ബെംഗളൂരു: കര്‍ണാടക മുന്‍ ഡിജിപി ഓം പ്രകാശിന്റെ കൊലപാതകത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തു. ഭാര്യ പല്ലവിയാണ് ഓം പ്രകാശിനെ കൊലപ്പെടുത്തിയതെന്നാണ് പുറത്തുവരുന്ന വിവരം. ഭാര്യ പല്ലവിയുടെ മൊഴിയുടെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. കഴിഞ്ഞ ഒരാഴ്ചയായി വീട്ടില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു വെന്ന് ഡിജിപിയുടെ ഭാര്യ പല്ലവി മൊഴി നല്‍കി. തോക്ക് ചൂണ്ടി തന്നെയും മകളെയും കൊലപ്പെടുത്തുമെന്ന് ഓം പ്രകാശ് ഭീഷണിപ്പെടുത്തി. ഇതോടെ സ്വയരക്ഷക്കായാണ് താന്‍ കൃത്യം നടത്തിയതെന്നാണ് ഇവര്‍ പറഞ്ഞത്.

ഇന്നലെ രാവിലെ മുതല്‍ വീട്ടില്‍ വെച്ച് ഇരുവരും തമ്മില്‍ തര്‍ക്കം ഉണ്ടായിരുന്നു. സ്വത്തു തര്‍ക്കമായിരുന്നു വിഷയം. ഇതിനിടയില്‍ ഓം പ്രകാശ് തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി. തന്നെയും മകളെയും കൊല്ലുമെന്ന് പറഞ്ഞു. രക്ഷപ്പെടാന്‍ ഓം പ്രകാശിന്റെ ദേഹത്തേക്ക് മുളകു പൊടി വിതറി. വെളിച്ചെണ്ണ ഒഴിച്ചു. എന്നിട്ടും ഭീഷണി തുടര്‍ന്നതോടെ ഗത്യന്തരമില്ലാതെ കറി കത്തിയെടുത്ത് കുത്തുകയായിരുന്നുവെന്നും കൊലപാതകം നടക്കുന്ന സമയത്ത് മകള്‍ വീട്ടില്‍ ഉണ്ടായിരുന്നുവെന്നും പല്ലവി മൊഴി നല്‍കി.

അതേസമയം സ്വത്ത് തര്‍ക്കമാണ് ഓം പ്രകാശിന്റെ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പുറത്തുവരുന്ന വിവരം. ഞായറാഴ്ച വൈകിട്ട് 4.30 ഓടെ പല്ലവി തന്റെ കൂട്ടുകാരിയെ ' ഞാന്‍ ആ പിശാചിനെ കൊന്നു. എനിക്കിനീ സന്തോഷത്തോടെ കഴിയാം' എന്നു വിളിച്ചു പറയുകയായിരുന്നു. പിന്നീട് 112 വിളിച്ച് പൊലീസിനെ വിവരം അറിയിച്ചു. ബെംഗളൂരുവിലെ എച്എസ്ആര്‍ ലേ ഔട്ടില്‍, കര്‍ണാടക മുന്‍ ഡിജിപി ഓംപ്രകാശിന്റെ വീട്ടില്‍ പൊലിസ് എത്തുമ്പോള്‍ 68 കാരന്‍ രക്തത്തില്‍ കുളിച്ച് മരിച്ചുകിടക്കുകയായിരുന്നു. ആ സമയത്ത് ഭാര്യ പല്ലവിയും മകളും സ്ഥലത്തുണ്ടായിരുന്നു.

ഡിജിപി ഓംപ്രകാശും ഭാര്യ പല്ലവിയും തമ്മില്‍ സ്വത്ത് തര്‍ക്കത്തെ ചൊല്ലി കലഹിച്ചിരുന്നു. പലവട്ടം പല്ലവി ഓംപ്രകാശിന് എതിരെ പൊലിസില്‍ പരാതിപ്പെട്ടിരുന്നു. തന്നെ വെടി വച്ചുകൊല്ലുമെന്ന് ഭര്‍ത്താവ് ഭീഷണിപ്പെടുത്തിയെന്നും തന്നെ ആക്രമിച്ചുവെന്നും അവര്‍ ആരോപിച്ചിരുന്നു. തന്റെ വീടിന് പുറത്ത് തന്നെ നിയമനടപടി ആവശ്യപ്പെട്ട് പ്രതിഷേധവും നടത്തിയിരുന്നു.

