കൊച്ചി: മുന്‍ കാമുകിയുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് നഗ്ന ദൃശ്യങ്ങളായി പ്രചരിപ്പിച്ച ഫുട്ബോള്‍ താരത്തെ സൈബര്‍ പോലീസ് അറസ്റ്റ് ചെയ്തു. കൊട്ടാരക്കര സ്വദേശി കെ.കെ. ഹോബിനെയാണ് കൊച്ചി സിറ്റി സൈബര്‍ പൊലീസ് കസ്റ്റഡിയിലെടുത്തത്. ബെംഗളൂരു നോര്‍ത്ത് ഫുട്ബോള്‍ ക്ലബിന് വേണ്ടി കളിക്കുന്ന താരമാണ് പ്രതി.

ഏപ്രില്‍ 11-നാണ് യുവതി കൊച്ചി സിറ്റി സൈബര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. തുടര്‍ന്നുണ്ടായ അന്വേഷണത്തിലാണ് ഹോബിനെതിരെയുള്ള തെളിവുകള്‍ പോലീസ് ശേഖരിച്ചത്. കേസ് രജിസ്റ്റര്‍ ചെയ്തതിനു പിന്നാലെ പ്രതി മുന്‍കൂര്‍ ജാമ്യം തേടിയെങ്കിലും സെഷന്‍സ് കോടതിയും, പിന്നീട് ഹൈക്കോടതിയിലും ജാമ്യാപേക്ഷകള്‍ തള്ളിയിരുന്നു.

ജാമ്യം ലഭിക്കാതെ വന്നതോടെ പ്രതി സൈബര്‍ പോലീസ് സ്റ്റേഷനില്‍ ഹാജരായി. തുടര്‍ന്ന് അറസ്റ്റ് ചെയ്ത ഹോബിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. സൈബര്‍ ക്രിമിനല്‍ കേസിനെതിരെ ശക്തമായ നടപടി തുടരുമെന്ന് പൊലീസ് വ്യക്തമാക്കി.