- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
'കടകംപള്ളിയും പത്മകുമാറും തന്ത്രിയുമായും അടുപ്പം; മുരാരി ബാബുവും ഉദ്യോഗസ്ഥരും തന്റെ അടുപ്പക്കാര്‍'; സ്വര്‍ണ്ണത്തട്ടിപ്പ് നടത്തിയത് ചെന്നൈ-ബെംഗളൂരു കേന്ദ്രീകരിച്ചുള്ള വേറെ സംഘമെന്ന് പോറ്റിയുടെ മൊഴി; ഉണ്ണികൃഷ്ണന്റെ കൂട്ടാളികളായ ആ സംഘം ഒളിവില്‍; കല്പേഷിനെയും അനന്ത സുബ്രഹ്മണ്യത്തെയും തേടി അന്വേഷണ സംഘം
'കടകംപള്ളിയും പത്മകുമാറും തന്ത്രിയുമായും അടുപ്പം; മുരാരി ബാബുവും ഉദ്യോഗസ്ഥരും തന്റെ അടുപ്പക്കാര്‍'
തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റി അറസ്റ്റിലായതോടെ മുഖ്യപങ്കാളികളെന്ന് സംശയിക്കുന്ന ബംഗളൂരു സ്വദേശികളായ കല്‍പേഷ്, അനന്ത സുബ്രഹ്‌മണ്യന്‍, ഹൈദരാബാദ് സ്വദേശി നാഗേഷ് എന്നിവര്‍ ഒളിവില്‍. ഇവരെ തേടി പ്രത്യേക അന്വേഷണസംഘത്തിലെ ഒരു വിഭാഗം ചെന്നൈ, ബംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളില്‍ അന്വേഷണം നടത്തുന്നുണ്ടെങ്കിലും മൂവരെക്കുറിച്ചും വിവരം ലഭിച്ചിട്ടില്ല.
വമ്പന്‍ കണ്ണിയിലേക്കാണ് പോറ്റിയുടെ വെളിപ്പെടുത്തല്‍ വെളിച്ചം വീശുന്നത്. അതുകൊണ്ട് തന്നെയാണ് അന്വേഷണം സംഘം എത്തുന്നതിന് മുമ്പ് കൂട്ടാകളികള്‍ മുങ്ങിയതെന്നാണ് വിവരം. ഉണ്ണികൃഷ്ണന്‍ പോറ്റി നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ അനന്ത സുബ്രഹ്‌മണ്യത്തിന്റെയും നാഗേഷിന്റെയും വീടുകളില്‍ പരിശോധന നടത്തി കുടുംബാംഗങ്ങളെ ചോദ്യംചെയ്തു. അറസ്റ്റ് ഭയന്ന് ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് ഇരുവരും കടന്നതായാണ് വിവരം. ഇവര്‍ ബന്ധപ്പെടാന്‍ സാധ്യതയുള്ളവരുടെ പട്ടിക പൊലീസ് ശേഖരിച്ചുവരികയാണ്. ഇതിനായി ലോക്കല്‍ പൊലീസിന്റെ സഹായം തേടി.
അതേസമയം പോറ്റിയും സ്മാര്‍ട്ട് ക്രിയേഷന്‍സ് സി.ഇ.ഒയും പറയുന്ന കല്‍പേഷ് യഥാര്‍ഥത്തിലുണ്ടോ എന്ന സംശയം അന്വേഷണ സംഘം ഉയര്ത്തുന്നുണ്ട്. പേരല്ലാതെ കൂടുതല്‍ വിവരങ്ങള്‍ പോറ്റിക്കോ സ്മാര്‍ട്ട് ക്രിയേഷന്‍സിനോ ഇയാളെക്കുറിച്ച് അറിയില്ല. 2019 ജൂലൈ 19ന് സ്വര്‍ണം പൂശാനെന്ന പേരില്‍ ദ്വാരപാലക ശില്‍പങ്ങളിലെ 12 പാളികളും രണ്ട് സ്വര്‍ണത്തകിടുകളും പോറ്റിക്ക് പകരക്കാരനായി എത്തിയ അനന്ത സുബ്രഹ്‌മണ്യനാണ് സന്നിധാനത്തുനിന്ന് കൊണ്ടുപോയത്.
ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥരുടെ അറിവോടെ ഇയാള്‍ ഏതാനും ദിവസം ബംഗളൂരുവിരിലെ വീട്ടില്‍ ഇവ സൂക്ഷിച്ചു. തുടര്‍ന്ന് പോറ്റിയുടെ നിര്‍ദേശപ്രകാരമാണ് അനന്ത സുബ്രഹ്‌മണ്യന്‍ അറ്റകുറ്റപ്പണിക്കെന്ന പേരില്‍ ഹൈദരാബാദിലെ നാഗേഷിന്റെ ആലയില്‍ കൊണ്ടുവന്നത്. ആഗസ്റ്റ് 29ന് നാഗേഷ് ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ എത്തിച്ചപ്പോള്‍ പാളികളുടെ ഭാരം 42.8 കിലോയില്‍നിന്ന് 38.2 കിലോയായി മാറി. അഡ്മിനിട്രേറ്റീവ് ഓഫിസര്‍ മുരാരി ബാബുവും സംഘവും സന്നിധാനത്തുനിന്ന് ചെമ്പെന്ന് രേഖപ്പെടുത്തി കൊണ്ടുപോയ 'സ്വര്‍ണപ്പാളികള്‍' ഹൈദരാബാദില്‍ നാഗേഷിന്റെ നേതൃത്വത്തില്‍ അഴിച്ചെടുത്ത് പകരം അതേപകര്‍പ്പില്‍ അച്ച് തയാറാക്കി ചെമ്പുപാളികളാക്കിയെന്നാണ് നിഗമനം.
സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ പലഘട്ടങ്ങളിലായി എത്തിച്ച കട്ടിളപ്പടിയിലും ദ്വാരപാലക ശില്‍പപാളികളിലും സ്വര്‍ണം പൂശിയശേഷം ബാക്കി 60 പവന്‍ ഉണ്ണികൃഷ്ണന്‍ പോറ്റി ചുമതലപ്പെടുത്തിയ കല്‍പേഷ് വഴി കൊടുത്തുവിട്ടെന്നാണ് സ്മാര്‍ട്ട് ക്രിയേഷന്‍ സി.ഇ.ഒ പങ്കജ് ഭണ്ഡാരിയുടെ മൊഴി. എസ്.ഐ.ടിയുടെ ചോദ്യംചെയ്യലില്‍ പേരല്ലാതെ കൂടുതലൊന്നും കല്‍പേഷിനെക്കുറിച്ച് അറിയില്ലെന്ന് പങ്കജ് ആവര്‍ത്തിച്ചു. തട്ടിപ്പില്‍ സ്മാര്‍ട്ട് ക്രിയേഷന്‍സിനും പങ്കുണ്ടെന്ന് ഉദ്യോഗസ്ഥര്‍ സംശയിക്കുന്നു. വരുംദിവസങ്ങളില്‍ പങ്കജിനെ തിരുവനന്തപുരത്ത് വിളിച്ചുവരുത്തി ചോദ്യം ചെയ്യും.
അതിനിടെ ഉന്നതരുമായുള്ള തന്റെ ബന്ധങ്ങളാണ് ശബരിമലയിലെ സ്വര്‍ണക്കൊള്ളയില്‍ ഒരു സംഘം ഉപയോഗപ്പെടുത്തിയതെന്ന് പ്രതി ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുടെ മൊഴിയെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നു. മുന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, തന്ത്രി, ദേവസ്വം ബോര്‍ഡ് പ്രസിഡന്റായിരുന്ന എ.പത്മകുമാര്‍ തുടങ്ങി പല പ്രമുഖരുമായും അടുപ്പമുണ്ടായിരുന്നു. മുരാരി ബാബു ഉള്‍പ്പടെയുള്ള ശബരിമലയിലെ ഉന്നത ഉദ്യോഗസ്ഥരും തന്റെ അടുപ്പക്കാരാണ്. ഈ ബന്ധങ്ങള്‍ മറയാക്കി ചെന്നൈബെംഗളൂരു കേന്ദ്രീകരിച്ചുള്ള വന്‍ സംഘമാണ് കവര്‍ച്ച നടപ്പാക്കിയതെന്നും ഒടുവില്‍ അവര്‍ തന്നെ കുടുക്കിയെന്നും പോറ്റി മൊഴി നല്‍കിയതായി മനോരമ ന്യൂസ് റിപ്പോര്‍ട്ടു ചെയ്തു.
സ്വര്‍ണക്കൊള്ളയില്‍ 2025ലെ ദ്വാരപാലക ശില്‍പ്പപാളികളുടെ സ്വര്‍ണം പൂശലും അന്വേഷിക്കും. 2019 മുതല്‍ 2025 വരെയുള്ള ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുടെ ഇടപാടുകള്‍ സംശയാസ്പദമെന്ന് പ്രത്യേകസംഘം കോടതിയെ അറിയിച്ചു. കഴിഞ്ഞ ദിവസം സന്നിധാനത്ത് സ്ഥാപിച്ച ശില്‍പ്പപാളികളിലും സ്വര്‍ണംപൂശിയത് ഉണ്ണിക്കൃഷ്ണന്‍ പോറ്റിയാണ്. 2019ല്‍ 40 വര്‍ഷം ഗാരണ്ടിയെന്ന് പറഞ്ഞ് സ്വര്‍ണം പൂശിക്കൊണ്ടുവന്ന പാളികള്‍ ആറ് വര്‍ഷം കഴിഞ്ഞപ്പോള്‍ വീണ്ടും സ്വര്‍ണം പൂശാന്‍ കൊണ്ടുപോവുകയായിരുന്നു.
