- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷന്റെ ഭാഗത്തു നിന്നും സ്ത്രീയെ വീട്ടിലേക്ക് വിളിച്ചു കൊണ്ടു വന്നു;'ലൈംഗിക തൊഴിലാളിയെ' സാമ്പത്തിക തര്‍ക്കത്തിനിടെ ചുറ്റിക കൊണ്ട് തലയ്ക്ക് അടിച്ചു; പുലര്‍ച്ചെ നാലു മണിക്ക് ചാക്കു തേടി അലഞ്ഞു; മൃതദേഹം മറവ് ചെയ്യാന്‍ കൊണ്ടു പോകുമ്പോള്‍ തളര്‍ന്നു വീണു; തേവരയെ ഞെട്ടിച്ച് ജോര്‍ജ്ജിന്റെ ക്രൂരത; പ്രതിയെ പിടിച്ചത് ഹരിത കര്‍മ്മ സേനയും നാട്ടുകാരും
കൊച്ചി: എറണാകുളം തേവരയില്‍ സ്ത്രീയുടെ ജഡം ചാക്കില്‍ പൊതിഞ്ഞ നിലയില്‍ കണ്ടെത്തിയതില്‍ പ്രതി കുറ്റം സമ്മതിച്ചു. കോന്തുരുത്തി പള്ളിക്ക് സമീപമുള്ള വീട്ടിലേക്കുള്ള ഇടനാഴിയിലാണ് മൃതദേഹം കണ്ടത്. സംഭവത്തില്‍ വീട്ടുടമസ്ഥന്‍ ജോര്‍ജിനെ പോലീസ് കസ്റ്റഡിയിലെടുത്തു. മൃതദേഹത്തിന് സമീപം മദ്യലഹരിയില്‍ അബോധാവസ്ഥയിലിരിക്കുകയായിരുന്നു ജോര്‍ജ്. ജോര്‍ജ് കുറ്റസമ്മതം നടത്തി. കൊല്ലപ്പെട്ടത് എറണാകുളം സ്വദേശിനിയാണെന്നാണ് സൂചന.
രാവിലെ പ്രദേശത്ത് എത്തിയ ശുചീകരണതൊഴിലാളികളാണ് മൃതദേഹം ആദ്യം കണ്ടത്. തുടര്‍ന്ന് ഇവര്‍ കൗണ്‍സിലറെ അറിയിക്കുകയായിരുന്നു. കസ്റ്റഡിയിലെടുക്കുമ്പോള്‍ ജോര്‍ജ് മദ്യലഹരിയിലായിരുന്നെന്നും പോലീസ് പറഞ്ഞു. രാവിലെ ഇയാള്‍ ചാക്ക് അന്വേഷിച്ച് നടന്നതായി നാട്ടുകാര്‍ പറയുന്നു. കാര്യം തിരക്കിയപ്പോള്‍ വീട്ടുവളപ്പില്‍ ഒരുപൂച്ച ചത്തു കിടക്കുന്നുണ്ടെന്നും അതിനെ മാറ്റാന്‍ ആണെന്നും പറഞ്ഞിരുന്നതായി നാട്ടുകാര്‍ പറയുന്നു. ഇയാളുടെ വീടിനുള്ളില്‍ നിന്ന് രക്തക്കറ കണ്ടെത്തിയിട്ടുണ്ട്. ബെഡ്‌റൂമിലും അടുക്കളയിലുമടക്കം മൃതദേഹം വലിച്ചിഴച്ചതിന്റെ പാടുകള്‍ കണ്ടെത്തിയിട്ടുണ്ട്.
