ഇടുക്കി: ഇടുക്കി ഉപ്പുതറക്ക് സമീപം തോട്ടില്‍ ആഴ്ചകള്‍ പഴക്കമുള്ള മനുഷ്യ ശരീര ഭാഗങ്ങള്‍ കണ്ടെത്തിയതില്‍ ദുരൂഹത തുടരുന്നു. പൂട്ടി കിടക്കുന്ന പീരുമേട് ടീ കമ്പനിയിലെ തേയില തോട്ടത്തിന് സമീപമുള്ള തോട്ടിലാണ് മൃതദേഹം കണ്ടത്. ശരീരഭാഗങ്ങള്‍ ഒഴുകി എത്തിയ നിലയിലായിരുന്നു.

പീരുമേട് ടീ കമ്പിനിയിലെ ലോണ്‍ട്രി ഡിവിഷനില്‍ കല്ലുകാട് തോട്ടിലാണ് മൃതദേഹത്തിന്റെ അവശിഷ്ടം കണ്ടത്. സമീപത്ത് കൃഷിപ്പണിക്കെത്തിയ കൃഷ്ണകുമാര്‍, കൈ കഴുകാന്‍ തോട്ടിലിറങ്ങിയപ്പോഴാണ് പഴകിയ ശരീര ഭാഗം കരക്കടിഞ്ഞു കിടക്കുന്നത് ശ്രദ്ധയില്‍ പെട്ടത്. ഒരു കാലും നട്ടെല്ലിന്റെയും തലയോടിന്റെയും ഭാഗങ്ങളാണുണ്ടായിരുന്നത്.

നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ഉപ്പുതറ പോലീസ് സ്ഥലത്തെത്തി. പോലീസ് മൃതദേഹത്തിന്റെ ബാക്കി ഭാഗങ്ങള്‍ കണ്ടെത്താനുള്ള തെരച്ചില്‍ തുടങ്ങി. സ്ത്രീയുടേതെന്ന് തോന്നിക്കുന്നതാണ് ശരീരാവശിഷ്ടം ഇന്നലെ പെയ്ത ശക്തമായ മഴയില്‍ ഒഴുകിയെത്തിയതാകാമെന്നാണ് നിഗമനം. തോട്ടില്‍ നിന്നും കണ്ടെത്തിയ ശരീരഭാഗങ്ങള്‍ മൂന്നു മാസം മുമ്പ് കാണാതായ ഉപ്പുതറ സ്വദേശി ഇടവേലിക്കല്‍ ചെല്ലമ്മയുടേതാണെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. ഡി എന്‍ എ പരിശോധന നടത്തി ഇക്കാര്യം ഉറപ്പിക്കും.

ഓഗസ്റ്റ് ഏഴിന് ഉപ്പുതറ സ്വദേശിയായ ഇടവേലിക്കല്‍ ചെല്ലമ്മയെന്ന 85 കാരിയെ കാണാതായിരുന്നു. ശരീരഭാഗങ്ങള്‍ ഇവരുടെ ആണെന്നാണ് സംശയിക്കുന്നത്. കഴിഞ്ഞ മാര്‍ച്ച് മാസത്തിലും ചെല്ലമ്മയെ കാണാതായിരുന്നു. ഇത്തവണ കാട്ടില്‍ കയറിയതിനു ശേഷം വഴി തെറ്റി അബദ്ധത്തില്‍ കാല്‍വഴുതി തോട്ടില്‍ വീണ് മരണം സംഭവിച്ച് ആകാം എന്നാണ് കരുതുന്നത്. ചെല്ലമ്മയെ കാണാതായത് സംബന്ധിച്ച് ഉപ്പുതറ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഡിഎന്‍എ പരിശോധന ഫലവും, പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടും വന്നതിനു ശേഷം മാത്രമേ ശരീര അവശിഷ്ടം ചെല്ലമ്മയുടെതാണെന്ന് സ്ഥിരീകരിക്കാന്‍ കഴിയൂവെന്ന് പോലീസ് പറഞ്ഞു.

രാവിലെ തോട്ടില്‍ കൈകാല്‍ കഴുകാനെത്തിയ സമീപവാസി കൃഷ്ണകുമാറാണ് ശരീരാവശിഷ്ടങ്ങള്‍ കണ്ടത്. ഓര്‍മക്കുറവുള്ള ചെല്ലമ്മയെ ആഗസ്ത് ഏഴുമുതല്‍ കാണാതായിരുന്നു. ഇതുസംബന്ധിച്ച് ഉപ്പുതറ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്ന് മരുമകള്‍ അമ്പിളി പറഞ്ഞു. കഴിഞ്ഞ മാര്‍ച്ചിലും വീടുവിട്ടുപോയ ചെല്ലമ്മയെ തേയിലത്തോട്ടത്തില്‍നിന്ന് കണ്ടെത്തി വീട്ടിലെത്തിച്ചിരുന്നു.

പീരുമേട് ടീ കമ്പനിയിലെ തൊഴിലാളിയായിരുന്നു ഇവര്‍. ഫോറന്‍സിക് വിദഗ്ധരുടെ പരിശോധനയ്ക്കുശേഷം ശരീരാവശിഷ്ടങ്ങള്‍ ഇടുക്കി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ബാക്കി ഭാഗങ്ങള്‍ കണ്ടെത്താന്‍ സ്ഥലത്ത് പരിശോധന തുടരും. രണ്ടര പതിറ്റാണ്ടായി പൂട്ടിക്കിടക്കുന്ന തോട്ടമാണിത്.