- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
ഫർണിച്ചർ കട തുടങ്ങാൻ നൽകിയ സ്വർണവും പണവും തിരികെ ചോദിച്ചത് വൈരാഗ്യമായി; 15 വർഷത്തെ വിശ്വാസം തകർത്ത് ക്രൂരത; വീട്ടമ്മയെ മയക്കുമരുന്ന് നൽകി കൊന്നുതള്ളി മുൻ വീട്ടുജോലിക്കാരി; നാടിനെ നടുക്കിയ ചതി ഇങ്ങനെ

പാലൻപൂർ: ഗുജറാത്തിലെ പാലൻപൂരിൽ വീട്ടമ്മയെ മുൻ വീട്ടുജോലിക്കാരി കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കടം വാങ്ങിയ സ്വർണവും പണവും തിരികെ ചോദിച്ചതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചത്. പാലൻപൂർ സ്വദേശിനി ശാന്തി ബെൻ അകേദിവാലയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ വീട്ടുജോലിക്കാരിയായിരുന്ന രേഖ റാത്തോഡിനെയും സഹായിയെയും പോലീസ് അറസ്റ്റ് ചെയ്തു.
കൊല്ലപ്പെട്ട ശാന്തി ബെന്നും പ്രതി രേഖയും തമ്മിൽ 15 വർഷത്തെ ദീർഘകാല പരിചയമാണുള്ളത്. ശാന്തി ബെന്നിന്റെ വീട്ടിൽ വർഷങ്ങളോളം ജോലി ചെയ്തിരുന്ന രേഖ പിന്നീട് അവരുടെ അടുത്ത സുഹൃത്തായി മാറി. സ്വന്തമായി ഫർണിച്ചർ ബിസിനസ് തുടങ്ങാനായി ഒരു വർഷം മുൻപ് ശാന്തി ബെന്നിൽ നിന്ന് രേഖ വലിയൊരു തുക പണമായും സ്വർണാഭരണങ്ങളായും കടം വാങ്ങിയിരുന്നു.
എന്നാൽ ബിസിനസ് പച്ചപിടിച്ചതോടെ വാങ്ങിയ പണവും സ്വർണവും തിരികെ നൽകാൻ രേഖ തയ്യാറായില്ല. ശാന്തി ബെൻ പണം തിരികെ ചോദിച്ചു തുടങ്ങിയതോടെ ഇവരെ ഒഴിവാക്കാൻ രേഖ കൊലക്കെണി ഒരുക്കുകയായിരുന്നു. മാർച്ച് 22-ന് പണം നൽകാമെന്ന് പറഞ്ഞ് ശാന്തി ബെന്നിനെ തന്റെ ഫർണിച്ചർ കടയിലേക്ക് രേഖ വിളിച്ചുവരുത്തി. അവിടെ വെച്ച് മയക്കുമരുന്ന് നൽകിയ ശേഷം രേഖയും നാല് സഹായികളും ചേർന്ന് ശാന്തി ബെന്നിനെ ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് പറയുന്നു.
തെളിവ് നശിപ്പിക്കാനായി മൃതദേഹം ചാക്കിലാക്കി പാലൻപൂരിലെ ആരും താമസമില്ലാത്ത ഒരു ഷോറൂമിന്റെ ബേസ്‌മെന്റിൽ ഉപേക്ഷിച്ചു. ശാന്തി ബെന്നിനെ കാണാതായതോടെ വീട്ടുകാർ പോലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ രേഖയുടെ നീക്കങ്ങളിൽ സംശയം തോന്നിയ പോലീസ് ഫോറൻസിക് തെളിവുകളുടെ അടിസ്ഥാനത്തിൽ മൃതദേഹം കണ്ടെത്തുകയും രേഖയെ പിടികൂടുകയുമായിരുന്നു.
തങ്ങളെ ചതിച്ച പ്രതികളെ പരസ്യമായി വിചാരണ ചെയ്യണമെന്നാവശ്യപ്പെട്ട് ശാന്തി ബെന്നിന്റെ മകൾ നാൻസിയും സഹോദരി കൈലാഷ് ബെന്നും പോലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധിച്ചു. പ്രതികൾക്ക് കഠിനശിക്ഷ ലഭിക്കാതെ മൃതദേഹം ഏറ്റുവാങ്ങില്ലെന്ന ഉറച്ച നിലപാടിലായിരുന്നു കുടുംബം.
നിലവിൽ രേഖ റാത്തോഡും ഒരു സഹായിയും പോലീസ് കസ്റ്റഡിയിലാണ്. ഒളിവിലുള്ള മറ്റ് മൂന്ന് പേർക്കായി പോലീസ് പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം ഊർജ്ജിതമാക്കി. കൊലപാതകം, ക്രിമിനൽ ഗൂഢാലോചന, തെളിവ് നശിപ്പിക്കൽ എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ശാന്തി ബെന്നിൽ നിന്ന് തട്ടിയെടുത്ത സ്വർണം കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.