2024ല്‍ ഉണ്ണിക്കൃഷ്ണന്‍ പോറ്റിയും മുരാരി ബാബുവും അടങ്ങുന്ന സംഘമാണ് വീണ്ടും സ്വര്‍ണം പൂശണമെന്ന ആശയം മുന്നോട്ടുവെച്ചത്. വീണ്ടും സ്വര്‍ണം തട്ടാനുള്ള നീക്കമായിരുന്നൂ അതെന്ന് സംശയിച്ചാണ് 2015ലെ ഇടപാടും അന്വേഷിക്കാന്‍ എസ്.ഐ.ടി തീരുമാനിച്ചത്. 2019 ജൂലായ് മുതല്‍ 2025 സെപ്തംബര്‍ 27 വരെയുള്ള മുഴുവന്‍ ഇടപാടും അന്വേഷിക്കുമെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടിലുള്ളത്. ഇതോടെ നിലവിലെ ബോര്‍ഡും അന്വേഷണ പരിധിയിലാവുകയാണ്.
അതിനിടെ ഈഞ്ചക്കലിലെ ക്രൈംബ്രാഞ്ച് ഓഫിസില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ചോദ്യംചെയ്യല്‍ ഇന്നും തുടരും. തട്ടിപ്പിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പോറ്റി പറയാന്‍ തയാറായിട്ടില്ല. ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥരുടെ ഒത്താശയോടെ, അവരിറക്കിയ ഉത്തരവുകളുടെ അടിസ്ഥാനത്തിലാണ് താന്‍ പാളികള്‍ കൊണ്ടുപോയതെന്ന് ഇയാള്‍ ആവര്‍ത്തിക്കുന്നു.
പോറ്റിയുടെ കാരേറ്റുള്ള വീട്ടിലും ബംഗളൂരുവിലെ വീട്ടിലും പ്രത്യേക അന്വേഷണസംഘം പരിശോധന നടത്തി. 2017 മുതല്‍ 2025 സെപ്റ്റംബര്‍ വരെ പോറ്റി നല്‍കിയ സാമ്പത്തിക സഹായങ്ങളും ബാങ്ക് നിക്ഷേപങ്ങളും വീട്ടുകാരില്‍നിന്ന് ചോദിച്ചറിഞ്ഞു. ഇന്നലെ വൈകിട്ട് നാല് മണിയോടെ വീട്ടിലെത്തിയ എത്തിയ സംഘം അര്‍ദ്ധരാത്രിയോടെയാണ് മടങ്ങിയത്. പുളിമാത്ത് വില്ലേജ് ഓഫീസര്‍, പഞ്ചായത്ത് വാര്‍ഡ് അംഗം എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പരിശോധന. വ്യാപകമായി വട്ടി പലിശ ഇടപാടുകള്‍ നടത്തിയിരുന്ന ഇയാള്‍ നിരവധിപേരുടെ ഭൂമി സ്വന്തം പേരിലേക്ക് മാറ്റിയിരുന്നതായും സംഘം കണ്ടെത്തിയിട്ടുണ്ട്. ഭാര്യയുടെയും അമ്മയുടെയും സഹോദരി ഭര്‍ത്താവിന്റെയുമെല്ലാം പേരുകളില്‍ ഇയാള്‍ ഭൂമി എഴുതിവാങ്ങിയിരുന്നുവെന്നാണ് നിഗമനം.
തിരുവനന്തപുരം കേന്ദ്രീകരിച്ച് മുന്‍ ദേവസ്വം കരാറുകാരനായിരുന്നയാളെ ദല്ലാളാക്കിയായിരുന്നു പോറ്റിയുടെ ഇടപാടുകള്‍. 2023ന് ശേഷം ഇയാള്‍ക്കുണ്ടായ അഭൂതപൂര്‍വമായ സാമ്പത്തിക വളര്‍ച്ചയും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. പിടിച്ചെടുത്തവ തങ്ങള്‍ ഉപയോഗിക്കുന്ന സ്വര്‍ണാഭരങ്ങളാണെന്നാണ് കുടുംബം പറയുന്നത്. ഇതിനിടെ, പോറ്റിയെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യുന്നത് നാലാം ദിവസവും തുടരുകയാണ്.
തട്ടിപ്പിനെ കൂട്ടുനിന്ന് അന്നത്തെ ദേവസ്വം അഡ്മിനിസ്ട്രേറ്റര്‍ മുരാരി ബാബുവിനെ വൈകാതെ പോറ്റിക്കൊപ്പമിരുത്തി ചോദ്യം ചെയ്യും. കല്‍പേഷ് എന്നയാള്‍ക്കായി അന്വേഷണം പുരോഗമിക്കുകയാണ്. ഇതുവരെ പ്രതിപ്പട്ടിയില്‍ വരാതിരുന്ന സ്മാര്‍ട്ട് ക്രിയേഷന്‍സിനെയും പ്രതിപ്പട്ടികയില്‍ ചേര്‍ക്കും. ഇവിടെ വെച്ചാണ് സ്വര്‍ണം വേര്‍തിരിച്ചതെന്ന് അന്വേഷണത്തില്‍ സ്ഥിരീകരിച്ചതിന് പിന്നാലെയാണ് നടപടി.