മീററ്റ്: 16 കാരനെ കൊന്ന് പ്ലസ് ടു വിദ്യാര്‍ത്ഥി. ഫോണില്‍ നിന്ന് കാമുകിയുടെ ചിത്രങ്ങളും വീഡിയോകളും രഹസ്യമായി കോപ്പി ചെയതെന്ന് ആരോപിച്ചാണ് സുഹൃത്തിനെ കൊലപ്പെടുത്തിയത്. ട്യൂഷന് പോയ കുട്ടി തിരികെ വീട്ടില്‍ എത്താത്തിനെ തുടര്‍ന്ന് മാതാപിതാക്കള്‍ പോലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് കൊലപാതകം നടന്നതായി കണ്ടെത്തിയത്. ഉത്തര്‍പ്രദേശിലെ മീററ്റിലാണ് സംഭവം.

ട്യൂഷന് പോയ കുട്ടി വീട്ടില്‍ എത്തിയില്ല. തുടര്‍ന്ന് കുട്ടിയുടെ ഫോണിലേക്ക് വിളിച്ചെങ്കിലും ാേഫണ്‍ സ്വിച്ച് ഓഫ് എന്നാണ് പറഞ്ഞത്. ഇരുവരും ട്യൂഷന്‍ സെന്ററില്‍ പോയി അന്വേഷിക്കുമ്പോഴാണ് ഇന്ന് അവധിയായിരുന്നു എന്ന വിവരം അറിയുന്നത്. പിന്നാലെ ഇവര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് പോലീസ് അന്വേഷണം ആരംഭിച്ചു.

അന്വേഷണത്തില്‍ കൊല്ലപ്പെട്ട കുട്ടി അവസാനമായി കണ്ടത് കൊല ചെയ്ത സുഹൃത്തിനെയാണന്ന് വിവരം ലഭിച്ചു. ചോദ്യം ചെയ്ത പോലീസിനെ ആദ്യം കബിളിപ്പിക്കാന്‍ ശ്രമിച്ചു. പിന്നീട് കൂടുതല്‍ ചോദ്യം ചെയ്തതിലൂടെയാണ് കുട്ടിയെ ക്രൂരമായി കൊലപ്പെടുത്തിയതെന്ന് തെളിയുന്നത്. തന്റെ മൊബൈല്‍ ഫോണ്‍ 8,000 രൂപയ്ക്ക് വില്‍ക്കുകയാണെന്ന് പറഞ്ഞ് പ്രതി സുഹൃത്തിനെ ആളൊഴിഞ്ഞ സ്ഥലത്തേയ്ക്ക് വിളിച്ചുവരുത്തുകയായിരുന്നു. സുഹൃത്തിനൊപ്പം ഭക്ഷണം കഴിച്ചും മറ്റും അല്‍പ്പ സമയം ചെലവിട്ട ശേഷമായിരുന്നു പ്രതി കൃത്യം നടത്തിയത്.

ചുറ്റിക കൊണ്ട് തലയ്ക്ക് അടിച്ചാണ് പ്രതി സുഹൃത്തിനെ കൊലപ്പെടുത്തിയത്. കൊല്ലപ്പെട്ട 16കാരന്റെ മൃതദേഹം ഭവന്‍പൂര്‍ എന്ന സ്ഥലത്ത് വെച്ച് കണ്ടെത്തിയിട്ടുണ്ട്. കൊലപാതകത്തില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോയെന്ന കാര്യം വ്യക്തമല്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും മീററ്റ് എസ്പി ആയുഷ് വിക്രം അറിയിച്ചു.