- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മോട്ടോര്‍ പമ്പ് സെറ്റ് ഉപയോഗിച്ച് വെള്ളം ഒഴിവാക്കി മണല്‍ ഊറ്റി സ്വര്‍ണം അരിച്ചെടുക്കല്‍; നിലമ്പൂരിലെ പല പ്രദേശത്തും സ്വര്‍ണം ഭൂമിക്കടിയിലുണ്ടെന്ന അറിവ് പ്രേരണയായി; സ്വര്‍ണ്ണവില സര്‍വകാല റെക്കോര്‍ഡില്‍ എത്തിയതോടെ ഒരുകൈ നോക്കാന്‍ ശ്രമം; മറ്റു ജോലികള്‍ ഇല്ലാത്തതിനാലാണ് സ്വര്‍ണം അരിച്ചെടുക്കാന്‍ ശ്രമിച്ചതെന്ന് പിടിയിലായ സംഘം
മോട്ടോര്‍ പമ്പ് സെറ്റ് ഉപയോഗിച്ച് വെള്ളം ഒഴിവാക്കി മണല്‍ ഊറ്റി സ്വര്‍ണം അരിച്ചെടുക്കല്‍
നിലമ്പൂര്‍: സ്വര്‍ണം അരിച്ചെടുക്കാന്‍ വനത്തില്‍ അതിക്രമിച്ച് കയറിയ ഏഴുപേരെ വനം വകുപ്പ് അറസ്റ്റ് ചെയ്ത ശേഷം ജാമ്യത്തില്‍ വിട്ടയച്ച സംഭവം ഉണ്ടായത് നിലമ്പൂരിലാണ്. നിലമ്പൂര്‍ റേഞ്ച് പനയങ്കോട് സെക്ഷന്‍ പരിധിയിലെ ആയിരവല്ലിക്കാവ് വനഭാഗത്തെ ആമക്കയത്ത് മോട്ടോര്‍ പമ്പ് ഉപയോഗിച്ച് വെള്ളം ഒഴിവാക്കി മണല്‍ ഊറ്റി സ്വര്‍ണം അരിച്ചെടുക്കുകയായിരുന്ന മമ്പാട് പുള്ളിപ്പാടം സ്വദേശികളായ ഏഴംഗ സംഘത്തെയാണ് പിടികൂടിയത്. ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.
സ്വര്‍ണം അരിച്ചെടുക്കുന്ന മരവിയും വെള്ളം പമ്പ് ചെയ്യാന്‍ ഉപയോഗിച്ച മോട്ടോറും മറ്റു സാധനസാമഗ്രികളും പ്രതികളില്‍നിന്ന് വനം വകുപ്പ് കസ്റ്റഡിയിലെടുത്തു. വനത്തില്‍ അതിക്രമിച്ച് കയറിയതിനാണ് നിലവില്‍ കേസെടുത്തിട്ടുള്ളത്. സ്വര്‍ണ ഖനനവുമായി ബന്ധപ്പെട്ട കേസ് നടപടികളിലേക്ക് നീങ്ങുന്നതേയുള്ളുവെന്ന് വനം വകുപ്പ് അറിയിച്ചു. തിരുവനന്തപുരം വനം ഇന്റലിജന്‍സിനും നിലമ്പൂര്‍ നോര്‍ത്ത് ഡി.എഫ്.ഒ ധനേഷ് കുമാറിനും ലഭിച്ച വിവരത്തെ തുടര്‍ന്നാണ് സംഘത്തെ പിടികൂടിയത്.
നിലമ്പൂരിലെ പല പ്രദേശത്തും സ്വര്‍ണം ഭൂമിക്കടയിലുണ്ട്. ഇത് സംബന്ധിച്ച പഠന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. പണ്ട് മുതലേ സ്വര്‍ണം അരിച്ചെടുക്കുന്ന രീതി ഇവിടെയുള്ളവര്‍ക്കുണ്ട്. ഏറെ നേരം ശ്രമിച്ചാല്‍ മാത്രമാണ് അല്‍പ്പം സ്വര്‍ണം കിട്ടുക. സ്വര്‍ണവില വന്‍തോതില്‍ കൂടിയ സാഹചര്യത്തിലാണ് വീണ്ടും സ്വര്‍ണ ഖനനം സജീവമായത്. ഈ കേട്ടുകേള്‍വിയുടെ അടിസ്ഥാനത്തിലാണ് സ്വര്‍ണം അരിച്ചെടുക്കാന്‍ ആളുകള്‍ ശ്രമിച്ചത്.
