തിരുവനന്തപുരം: തിരുവനന്തപുരത്ത് സാമ്പത്തിക തട്ടിപ്പില്‍ വനിതാ സിവില്‍ പൊലീസ് ഓഫീസര്‍മാര്‍ക്കെതിരെ കേസ്. വിഴിഞ്ഞം കോസ്റ്റല്‍ സ്റ്റേഷനിലെ സംഗീത, തൃശൂര്‍ വനിതാ സെല്ലില്‍ ജോലി ചെയ്യുന്ന സുനിത എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. ഇരുവരും സഹോദരങ്ങളാണ്. പോത്തന്‍കോട് പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. റിയല്‍ എസ്റ്റേറ്റ് ബിസിനസിനെന്ന പേരില്‍ 19 ലക്ഷം തട്ടിയെന്നാണ് പരാതി.

പണം മടക്കിച്ചോദിച്ചതിന് കുപ്രസിദ്ധ ഗുണ്ടയായ ഗുണ്ടുകാട് സാബു വഴി ഭീഷണിപ്പെടുത്തിയെന്നും പരാതിയുണ്ട്. കാട്ടായിക്കോണം ജയനഗര്‍ ഗാര്‍ഡന്‍വ്യൂ പി.ജെ. ഗാര്‍ഡന്‍സില്‍ ആതിരയാണ് പരാതി നല്‍കിയത്. ഗുണ്ടുകാട് സാബു, പേയാട് സ്വദേശിയായ വിഴിഞ്ഞം കോസ്റ്റല്‍ സ്റ്റേഷനിലെ സംഗീത, സഹോദരി തൃശൂര്‍ വനിതാസെല്ലില്‍ ജോലി ചെയ്യുന്ന സുനിത, ഇവരുടെ ഭര്‍ത്താവ് ജിപ്‌സണ്‍ രാജ്, ശ്രീകാര്യം സ്വദേശി ആദര്‍ശ് എന്നി വര്‍ക്കെതിരെയാണ് പോത്തന്‍കോട് പൊലീസ് കേസെടുത്തത്. കാട്ടായിക്കോണം സ്വദേശിനി ആതിര നല്‍കിയ പരാതിയിലാണ് നടപടി.

സൗഹൃദം നടിച്ച് കുടുംബ സുഹൃത്തായി മാറിയ ശേഷം പണം തട്ടിയെന്നാണ് പരാതി. വസ്തു വാങ്ങാനെന്ന് പറഞ്ഞ് പലപ്പോഴായി ആതിരയുടെ ഭര്‍ത്താവില്‍ നിന്ന് 19 ലക്ഷം സംഗീത കൈപ്പറ്റിയെന്നാണ് പരാതിയില്‍ പറയുന്നത്. രേഖകളും ചെക്കുകളും നല്‍കിയത് സംഗീതയും സഹോദരീ ഭര്‍ത്താവ് ജിപ്‌സണ്‍രാജുമായിരുന്നു.

പണം തിരികെ ആവശ്യപ്പെട്ടപ്പോള്‍ നല്‍കിയ ചെക്കുകള്‍ ബാങ്കില്‍ കൊടുത്തെങ്കിലും പണം ലഭിക്കാതെ മടങ്ങി. അതിനിടെയാണ് ഗുണ്ടുകാട് സാബു എന്നയാള്‍ ഫോണിലൂടെ ഭീഷണിപ്പെടുത്തിയത്. സംഗീതയ്ക്കു വേണ്ടിയാണ് വിളിക്കുന്നതെന്നും എഗ്രിമെന്റുകളടക്കം തിരികെ നല്‍കണമെന്നും അല്ലെങ്കില്‍ ഭവിഷ്യത്ത് അനുഭവിക്കേണ്ടി വരുമെന്നുമായിരുന്നു ഭീഷണി. തട്ടിപ്പിനു പിന്നില്‍ ഭൂമിക്കച്ചവട റാക്കറ്റുണ്ടോയെന്നും പോലീസിന് സംശയമുണ്ട്. കഴിഞ്ഞ മാര്‍ച്ച് നാലിനാണ് ഗുണ്ടുകാട് സാബു ഫോണിലൂടെ ഭീഷണി മുഴക്കിയത്.

പണം തട്ടിയെടുത്തതു സംബന്ധിച്ച് മുഖ്യമന്ത്രിക്കും പൊലീസ് പരാതി പരിഹാര സെല്ലിലും എസ്പിക്കും ഉള്‍പ്പെടെ പരാതി നല്‍കി. മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയിലാണ് ഒടുവില്‍ കേസെടുക്കാന്‍ പോലീസ് തയ്യാറായത്. ആദ്യം മലയിന്‍കീഴ് സ്റ്റേഷനിലേക്ക് അയച്ച പരാതി കഴിഞ്ഞ ദിവസം പോത്തന്‍കോട് സ്റ്റേഷനു കൈമാറുകയായിരുന്നു. തുടര്‍ന്നാണ് പോത്തന്‍കോട് പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.