അടൂർ: വസ്തു തർക്കത്തെ തുടർന്ന് ഗുണ്ടകളായ സഹോദരന്മാർ വീടു കയറി ആക്രമിച്ചു. ആക്രമിക്കപ്പെട്ടവർ നടത്തിയ തിരിച്ചടിയിൽ ഗുണ്ടകളുടെ മാതാവിന് വെട്ടേറ്റ് ഗുരുതരപരുക്ക്. വീട് തകർക്കുകയും ഉപകരണങ്ങൾ വാരി കിണറ്റിലിടുകയും ചെയ്തു.

കുറുമ്പകര മുളയങ്കോട് ശനിയാഴ്ച രാത്രി എട്ടു മണിക്കാണ് അക്രമ സംഭവങ്ങളുടെ തുടക്കം. ശരൺ, സന്ധ്യ എന്നീ അയൽവാസികൾ തമ്മിൽ വസ്തു സംബന്ധമായ തർക്കം നിലനിന്നിരുന്നു. സന്ധ്യയുടെ ബന്ധുവായ അനിയും ഇയാളുടെ സുഹൃത്തുക്കളും ഗുണ്ടകളുമായ മാരൂർ ഒഴുകുപാറ സ്വദേശി സൂര്യലാൽ, അനിയൻ ചന്ദ്രലാൽ എന്നിവർ ചേർന്ന് ശരണിനെയും ബന്ധുക്കളെയും വീട് കയറി ആക്രമിച്ചു.

ആക്രമിക്കപ്പെട്ട ശരണും സംഘവും ഞായറാഴ്ച രാത്രി 11 മണിയോടെ സൂര്യലാലിന്റെ വീട് കയറി ആക്രമിച്ചു. കാപ്പാക്കേസ് പ്രതിയാണ് സൂര്യലാൽ. ഇയാളുടെ മാതാവ് സുജാതയ്ക്ക് വെട്ടേറ്റ് ഗുരുതരപരുക്കുണ്ട്. ഇവരെ കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. അക്രമി സംഘം വീട്ടിൽ ഉണ്ടായിരുന്ന സാധനങ്ങൾ വാരി കിണറ്റിലിട്ടു. വീടും അടിച്ചു തകർത്തു.

അടൂർ പൊലീസ് സ്റ്റേഷൻ അതിർത്തിയിലാണ് ഈ പ്രദേശം. ആദ്യം ആക്രമിക്കപ്പെട്ട ശരണിന്റെ വീട് ഏനാത്ത് പൊലീസ് സ്റ്റേഷൻ അതിർത്തിയിലാണ്. മാരൂർ പ്രദേശത്ത് ക്രിമിനൽ പശ്ചാത്തലമുള്ള നിരവധി പേർ താമസിക്കുന്നുണ്ട്. കഞ്ചാവ് വിൽപ്പനയും സാമൂഹിക വിരുദ്ധ പ്രവർത്തനവും ഇവിടെ പതിവാണ്. സൂര്യലാലിനെതിരേ അടൂർ പൊലീസ് കാപ്പ ചുമത്തിയിരുന്നു. രണ്ടു സംഭവങ്ങളിലും കേസ് രജിസ്റ്റർ ചെയ്തു. പ്രദേശത്ത് പൊലീസ് ശക്തമായ സുരക്ഷ ഒരുക്കിയിട്ടുണ്ട്.