- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
ഇൻസ്റ്റാഗ്രാം വഴി 32കാരിയുമായി സൗഹൃദം സ്ഥാപിച്ചു; വെള്ളം ചോദിച്ച് വീട്ടിനകത്തു കയറിപ്പറ്റി; വീട്ടിൽ ആരുമില്ലാത്ത നേരം നോക്കി കത്തികാട്ടി ക്രൂരത; സർക്കാർ ഉദ്യോഗസ്ഥയെ പീഡിപ്പിച്ച ശേഷം കെട്ടിയിട്ടു; ഒരാഴ്ച ഒളിവിലിരുന്ന 27കാരൻ ഒടുവിൽ പിടിയിൽ

അമരാവതി: ആന്ധ്രാപ്രദേശിലെ പൽനാട് ജില്ലയിൽ സർക്കാർ ഉദ്യോഗസ്ഥയെ വീട്ടിൽ അതിക്രമിച്ചു കയറി ക്രൂരമായ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ പ്രതി പിടിയിൽ. രാജുപാലം സ്വദേശി നമല ശ്രീനിവാസിനെ (27) ആണ് പൽനാട് പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവം നടന്ന് ഒരാഴ്ച പിന്നിട്ടിട്ടും പ്രതിയെ പിടികൂടാൻ വൈകിയത് സംസ്ഥാന സർക്കാരിനെ വലിയ പ്രതിരോധത്തിലാക്കിയിരുന്നു. മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു നേരിട്ട് ഇടപെട്ട് അടിയന്തര നടപടിക്ക് നിർദ്ദേശം നൽകിയതോടെയാണ് അന്വേഷണം ഊർജിതമായത്.
പഞ്ചായത്ത് രാജ് വകുപ്പിലെ ഉദ്യോഗസ്ഥയായ 32-കാരിയുമായി മെസേജിങ് ആപ്പിലൂടെയും ഇൻസ്റ്റാഗ്രാമിലൂടെയുമാണ് പ്രതി പരിചയം സ്ഥാപിച്ചത്. ഈ മാസം രണ്ടിന് ഉച്ചകഴിഞ്ഞ് 3.30-ഓടെയാണ് സംഭവം. മച്ചേർല പട്ടണത്തിലെ യുവതിയുടെ വീട്ടിലെത്തിയ ശ്രീനിവാസ്, കുടിക്കാൻ ഒരു ഗ്ലാസ് വെള്ളം ചോദിച്ചാണ് അകത്തുകയറിയത്. യുവതി വീട്ടിൽ തനിച്ചാണെന്ന് മനസ്സിലാക്കിയ പ്രതി കത്തികാട്ടി ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്യുകയായിരുന്നു. തുടർന്ന് ഇവരുടെ ഷാൾ ഉപയോഗിച്ച് കൈകാലുകൾ കെട്ടിയിട്ട ശേഷം പ്രതി കടന്നുകളഞ്ഞു.
പിന്നീട് അയൽവാസികൾ എത്തിയാണ് യുവതിയെ രക്ഷപ്പെടുത്തിയത്. സിസിടിവി ദൃശ്യങ്ങൾ, കോൾ റെക്കോർഡുകൾ, സാങ്കേതിക തെളിവുകൾ എന്നിവ കേന്ദ്രീകരിച്ച് നടത്തിയ ശാസ്ത്രീയ അന്വേഷണമാണ് പ്രതിയെ കുടുക്കാൻ സഹായിച്ചതെന്ന് പൽനാട് എസ്പി ബി. കൃഷ്ണ റാവു പറഞ്ഞു. പ്രതിയുടെയും ഇരയുടെയും ഫോണുകൾ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഇവ വിശദമായ പരിശോധനയ്ക്കായി ഫോറൻസിക് ലാബിലേക്ക് അയച്ചു. നിലവിൽ യുവതിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.