വനംവകുപ്പം സംഘം എത്തിയപ്പോള്‍ ആയിരവല്ലിക്കാവ് ഭാഗത്തെ ആമക്കയത്തായിരുന്നു സംഘം പ്രവര്‍ത്തിച്ചിരുന്നത്. മണല്‍ എടുത്ത് വെള്ളത്തിലിട്ട് ഏറെ സമയം അരിച്ചാലാണ് സ്വര്‍ണത്തിന്റെ അംശങ്ങള്‍ കിട്ടുക. വളരെ കുറഞ്ഞ അളവില്‍ മാത്രമാണ് ഇത്തരത്തില്‍ സ്വര്‍ണം കിട്ടുന്നത്. എന്നാല്‍ മൂല്യം കൂടിയതിനാല്‍ ചെറിയ തരി കിട്ടാന്‍ പോലും പലരും ശ്രമിക്കുന്നുണ്ട്. മറ്റു ജോലികള്‍ ഇല്ലാത്തതിനാലാണ് സ്വര്‍ണം അരിച്ചെടുക്കാന്‍ ശ്രമിച്ചത് എന്ന് സംഘം പറയുന്നു. ഇവര്‍ക്ക് സ്വര്‍ണം കിട്ടിയിരുന്നോ എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.
ബ്രിട്ടീഷുകാര്‍ പാതിവഴിയില്‍ ഉപേക്ഷിച്ച ദൗത്യമാണ് നിലമ്പൂരിലെ സ്വര്‍ണ ഖനനം. പ്രതീക്ഷിച്ച പോലെ സ്വര്‍ണം കണ്ടെത്താന്‍ സാധിക്കാത്തതും കാലാവസ്ഥ പ്രതികൂലമായതുമാണ് ബ്രിട്ടീഷുകാരെ പിന്തിരിപ്പിച്ചത്. എങ്കിലും നാട്ടുകാര്‍ സ്വര്‍ണം അരിച്ചെടുത്തിരുന്നു. പ്രളയവും ദുരന്തങ്ങളും ഭൂമിയുടെ ഘടനയില്‍ മാറ്റം വരുത്തിയിട്ടുണ്ട്.
മേഖലയില്‍ സ്വര്‍ണ ശേഖരത്തിന് സാധ്യതയുണ്ടെന്ന് മൈനര്‍ മിനറല്‍ ജില്ലാ സര്‍വ്വെ റിപ്പോര്‍ട്ടില്‍ സൂചനയുണ്ടായിരുന്നു. നേരിട്ട് ഖനനം ചെയ്യാവുന്ന സ്വര്‍ണവും മണ്ണില്‍ അലിഞ്ഞ സ്വര്‍ണവുമാണ് ഇവിടെയുള്ളതത്രെ. മരുത പ്രദേശത്താണ് കൂടുതല്‍. പുഴകളില്‍ മണ്ണില്‍ അലിഞ്ഞുചേര്‍ന്ന രീതിയില്‍ സ്വര്‍ണമുണ്ടെന്നു റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
പുഴയില്‍ നിന്ന് മണ്ണും മണലും കോരിയെടുത്ത് അരിച്ചാണ് സ്വര്‍ണം കണ്ടെത്തിയിരുന്നത്. സ്വര്‍ണ ഖനനം അത്ര എളുപ്പമുള്ള കാര്യമല്ല. കോടികളുടെ നിക്ഷേപം ആവശ്യമായി വരും. നിലമ്പൂരില്‍ ഖനനത്തിലൂടെ സ്വര്‍ണം എടുക്കാനാകുമോ എന്ന കാര്യത്തില്‍ ഇപ്പോഴും അവ്യക്തത തുടരുന്നതിനിടെയാണ് നാട്ടുകാരുടെ അരിച്ചെടുക്കല്‍ സാഹസം. മുമ്പ് നിലമ്പൂര്‍ എംഎല്‍എയായിരുന്ന അന്‍വര്‍ ആഫ്രിക്കയില്‍ പോയി സ്വര്‍ണം ഖനനം ചെയ്യാന്‍ ശ്രമിച്ചിരുന്നു. ഇപ്പോള്‍ മുന്‍ എംഎല്‍എയുടെ വഴിയിലാണ് നാട്ടുകാരും ഇത്തരമൊരു പരിശ്രമം നടത്തിയത്.




