയും ഇതേ തട്ടിപ്പ് കേസില്‍ അറസ്റ്റ് ചെയ്തിരുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം ഉര്‍ജ്ജിതമായിരിക്കുകയാണ്.
ഇവര്‍ നിരവധി ജില്ലകളില്‍ തട്ടിപ്പ് നടത്തുന്നുണ്ടെന്നാണ് വിവരം. ആരോപണ വിധേയമായ സ്ഥാപനം വഴി യുകെയില്‍ നിന്ന് കൊച്ചിക്കാണ് കായകുളം സ്വദേശി ടിക്കറ്റ് ബുക്ക് ചെയ്തത്. ഏപ്രില്‍ മാസത്തേക്കാണ് ടിക്കറ്റ് ബുക്ക് ചെയ്തിരുന്നത്. ഒടുവില്‍ യാത്രാ സമയത്ത് 'വിസ' വാലിഡ് അല്ല എന്ന കള്ളം പറഞ്ഞ് ടിക്കറ്റ് ക്യാന്‍സല്‍ ചെയ്യാന്‍ പോവുകയാണ് എന്ന് പറഞ്ഞു. അപ്പോള്‍ പരാതിക്കാരന്‍ ഇത് ശരിയായ വിസ ആണെന്ന് വാദിച്ചെങ്കിലും, അത് ഗൗനിക്കാതെ ടിക്കറ്റ് റദ്ദാക്കി.
ടിക്കറ്റിന്റെ പണം തിരികെ ചോദിച്ചപ്പോള്‍, ചെക്ക് അയച്ച് കൊടുത്തെങ്കിലും അത് വണ്ടിചെക്കായിരുന്നു. പിന്നീട് ഇവരെ വിളിച്ചപ്പോള്‍ കിട്ടുന്നില്ല. വെബ്സൈറ്റില്‍ കയറി ഷിനോയിയുടെ നമ്പര്‍ എടുത്ത് കാര്യം തിരക്കിയപ്പോള്‍ സാങ്കേതിക പ്രശ്നം ആയിരിക്കുമെന്ന് ന്യായീകരിച്ചു പിന്നീട് വിളിച്ചപ്പോള്‍ ഇയാളുടെ ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നു. അങ്ങനെ ചതി പറ്റിയെന്നു മനസിലായി. ഏകദേശം ഒരുലക്ഷത്തി അറുപത്തി എണ്ണായിരം രൂപ വരെ നഷ്ടമായെന്നും പരാതിക്കാരന്‍ പറയുന്നു.
കോഴിക്കോട് സ്വദേശിയും തട്ടിപ്പിന് ഇരയായി
കോഴിക്കോട് മക്കാട് സ്വദേശിയും സമാന രീതിയില്‍ തട്ടിപ്പിന് ഇരയായി. മാഞ്ചസ്റ്ററില്‍ നിന്നും കോഴിക്കോട്ടേക്ക് വരുന്നതിനും, കോഴിക്കോട്ട് നിന്നും തിരികെ മാഞ്ചസ്റ്ററിലേക്ക് പോകുന്നതിനുമായി രണ്ടു ടിക്കറ്റുകള്‍ തരപ്പെടുത്തി തരാമെന്ന്് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. പരാതിക്കാരന്റെ പക്കല്‍ നിന്നും സിറയുടെ ഉടമയായ ഒന്നാം പ്രതി ഷിനോയി ഫോണ്‍ പേ വഴി ഏകദേശം അറുപത്തിത്തൊമ്പതിനായിരത്തി എണ്ണൂറ്റി ഇരുപത് രൂപയാണ് തട്ടിയെടുത്തത്. ഖത്തര്‍ എയര്‍വേസിലാണ് ടിക്കറ്റ് തരപ്പെടുത്തി കൊടുക്കാമെന്ന് പറഞ്ഞത്. എന്നാല്‍, ഖത്തര്‍ എയര്‍വേസുമായി ബന്ധപ്പെട്ടപ്പോള്‍ ആണ് തട്ടിപ്പിന് ഇരയായ വിവരം മനസിലായത്. സ്ഥാപനത്തിലെ രണ്ടു ജീവനക്കാരും തട്ടിപ്പിന് പിന്നില്‍ ഉണ്ട്. പ്രതികള്‍ക്കെതിരെ ഭാരതീയ ന്യായ സംഹിതയിലെ 316(2), 318(4), 3(5) വകുപ്പുകള്‍ പ്രകാരം പൊലീസ് കേസെടുത്തിട്ടുണ്ട്.