തന്റെ മകനും സഹോദരങ്ങള്‍ക്കുമാണ് വിവിധ സ്വത്തുക്കള്‍ ഓംപ്രകാശ് എഴുതി വച്ചിരുന്നത്. ഇതിനെ ചൊല്ലിയാണ് ഭാര്യ വഴക്കുകൂടിയത്. ആ പകയില്‍ എട്ടുമുതല്‍ 10 തവണ വരെയാണ് നെഞ്ചിനും വയറ്റിലും കൈകളിലുമായി ഓംപ്രകാശിനെ ക്രൂരമായി കുത്തിയത്. ചോര വാര്‍ന്ന് 10 മിനിറ്റോളം ഹാളില്‍ കിടന്ന് വേദനയില്‍ പുളഞ്ഞ ശേഷമായിരുന്നു അദ്ദേഹത്തിന്റെ മരണം. മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരായ ഡിജി-ഐജിപി ഡോ.അലോക് മോഹന്‍, എഡിജിപിമാര്‍, സിറ്റി പൊലീസ് കമ്മീഷണര്‍ ബി ദയാനന്ദ തുടങ്ങിയവര്‍ സംഭവസ്ഥലത്തെത്തി.

ഏകദേശം 4-4-30 ഓടെയാണ് കോള്‍ വന്നതെന്നും ദൂരത്തായിരുന്ന മുന്‍ ഡിജിപിയുടെ മകന്‍ വിളിച്ചാണ് പരാതി നല്‍കിയതെന്നും അഡി. കമ്മീഷണര്‍ വികാസ് കുമാര്‍ വികാസ് പറഞ്ഞു. മൂര്‍ച്ചയേറിയ ആയുധമാണ് കൊലയ്ക്ക് ഉപയോഗിച്ചതെന്ന് വ്യക്തമായിട്ടുണ്ട്. മൂന്ന് നില കെട്ടിടത്തിന്റെ താഴത്തെ നിലയിലാണ് മൃതദേഹം കിടന്നത്. പൊലീസ് എത്തുമ്പോള്‍ ഭാര്യയും മകളും വീടിന്റെ സ്വീകരണമുറിയില്‍ ഉണ്ടായിരുന്നു. പൊലീസ് ആവശ്യപ്പെട്ടിട്ടും ആദ്യം ഇവര്‍ വാതില്‍ തുറക്കാന്‍ തയ്യാറായില്ല.

68കാരനായ ഓം പ്രകാശ് ബീഹാറിലെ ചമ്പാരന്‍ സ്വദേശിയാണ്. കര്‍ണാടക കേഡര്‍ 1981 ബാച്ച് ഐ.പി.എസ് ഉദ്യോഗസ്ഥനാണ്. 2015 മുതല്‍ സംസ്ഥാനത്തെ ഡി.ജി ആന്‍ഡ് ഐ.ജി.പിയായി സേവനമനുഷ്ഠിച്ചു. 2017 ല്‍ വിരമിച്ചു. 2015 മുതല്‍ 2017 വരെ കര്‍ണാടക പൊലീസ് മേധാവിയായിരുന്നു ഇദ്ദേഹം. ബംഗളൂരു എച്ച്.എസ്.ആര്‍ ലേഔട്ടിലെ മൂന്ന് നിലകളുള്ള വീട്ടിലാണ് ഓം പ്രകാശ് താമസിച്ചിരുന്നത്. പൊലീസ് മേധാവിയായി സ്ഥാനമേല്‍ക്കുന്നതിന് മുമ്പ് ഓം പ്രകാശ് ഫയര്‍ ഫോഴ്‌സ് മേധാവിയുടേതുള്‍പ്പെടെ സംസ്ഥാനത്തെ പ്രധാന ഔദ്യോഗിക സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.