മലപ്പുറം: വായ്പ തിരിച്ചടവ് മുടങ്ങിയതിന്റെ പേരിൽ വീട്ടിൽ അതിക്രമിച്ചു കയറി കുടുംബത്തെ ക്രൂരമായി അക്രമിച്ച സംഭവത്തിൽ രണ്ട് പേർ കസ്റ്റഡിയിൽ. മഞ്ചേരി വായ്പാറപ്പടി അച്ചിപ്പുറത്ത് വീട്ടിൽ അസദുല്ല (47), ഭാര്യ മിൻസിയ (43), മകൻ ആമിൻ സിയ (23) എന്നിവർക്കാണ് മർദ്ദനമേറ്റത്. ഇവരെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്വകാര്യ ധനകാര്യ സ്ഥാപനത്തിന്റെ ഗുണ്ടകളാണ് അക്രമത്തിന് പിന്നിലെന്ന് അസദുല്ല ആരോപിച്ചു.

ബുധനാഴ്ച രാവിലെ പതിനൊന്നരയോടെയാണ് സംഭവം. കാർ വാങ്ങാനായി 2023 മാർച്ചിൽ മഞ്ചേരിയിലെ ഒരു സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നിന്ന് 4.1 ലക്ഷം രൂപ അസദുല്ല വായ്പയെടുത്തിരുന്നു. കൃത്യമായി തിരിച്ചടവ് നടത്തി വരികയായിരുന്നെങ്കിലും കഴിഞ്ഞ രണ്ടു മാസമായി ഇത് മുടങ്ങി. ഇതേത്തുടർന്ന്, ബൈക്കിലെത്തിയ രണ്ടുപേർ വീട്ടിലെത്തി പ്രശ്നങ്ങളുണ്ടാക്കുകയും ഒരാഴ്ചയ്ക്കുള്ളിൽ പണം അടക്കാമെന്ന് പറഞ്ഞിട്ടും കൂട്ടാക്കിയില്ലെന്നുമാണ് ആരോപണം.

തുടർന്ന്, അക്രമികളിലൊരാൾ ആമിൻ സിയയെ ഹെൽമെറ്റ് കൊണ്ട് തലയ്ക്കടിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു. തടയാനെത്തിയ മിൻസിയെയും ഇവർ ആക്രമിച്ചു. മിൻസിയുടെ വലതുകൈക്ക് പൊട്ടലേറ്റു. അസദുല്ലയുടെ മൂക്കിനും പരിക്കേറ്റിട്ടുണ്ട്. ആമിൻ സിയയുടെ തലയിലെ മുറിവിന് എട്ട് തുന്നലുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് മഞ്ചേരിയിൽ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. രണ്ട് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.