പത്തനംതിട്ട: അഗ്‌നിവീര്‍ കോഴ്‌സ് വിദ്യാര്‍ത്ഥിയായിരുന്ന 19കാരി ഗായത്രിയുടെ മരണത്തില്‍ മാതാവിനെ സംശയത്തില്‍ നിര്‍ത്തി മുന്‍ ഭര്‍ത്താവ്. രാജിക്കൊപ്പം താമസിക്കുന്ന ലോറി ഡ്രൈവറായ ആദര്‍ശിനെതിരെ ആരോപണവുമായാണ് ഗായന്ത്രിയുടെ രണ്ടാനച്ഛന്‍ രംഗത്തുവന്നത്. ഗായത്രിയെ മരിച്ച നിലയില്‍ കണ്ടെത്തിയ ദിവസം രാവിലെവരെ ആദര്‍ശ് വീട്ടില്‍ ഉണ്ടായിരുന്നുവെന്നും ലോറി ഡ്രൈവറായ ആദര്‍ശ് ഗോവയ്ക്ക് പോയെന്നാണ് ഇപ്പോള്‍ പറയുന്നതെന്നും രണ്ടാനച്ഛന്‍ ചന്ദ്രശേഖരന്‍ പറഞ്ഞു.

അടൂരിലെ തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ മകളെ പഠനത്തിന് അയക്കരുതെന്ന് രാജിയോട് നിര്‍ദ്ദേശിച്ചിരുന്നുവെന്ന് പറഞ്ഞ ചന്ദ്രശേഖരന്‍, സ്ഥാപനത്തില്‍ പ്രശനങ്ങള്‍ ഉണ്ടെന്നും മകളെ അവിടെ പരിശീലനത്തിന് അയക്കരുതെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നതായും അവകാശപ്പെടുന്നു. താനാണ് ഗായത്രിയെ വളര്‍ത്തിയത്. രേഖകളില്‍ മുഴുവന്‍ ഗായത്രി ചന്ദ്രശേഖരന്‍ എന്നാണ് പേര്. തന്നെ വേണ്ടെന്ന് പറഞ്ഞ് രാജിയാണ് കോന്നി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. ഒരു വര്‍ഷമായി ഇവരുമായി ബന്ധമില്ല.

ഗായത്രി ആത്മഹത്യ ചെയ്യുകയില്ല. പ്രായത്തില്‍ കവിഞ്ഞ പക്വതയുള്ള പെണ്‍കുട്ടിയാണ് ഗായത്രിയെന്നും പൊലീസ് കേസ് വിശദമായി അന്വേഷിക്കണമെന്നും ചന്ദ്രശേഖരന്‍ ആവശ്യപ്പെട്ടു. അധ്യാപകന്‍ ഡേറ്റിങിന് ക്ഷണിച്ചതിനെ തുടര്‍ന്ന് ജീവനൊടുക്കിയെന്നാണ് മരണത്തില്‍ അമ്മ രാജി ആദ്യം ഉന്നയിച്ച ആരോപണം. തുടര്‍ന്നും അധ്യാപകനെതിരെ ആരോപണം ശക്തമായി ഉന്നയിച്ച അവര്‍ ഇന്ന് മകളെ അധ്യാപകന്‍ നഗ്‌നദൃശ്യങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തിയെന്നും ആരോപിച്ചിരുന്നു. ഇതിനിടെ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയ പൊലീസ് ഇതില്‍ മരണത്തില്‍ ആര്‍ക്കും പങ്കില്ലെന്നാണ് പറഞ്ഞിരിക്കുന്നതെന്നാണ് വ്യക്തമാക്കിയത്.

പത്തനംതിട്ട ചിറ്റാര്‍ സ്വദേശിയായിരുന്നു മരിച്ച ഗായത്രി. 19 വയസായിരുന്നു പ്രായം. അടൂരിലെ സൈനിക റിക്രൂട്ട്‌മെന്റ് പരിശീലന കേന്ദ്രത്തില്‍ ഒന്നര വര്‍ഷമായി അഗ്‌നിവീര്‍ കോഴ്‌സ് പഠിക്കുകയായിരുന്നു. ഗായത്രിയുടെ ഫോണ്‍ അടക്കം വിശദമായി പരിശോധിച്ചെങ്കിലേ ആത്മഹത്യക്ക് പ്രേരിപ്പിച്ചതെന്തെന്ന് വ്യക്തമാകൂവെന്ന് കൂടല്‍ പൊലീസ് പറയുന്നു. അടൂരിലെ ദ്രോണ ഡിഫന്‍സ് അക്കാദമി ഉടമ പ്രദീപ്കുമാര്‍ ഫോണ്‍ ഓഫ് ചെയ്ത് മാറി നില്‍ക്കുകയാണ്.

