കൊച്ചി: എറണാകുളം പനമ്പുക്കാട് വീട്ടമ്മയ്ക്ക് നേരെ ആക്രമണം. മുഖം മൂടി ധരിച്ച് എത്തിയ മൂന്ന് അംഗം സംഘം യുവതിയെ ആക്രമിച്ചെന്നാണ് കുടുംബത്തിന്റെ പരാതി. ആക്രമണത്തില്‍ പരിക്കേറ്റ ചന്തിരൂര്‍ സ്വദേശി വിന്നി മെഡിക്കല്‍ ട്രസ്റ്റില്‍ ചികിത്സയിലാണ്. കുടുംബം മുളവുകാട് പൊലീസില്‍ പരാതി നല്‍കി.

ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു ആക്രമണം. പനമ്പുകാട് മത്സ്യ ഫാം നടത്തുന്ന വിന്നിയും ഭര്‍ത്താവും ഫാമില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്നു. ഭര്‍ത്താവ് അല്‍പ നേരം മാറി നിന്ന മുറയ്ക്ക് മുഖം മൂടി ധരിച്ചെത്തിയ മൂന്നംഗ സംഘം ചന്തിരൂര്‍ സ്വദേശി വിന്നിയെ ആക്രമിക്കുകയായിരുന്നു. ഇരുമ്പുവടി അടക്കം ഉപയോഗിച്ചായിരുന്നു ആക്രമണം.

പ്രദേശത്തെ സാമൂഹ്യ വിരുദ്ധരാണ് അക്രമണത്തിന് പിന്നിലെന്നാണ് കുടുംബത്തിന്റെ പരാതി. ഇതിനുമുന്‍പും വിന്നിക്ക് നേരെ വധഭീഷണിയുണ്ടായിരുന്നെന്ന് ഭര്‍ത്താവ് പറഞ്ഞു. ഫാമില്‍ സിസിടിവി ക്യാമറകള്‍ വെച്ചതിന് പിന്നാലെ തര്‍ക്കങ്ങളുണ്ടായിരുന്നെന്നും ക്യാമറകള്‍ സാമൂഹ്യ വിരുദ്ധര്‍ തല്ലിതകര്‍ത്തെന്നും ഭര്‍ത്താവ് പറയുന്നു. മെഡിക്കല്‍ ട്രസ്റ്റില്‍ ചികിത്സയില്‍ തുടരുന്ന വിന്നിയുടെ തലയില്‍ 20 സ്റ്റിച്ചുകളുണ്ടെന്നാണ് വിവരം.

സിപിഎം പ്രാദേശികനേതാവിന്റെ നിര്‍ദേശപ്രകാരമാണ് ആക്രമണമെന്നും ആരോപണമുണ്ട്. ലഹരിസംഘത്തിന്റെ ഭീഷണിയുണ്ടായിരുന്നുവെന്ന് ഭര്‍ത്താവ് പറഞ്ഞു. ലഹരിസംഘത്തിന്റെ സഹായിയായ സിപിഎം പ്രാദേശികനേതാവ് ഭീഷണിപ്പെടുത്തി. പൊലീസിനെ അറിയിച്ചെങ്കിലും ഇടപെട്ടില്ലെന്നുമാണ് ആക്ഷേപം.