ആലപ്പുഴ സ്വദേശിയെയും കുഴിയില്‍ വീഴിച്ചു
ലണ്ടനിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്ത് തരാമെന്ന് വിശ്വസിപ്പിച്ചാണ് ആലപ്പുഴ സ്വദേശിയെ വഞ്ചിച്ചത്. 63,000 രൂപക്ക് എയര്‍ ടിക്കറ്റ് എടുത്തുകൊടുക്കാമെന്ന് പറഞ്ഞതിന് ശേഷം ബുക്കിങ് സമയത്ത് റേറ്റ് കൂടിയെന്ന് പറഞ്ഞ് 69,732 രൂപ വാങ്ങിയെടുത്തെന്നാണ് കേസ്. സമാന രീതിയില്‍ നിരവധി പരാതികളാണ് പ്രതികള്‍ക്കെതിരെ ഉയര്‍ന്നുവരുന്നത്. പ്രതികള്‍ ഇപ്പോള്‍ ഒളിലിലാണ്. ഇവരുടെ ഫോണും സ്വിച്ച് ഓഫാണ്. സംഭവത്തില്‍ പോലീസ് അന്വേഷണം തുടരുകയാണ്.
അതേസമയം, 2024ല്‍ ഷിനോയിനെയും ഉണ്ണിമായയെയും വിമാന ടിക്കറ്റ് തട്ടിപ്പ് കേസില്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. വിമാന ടിക്കറ്റ് ബുക്കിങ്ങിന്റെ മറവില്‍ ഇരുപതോളം പേരില്‍ നിന്ന് പത്ത് ലക്ഷത്തിലധികം രൂപ തട്ടിയ കേസിലാണ് അന്ന് പോലീസ് വലയില്‍ കുടുങ്ങിയത്. ലണ്ടനിലേക്ക് പോകാനും തിരിച്ചുവരാനുമുള്ള ടിക്കറ്റെടുത്തു നല്‍കാമെന്നു പറഞ്ഞാണ് ഇവര്‍ പണം വാങ്ങിയിരുന്നത്. കസ്റ്റമര്‍ പറയുന്ന തീയതിക്ക് നാലു ദിവസം മുന്‍പോ ശേഷമോ ആണ് ടിക്കറ്റ് ബുക്ക് ചെയ്ത് നല്‍കിയിരുന്നത്. കസ്റ്റമര്‍ ഇക്കാര്യം ചോദ്യം ചെയ്താല്‍ ടിക്കറ്റ് കാന്‍സല്‍ ചെയ്യേണ്ടി വരുമെന്ന് ഭീഷണി മുഴക്കും.
കൊടുത്ത പണം ആവശ്യപ്പെട്ടാല്‍ കാന്‍സല്‍ ചെയ്ത് 70 ദിവസത്തിനു ശേഷം ലഭിക്കുമെന്ന മറുപടിയാണ് നല്‍കുക. അല്ലെങ്കില്‍ 50 ശതമാനം തുകയേ തിരിച്ചുകിട്ടൂ എന്നും പറയും. ചിലരോട് ഒരു രൂപ പോലും തിരികെ കിട്ടില്ലെന്നും പറഞ്ഞതായും പരാതി ഉണ്ട്. കൂടുതല്‍ പണം നല്‍കിയാല്‍ ആവശ്യപ്പെട്ട സമയത്ത് ടിക്കറ്റ് നല്‍കാമെന്നും ഇവര്‍ വാഗ്ദാനം ചെയ്തിരുന്നുവെന്നും സൗത്ത് പോലീസ് പറയുന്നു.
മാവേലിക്കര സ്വദേശിയില്‍നിന്ന് 69,000 രൂപയും കൊല്ലം സ്വദേശിയില്‍നിന്ന് 76,000 രൂപയും തട്ടിയ കേസിലാണ് അന്ന് ഉണ്ണിമായ അറസ്റ്റിലായത്.