സൈനിക റിക്രൂട്ട്മെന്റ് പരിശീലന കേന്ദ്രത്തിലെ അധ്യാപകന്‍ നഗ്നദൃശ്യങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തിയെന്ന് പരാതിയുമായി അമ്മ രാജി ആരോപിച്ചത്. മകളെ അധ്യാപകന്‍ ആദ്യം ഡേറ്റിങിന് ക്ഷണിച്ചു, വഴങ്ങാതെ വന്നപ്പോള്‍ ഭീഷണിയായി. വിനോദയാത്രയ്ക്ക് പോയപ്പോഴാണ് മകളുടെ നഗ്നദൃശ്യങ്ങള്‍ പകര്‍ത്തിയത്. പിന്നീട് ഇത് കാട്ടി അധ്യാപകന്‍ ഭീഷണിപ്പെടുത്തിയെന്നും അവര്‍ ആരോപിച്ചു. ആത്മഹത്യക്ക് കാരണം സ്ഥാപനത്തിലെ അധ്യാപകനായ വിമുക്ത ഭടനാണെന്നാണ് അമ്മ ആരോപിക്കുന്നത്. അധ്യാപകന്‍ നഗ്ന ചിത്രം കാണിച്ച് ഭീഷണിപ്പെടുത്തിയിരുന്നുവെന്നും കുട്ടികളെ ഡേറ്റിങ്ങിന് ക്ഷണിച്ചത് അടക്കം മോശം പെരുമാറ്റം ഉണ്ടായെന്നും മാതാവ് മാധ്യമങ്ങളോട് പറഞ്ഞു.

'അയാളുടെ ആവശ്യങ്ങള്‍ക്ക് വഴങ്ങാന്‍ മോളെ നിരന്തരം പ്രേരിപ്പിച്ചിരുന്നു. ഇതിന് വഴങ്ങാതെ വന്നപ്പോള്‍ ഒരുമാസം മുമ്പ് ടൂറിന് പോയപ്പോള്‍ പകര്‍ത്തിയ മോളുടെ നഗ്നചിത്രം കാണിച്ച് അധ്യാപകന്‍ ഭീഷണിപ്പെടുത്തി. ഞായറാഴ്ചയായിരുന്നു ഇത്. ഇതോടെ മാനം നഷ്ടപ്പെടുമെന്ന് ഭയന്നാണ് മകള്‍ ജീവനൊടുക്കിയത്. ജീവനേക്കാള്‍ വലുതാ ഒരു സ്ത്രീക്ക് മാനം. മാനം പോയ ഒരു സ്ത്രീ പിന്നെ ജീവിച്ചിരിക്കുമോ ഇനി എനിക്ക് ഭൂമിയില്‍ ജീവിച്ചിരുന്നിട്ട് കാര്യമില്ല എന്ന് തോന്നിയിരിക്കും. അതാണ് ജീവനൊടുക്കിയത്. പൊലീസ് അന്വേഷണം തൃപ്തികരമായി മുന്നോട്ടുപോകുന്നുണ്ട്' -അമ്മ പറഞ്ഞു.

പോസ്റ്റ്മോര്‍ട്ടതിനു ശേഷം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്ന് ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. ആരോപണം നേരിടുന്ന അടൂരിലെ സ്വകാര്യ സ്ഥാപനത്തിലേക്ക് ഇന്നലെ യുവജന സംഘടനകള്‍ പ്രതിഷേധ മാര്‍ച്ച് നടത്തിയിരുന്നു. വിശദമായ അന്വേഷണം നടക്കുന്നുണ്ടെന്ന് കൂടല്‍ പോലീസ് അറിയിച്ചു.