സംഭവം കൊലപാതകമെന്ന് സ്ഥിരീകരിച്ചതായി പൊലീസും അറിയിച്ചു. വീട്ടുടമ ജോര്‍ജാണ് കൊലപാതകം നടത്തിയതെന്നും കൂടുതല്‍ വിവരങ്ങള്‍ സ്ഥിരീകരിക്കേണ്ടതുണ്ടെന്നും പൊലീസ് പറഞ്ഞു. സ്ഥിരം മദ്യപാനിയായ ജോര്‍ജിനെ സൗത്ത് പൊലീസ് സ്റ്റേഷനിലാണ് ചോദ്യം ചെയ്യുന്നത്. കോന്തുരുത്തി പള്ളിക്ക് സമീപമുള്ള ജോര്‍ജിന്റെ വീട്ടിലേക്കുള്ള വഴിയിലാണ് മൃതദേഹം കണ്ടത്. മൃതദേഹത്തിനടുത്തിരുന്ന് ഉറങ്ങുന്ന നിലയിലാണ് ജോര്‍ജിനെ കണ്ടെത്തിയത്. ഇയാള്‍ ഇപ്പോഴും മദ്യലഹരിയിലാണെന്ന് പൊലീസ് പറഞ്ഞു. സാമ്പത്തിക തര്‍ക്കമാണ് കൊലയ്ക്ക് പിന്നിലെന്നാണ് പ്രാഥമിക വിവരം. ലൈംഗിക തൊഴിലാളിയെയാണ് കൊന്നതെന്ന് ജോര്‍ജ് മൊഴി നല്‍കിയിട്ടുണ്ട്.
മൃതദേഹം മറവുചെയ്യാന്‍ ശ്രമിക്കുന്നതിനിടെ താന്‍ അബോധാവസ്ഥയിലാവുകയായിരുന്നു എന്ന് പ്രതി ജോര്‍ജ് മൊഴി നല്‍കി. എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷന്റെ ഭാഗത്തുനിന്നാണ് ഒരു സ്ത്രീയെ പ്രതി ജോര്‍ജ് വീട്ടിലേക്ക് വിളിച്ചുകൊണ്ടു വന്നത്. കൊല്ലപ്പെട്ട സ്ത്രീ ലൈംഗികതൊഴിലാളിയായിരുന്നു എന്നാണ് പ്രതി പറയുന്നത്. വീട്ടിലെത്തിയതിന് ശേഷം ഇവര്‍ക്കിടയില്‍ സാമ്പത്തിക തര്‍ക്കമുണ്ടായെന്നും ഇതേ തുടര്‍ന്ന് സ്ത്രീയുടെ തലയില്‍ ചുറ്റിക കൊണ്ടിടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നും പ്രതി മൊഴി നല്‍കി. താന്‍ മദ്യലഹരിയിലായിരുന്നെന്നും ജോര്‍ജ് സമ്മതിച്ചു.
ഒരു വീട്ടിലേക്കുള്ള വഴിയിലാണ് മൃതദേഹം കണ്ടെത്തിയത്. വീടിനുള്ളില്‍ വച്ച് കൊല നടത്തിയ ശേഷം മൃതദേഹം ഉപേക്ഷിക്കാന്‍ പോകുന്നതിനിടെ ജോര്‍ജ് തളര്‍ന്നു വീഴുകയായിരുന്നു. ഹരിത കര്‍മ സേനാംഗങ്ങളാണ് വഴിയില്‍ മൃതദേഹവും അതിനരികില്‍ അബോധാവസ്ഥയില്‍ ജോര്‍ജിനെയും കണ്ടത്. ആള്‍ക്കാരെത്തിയപ്പോഴേക്കും തന്നെ പിടിച്ചെഴുന്നേല്‍പിക്കാന്‍ ജോര്‍ജ് ആവശ്യപ്പെട്ടിരുന്നു. പ്രദേശവാസികള്‍ കൌണ്‍സിലറെ വിവരമറിയിക്കുകയും കൌണ്‍സിലര്‍ പൊലീസിനെ വിവരമറിയിക്കുകയും ആയിരുന്നു. പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു.
അര്‍ദ്ധരാത്രിയോടെ കൊലപാതകം നടന്നെന്നാണ് പൊലീസ് നിഗമനം. പുലര്‍ച്ചെ നാലരയോടെ തൊട്ടടുത്ത കടകളില്‍ ചെന്ന് ജോര്‍ജ് ചാക്ക് തിരക്കിയിരുന്നു. ചാക്കില്‍ മൃതദേഹം കെട്ടി പുറത്തേക്ക് കൊണ്ടുവരുന്ന വഴി ജോര്‍ജ് തളര്‍ന്നുവീണതാകാമെന്ന് പൊലീസ് പറയുന്നു. അതേ സമയം മരിച്ച സ്ത്രീയെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല, എറണാകുളം സ്വദേശിയെന്ന സൂചന മാത്രമാണുള്ളത്. സംഭവത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നതേയുള്ളൂ. കുടുംബസമേതമാണ് ജോര്‍ജ് ഇവിടെ താമസിക്കുന്നത്.




