തിരുവനന്തപുരം: നോട്ടിരട്ടിപ്പിച്ച് നൽകാമെന്ന വ്യാജേന വ്യാപാരിയിൽ നിന്നും പണം തട്ടിയ കേസിൽ അറസ്റ്റിലായ പ്രതികളിൽ നിന്നും പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരം. സംഭവത്തിൽ മൂന്ന് പേരാണ് പോലീസിന്റെ പിടിയിലായത്. ആറ്റിങ്ങലിലെ ജ്വല്ലറി ബിസിനസുകാരനായ ശ്യാമിനെയാണ് നോട്ടിരട്ടിപ്പിന്‍റെ പേരിൽ മൂന്നംഗ സംഘം കബളിപ്പിച്ചത്.

സംഭവത്തിൽ തിരുവനന്തപുരം പള്ളിപ്പുറം സ്വദേശി മുഹമ്മദ് ഷാൻ, കൊല്ലം കുന്നത്തൂർ സ്വദേശി ചന്ദ്രബാബു , കൊല്ലം ആയൂർ സ്വദേശി ഗീവർഗീസ് എന്നിവരാണ് കഴിഞ്ഞ ദിവസം ആറ്റിങ്ങൽ പോലീസിന്‍റെ പിടിയിലായത്. ശ്യാമിൽ നിന്നും 2 ലക്ഷം രൂപയാണ് സംഘം തട്ടിയെടുത്തത്. കള്ളനോട്ട്, കുഴൽപ്പണം, പിടിച്ചുപറി, വധശ്രമം, തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണ് പിടിയാലായ മുഹമ്മദ് ഷാനെന്ന് പോലീസ് പറഞ്ഞു.

ശ്യാം സാമ്പത്തിക പ്രതിസന്ധിലായിരുന്നെന്ന് മനസ്സിലാക്കിയ സംഘം നോട്ടിരിപ്പ് നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിക്കുകയായിരുന്നു. കബളിപ്പിക്കാൻ എളുപ്പമുള്ളയാളെന്ന നിലയിലാണ് സാമ്പത്തിക പ്രതിസന്ധി നേരിടുന്നയാളെ സംഘം തെരഞ്ഞ് കണ്ടെത്തി ചതിയിൽപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു.

മുഹമ്മദ് ഷാനും ചന്ദ്രബാബുവുമാണ് ചിറ്റാറ്റിൻകര എംജി റോഡിൽ ജ്വല്ലറി നടത്തുന്ന ശ്യാമിനെ ആദ്യം ബന്ധപ്പെടുന്നത്. ശ്യാമിനോട് 5 ലക്ഷം രൂപയുടെ ഡോളർ നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. ഇതിനായി രണ്ട് ലക്ഷം രൂപയാണ് സംഘം തട്ടിയെടുത്തത്.

കാർബൺ ഫിലിം മൂടിയ ഒരു പെട്ടി ഉപയോഗിച്ച് നോട്ടിരിപ്പിക്കാൻ കഴിയുമെന്ന് സംഘം ശ്യാമിനെ വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ് നടത്തിയത്. അടൂരിൽ വച്ച് ചന്ദ്രബാബു ശ്യാമിൽ നിന്നും ആദ്യം 80,000 രൂപ വാങ്ങി ശേഷമാണ് പെട്ടി കാണിച്ച് അന്നേദിവസം ഒരു ലക്ഷത്തി ഇരുപതിനായിരം രൂപ കൂടി വാങ്ങിയത്. വിദേശ ഡോളറും ഇത്തരത്തിൽ മാറ്റിയെടുക്കാൻ കഴിയും എന്ന് ഇരുവരും വിശ്വസിപ്പിച്ചു. ഇതിനായി ശ്യാമിനോട് കൂടുതൽ പണം ആവശ്യപ്പെട്ടു. ഇക്കാര്യം പറഞ്ഞ് ശ്യാം തിരുവനന്തപുരത്തുള്ള സുഹൃത്തിനോട് പണം ആവശ്യപ്പെട്ടിരുന്നു.

എന്നാൽ ഈ സുഹൃത്ത് വിവരം തിരുവനന്തപുരം ജില്ലാ പോലീസ് മേധാവി കിരൺ നാരായണനെ അറിയിച്ചതോടെയാണ് തട്ടിപ്പ് പുറത്ത് വന്നത്. പ്രതികളുടെ പക്കൽ നിന്നും കുറച്ച് രാസവസ്തുക്കളും നോട്ടിന്റെ ആകൃതിയിൽ രൂപപ്പെടുത്തിയ കട്ടിയുള്ള കറുത്ത പേപ്പറുകളും 70000 രൂപയും നോട്ട് നിർമ്മാണ സാമഗ്രികളും പോലീസ് കണ്ടെടുത്തു.