തിരുവനന്തപുരം: വർക്കലയിൽ സ്വകാര്യ ബസിൽ വെച്ച് ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയോട് മോശമായി പെരുമാറിയ യുവാവ് പിടിയിൽ. പ്രതി ദൃശ്യങ്ങൾ പകർത്തി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചതിനാണ് കേസ്. തെലുങ്കാന സ്വദേശിയായ 19 വയസുള്ള രാഹുലിനെയാണ് അയിരൂർ പോലീസിന്റെ വലയിൽ കുടുങ്ങിയത്. രാഹുലാണ് മൊബൈലിൽ ദൃശ്യങ്ങള്‍ പകര്‍ത്തി പ്രചരിപ്പിച്ചത്. ഇയാളൊടൊപ്പം ഉണ്ടായിരുന്ന മൂന്നു സുഹൃത്തുക്കളെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

സ്കൂളിൽ നിന്നും സ്വകാര്യ ബസിൽ വീട്ടിലേക്ക് വഴിയാണ് ഒരു യുവാവ് തങ്ങളുടെ ദൃശ്യങ്ങൾ പകർത്തുന്നത് പെൺകുട്ടിയുടെ ശ്രദ്ധയിൽപ്പെടുന്നത്. തുടർന്ന് പെൺകുട്ടി മാതാവിനെ ഫോണിൽ വിളിച്ച് വിവരം അറിയിച്ചു. തുടര്‍ന്ന് പെൺകുട്ടിയുടെ മാതാവ് സ്വകാര്യ ബസ് വഴിയിൽ തടഞ്ഞ് നാട്ടുകാരുടെ സഹായത്തോടെ ദൃശ്യങ്ങൾ പകർത്തിയ യുവാവിനെ പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു.

യുവാവിന്‍റെ മൊബൈൽ ഫോൺ പരിശോധിച്ചതിൽ നിന്നും ദൃശ്യങ്ങൾ പകർത്തിയതും പകർത്തിയ ദൃശ്യങ്ങൾ സ്നാപ്പ് ചാറ്റ് എന്ന സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചതായും വ്യക്തമായിട്ടുണ്ട്. കേരള എന്ന ടാഗോടെയാണ് വിദ്യാര്‍ത്ഥിനികള്‍ ബസിൽ യാത്ര ചെയ്യുന്നതിന്‍റെ വീഡിയോ പ്രചരിപ്പിച്ചത്. തുടർന്ന് നാട്ടുകാർ യുവാക്കളെ തടഞ്ഞുവെച്ചു. പോലീസിൽ വിവരം അറിയിക്കുകയും ചെയ്തു. പോലീസ് സ്ഥലത്തെത്തി യുവാവിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. യുവാവിനൊപ്പം ഉണ്ടായിരുന്ന ബാക്കി മൂന്ന് പേരെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.