- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
ജർമ്മനിയിൽ ഡോക്ടറാണ്, വിദേശത്ത് ജോലി തരപ്പെടുത്തി നൽകാം; വാഗ്ദാനത്തിൽ വീണ ഹരിതകർമ്മ സേന പ്രവർത്തകയ്ക്ക് നഷ്ടമായത് ലക്ഷങ്ങൾ; അന്വേഷണത്തിൽ നിർണായകമായത് ബാങ്ക് അക്കൗണ്ട് വിവരങ്ങൾ; അടൂരുകാരി അനിത മുരളീധരൻ സമാനമായ നിരവധി തട്ടിപ്പ് കേസുകളിൽ പ്രതി
ആലപ്പുഴ: ജർമ്മനിയിൽ ഡോക്ടറാണെന്ന് വ്യാജേന വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ഹരിതകർമ്മ സേനാംഗത്തിൽ നിന്ന് 22.97 ലക്ഷം രൂപ തട്ടിയ കേസിൽ യുവതി അറസ്റ്റിൽ. പത്തനംതിട്ട അടൂർ സ്വദേശിനിയായ അനിത മുരളീധരൻ (44) ആണ് ആലപ്പുഴ സൈബർ ക്രൈം പോലീസിന്റെ പിടിയിലായത്. പരാതിക്കാരിയിൽ നിന്ന് വാങ്ങിയ വലിയൊരു തുക കൈപ്പറ്റിയ ബാങ്ക് അക്കൗണ്ടിന്റെ ഉടമയാണ് അറസ്റ്റിലായ പ്രതി.
സമൂഹ മാധ്യമങ്ങൾ വഴി പരിചയപ്പെട്ട പ്രതി, താൻ ജർമ്മനിയിൽ ഡോക്ടറാണെന്നും വിദേശത്തെ ആശുപത്രിയിൽ സ്റ്റാഫ് ആയി ജോലി വാങ്ങി നൽകാമെന്നും പരാതിക്കാരിയെ പറഞ്ഞ് വിശ്വസിപ്പിക്കുകയായിരുന്നു. തുടർന്ന്, ജോലി വാഗ്ദാനം ചെയ്ത് 2023 ഫെബ്രുവരി 2 മുതൽ ഓഗസ്റ്റ് 11 വരെയുള്ള കാലയളവിൽ പരാതിക്കാരിയിൽ നിന്ന് 22.97 ലക്ഷം രൂപയാണ് തട്ടിയെടുത്തത്. മാസങ്ങളോളം കാത്തിരുന്നിട്ടും ജോലി ലഭിക്കാതായതോടെ പണം തിരികെ ആവശ്യപ്പെട്ടപ്പോഴാണ് താൻ കബളിപ്പിക്കപ്പെട്ടതായി പരാതിക്കാരിക്ക് ബോധ്യപ്പെട്ടത്.
തട്ടിപ്പ് മനസിലാക്കിയ പരാതിക്കാരി, നാഷണൽ സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ടലിന്റെ 1930 എന്ന ടോൾഫ്രീ നമ്പറിൽ പരാതി നൽകി. തുടർന്ന്, ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം ആലപ്പുഴ സൈബർ ക്രൈം പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. അന്വേഷണത്തിന്റെ ഭാഗമായി, പരാതിക്കാരിയിൽ നിന്ന് തട്ടിയെടുത്ത 22.97 ലക്ഷം രൂപയിൽ 5.87 ലക്ഷം രൂപ പ്രതിയുടെ പേരിലുള്ള ബാങ്ക് അക്കൗണ്ടിലേക്ക് എത്തിയതായി കണ്ടെത്തി. ഈ അക്കൗണ്ട് ഉടമയായ അനിത മുരളീധരനെ പോലീസ് അറസ്റ്റ് ചെയ്തു.
അറസ്റ്റിലായ പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ, സ്കോട്ട്ലൻഡ് സ്വദേശിയായ ഫ്രെഡ് ക്രിസ് എന്നയാളുടെ നിർദ്ദേശപ്രകാരമാണ് തന്റെ ബാങ്ക് അക്കൗണ്ടിലേക്ക് പണം കൈപ്പറ്റിയതെന്നും, ഇയാൾ ഡൽഹിയിൽ വരുമ്പോൾ ഉപയോഗിക്കുന്നതിനായി ബാങ്ക് പാസ്ബുക്ക്, എടിഎം കാർഡ് തുടങ്ങിയവ കൈമാറിയിരുന്നെന്നും യുവതി വെളിപ്പെടുത്തി. ഇയാളെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തി വരികയാണെന്ന് ജില്ലാ സൈബർ ക്രൈം പോലീസ് അറിയിച്ചു.
അറസ്റ്റിലായ പ്രതിയുടെ ബാങ്ക് അക്കൗണ്ടുകൾ പരിശോധിച്ചതിൽ, നാഷണൽ സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ടൽ പ്രകാരം വിശാഖപട്ടണം, പത്തനംതിട്ട അടൂർ, കോട്ടയം തൃക്കൊടിത്താനം, ഒഡിഷ ബെർഹാംപൂർ, തമിഴ്നാട് ശിവഗംഗൈ എന്നിവിടങ്ങളിലും സമാനമായ തട്ടിപ്പ് കേസുകൾ നിലവിലുണ്ടെന്ന് പോലീസ് കണ്ടെത്തി.