കൊച്ചി: വരാപ്പുഴയില്‍ പിറന്നാള്‍ ആഘോഷത്തിനായി ഒത്തുച്ചേര്‍ന്ന ഗുണ്ടകളെ പിടികൂടി എറണാകുളം റൂറല്‍ പൊലീസ്. റൂറല്‍ എസ് പി വൈഭവ് സക്‌സേനയുടെ നേതൃത്വത്തില്‍ എത്തിയ പൊലീസ് സംഘമാണ് ഗുണ്ടാ സംഘത്തെ പിടികൂടിയത്.

ഒരു കുട്ടിയുടെ പിറന്നാള്‍ ആഘോഷവുമായി ബന്ധപ്പെട്ടാണ് ഇവര്‍ വരാപ്പുഴയിലെ വീട്ടില്‍ ഒത്തുചേര്‍ന്നത്. വിവിധ ജില്ലകളില്‍ നിന്നുള്ള എട്ട് പേരെയാണ് പിടിയിലായിരിക്കുന്നത്. നിരവധി ക്രിമനല്‍ കേസുകളിലെ പ്രതിയായ ചേരനാല്ലൂര്‍ സ്വദേശി രാധകൃഷ്ണന്റെ വരാപ്പുഴ പുഞ്ചക്കുഴിയിലെ വാടക വീട്ടില്‍ പിറന്നാളാഘോഷത്തിനെത്തിയ ക്രിമിനല്‍ സംഘമാണ് പോലീസ് പിടിയിലായത്.

ചാവക്കാട് മണലംകുന്ന് ചെറുതോട്ടു പുറത്ത് അനസ് (25), ആലുവ തായിക്കാട്ടുകര കളത്തിപ്പറമ്പില്‍ അര്‍ഷാദ് (23), ഹരിപ്പാട് കുഞ്ചനല്ലൂര്‍ എസ്.പി ഹൗസില്‍ സൂരജ് (26), ഹരിപ്പാട് വിളയില്‍ തെക്കേതില്‍ യദുകൃഷ്ണന്‍ (27), വടുതല വെള്ളിന വീട്ടില്‍ ഷെറിന്‍ സേവ്യര്‍ (47), കൂനംതൈ തോട്ടു പുറത്ത് സുധാകരന്‍ (42), ആലത്തൂര്‍ കൊക്രാട്ടില്‍ മുഹമ്മദ് ഷംനാസ് (28), ഏലൂര്‍ കുടിയിരിക്കല്‍ വസന്ത് കുമാര്‍ (22) എന്നിവരെയാണ് വരാപ്പുഴ പോലീസ് അറസ്റ്റ് ചെയ്തത്.

ജില്ലാ പോലീസ് മേധാവി വൈഭവ് സക്‌സേനയ്ക്ക് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നാണ് പ്രത്യേക പോലീസ് സംഘം പരിശോധന നടത്തിയത്. പിറന്നാള്‍ ആഘോഷത്തിന്റെ മറവില്‍ ക്രിമനല്‍ സംഘത്തിന്റെ കൂടിച്ചേരലായിരുന്നു ഇതെന്ന് സംശയമുണ്ട്. നിരവധി കേസുകളില്‍ ഉള്‍പ്പെട്ടവരാണ് പിടിയിലായവര്‍. അനസിന് വടക്കേക്കര പോലീസ് സ്റ്റേഷനില്‍ മൂന്ന് കേസുകളുണ്ട്. അര്‍ഷല്‍ സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമക്കേസില്‍ പ്രതിയാണ്.

സൂരജ് ഹരിപ്പാട് സ്റ്റേഷനില്‍ മൂന്ന് കേസുകളില്‍ ഉള്‍പ്പെട്ടയാളാണ്. യദുകൃഷ്ണന്‍ വധശ്രമമുള്‍പ്പടെയുള്ള കേസുകളില്‍ പ്രതിയാണ്. ഷെറിന്‍ സേവ്യറിന് നോര്‍ത്ത് സ്റ്റേഷനില്‍ 4 കേസുകളുണ്ട്. സുധാകരന്‍ കളമശേരി പോലീസ് സ്റ്റേഷന്‍ പരിധിയില്‍ മാരകായുധമായി ആക്രമിച്ച കേസില്‍ പ്രതിയാണ്. മുഹമ്മദ് ഷംനാസ് കൊലപാതകക്കേസിലെ പ്രതിയാണ്. വസന്ത് കുമാര്‍ ഏലൂര്‍ പോലീസ് സ്റ്റേഷനില്‍ വധശ്രമക്കേസിലെ പ്രതിയാണ്.കാപ്പ ചുമത്തപെട്ട് സിറ്റി പരിധിയില്‍ നിന്ന് നാടുകടത്തപ്പെട്ടയാളാണ് രാധാകൃഷ്ണന്‍.