പത്തനംതിട്ട: ഹെൽമറ്റില്ലാതെ, അസഹ്യമായ ശബ്ദവും പുറപ്പെടുവിച്ച് ഓടിച്ചു പോകുന്ന പച്ച ബുള്ളറ്റുകാരനെ പിടികുടാൻ വാഹനത്തിന്റെ നമ്പർ നോക്കി പിഴയടയ്ക്കാനുള്ള ഓൺലൈൻ ചെല്ലാൻ അയച്ചതാണ് മോട്ടോർ വാഹനവകുപ്പ്. പിഴ ഒടുക്കാനുള്ള ചെല്ലാനുമായി അടൂർ ജോയിന്റ് ആർടി ഓഫീസിൽ വന്നത് ചുവന്ന ബുള്ളറ്റുകാരൻ.

നിങ്ങൾ ചെല്ലാനിൽ കാണിച്ചിരിക്കുന്ന സമയത്തോ ദിവസത്തോ ഞാൻ വഴി പോയിട്ടില്ലെന്ന് അയാൾ തറപ്പിച്ചു പറയുന്നു. തങ്ങൾ കണ്ടത് ചുവന്നതല്ല പച്ച ബുള്ളറ്റാണെന്ന് അറിയാവുന്ന ആർടിഓ ഉദ്യോഗസ്ഥർ പച്ച ബുള്ളറ്റ് തപ്പിയിറങ്ങി. ഒടുക്കം വാഹനവും ഓടിച്ചയാളെയും കിട്ടി. വ്യാജ നമ്പർ പ്ലേറ്റ് സ്ഥാപിച്ചതും വണ്ടി എങ്ങനെ നിങ്ങൾക്ക് കിട്ടിയെന്നതും സംബന്ധിച്ച ചോദ്യങ്ങൾക്ക് മുന്നിൽ ആശാൻ ഉരുണ്ടു കളിച്ചു. പച്ച ബുള്ളറ്റ് പിടിച്ചെടുത്ത് മോട്ടോർ വാഹന വകുപ്പ് പൊലീസിന് കൈമാറി. ബാക്കി അവർ നോക്കിക്കോളും.

കഴിഞ്ഞ നാലിന് രാവിലെ കടമ്പനാട് ഭാഗത്ത് അടൂർ ജോയിന്റ് ആർടി ഓഫീസിലെ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ എം.ആർ. മനോജ്, പി.കെ. അജയൻ എന്നിവർ വാഹന പരിശോധന നടത്തുമ്പോഴാണ് കെഎൽ 03 സി 7433 നമ്പർ പച്ച ബുള്ളറ്റിൽ ഒരാൾ ഹെൽമറ്റ് വയ്ക്കാതെ പാഞ്ഞു പോകുന്നത് കണ്ടത്. അമിത ശബ്ദത്തിലും വേഗതയിലും ബുള്ളറ്റ് ബൈക്ക് കടന്നു പോയി. കൈ കാണിച്ച് നിർത്താനുള്ള സമയം പരിശോധന നടത്തുന്നവർക്ക് കിട്ടിയില്ല. എങ്കിലും വാഹനത്തിന്റെ ചിത്രം എടുത്തിരുന്നു. ഇത് നോക്കി പിഴയടയ്ക്കാൻ വാഹനത്തിന്റെ നമ്പറിലുള്ള വിലാസം കണ്ടു പിടിച്ച് ഓൺലൈൻ ചെല്ലാൻ തയാറാക്കി അയച്ചു.

ഇതേ നമ്പരിലുള്ള വാഹനത്തിന്റെ യഥാർഥ ഉടമയ്ക്ക് ചെല്ലാൻ ലഭിച്ചപ്പോൾ അദ്ദേഹം അതുമായി ആർ.ടി.ഓഫീസിൽ എത്തി. ചെല്ലാനിൽ പറയുന്ന ദിവസം താൻ ആ വഴി വന്നിട്ടില്ലെന്നും തന്റെ വണ്ടിയുടെ നിറം പച്ചയല്ല ചുവപ്പാണെന്നും അറിയിച്ചു. ഇതോടെ വ്യാജനമ്പരുള്ള വാഹനം തേടി ഉദ്യോഗസ്ഥർ ഇറങ്ങി. തുടർന്ന് സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് വ്യാജവാഹനം പോയ വഴി കണ്ടെത്തി. പച്ച നിറത്തിലുള്ള ബുള്ളറ്റ് ബൈക്ക് കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. ഒടുവിൽ കഴിഞ്ഞ എട്ടിന് വാഹനം ഓടിച്ചിരുന്ന ആളിന്റെ വീട്ടിലെത്തി.

വാഹനം പോർച്ചിൽ തന്നെ സൂക്ഷിച്ചിരുന്നു. രണ്ടു വാഹനങ്ങളുടെയും രജിസ്ട്രേഷൻ നമ്പർ ഒന്നു തന്നെയായിരുന്നു. ഉടമയോട് ചോദിച്ചപ്പോൾ വർഷങ്ങൾക്ക് മുൻപ് താൻ വാങ്ങിയ വാഹനമാണെന്നും രേഖകളൊന്നും കൈയിൽ ഇല്ലെന്നും അറിയിച്ചു. മുമ്പൊരിക്കൽ ഏതോ ഓഫീസിൽ വാഹനത്തിന്റെ ആവശ്യവുമായി ചെന്നപ്പോൾ രേഖകൾ ശരിയല്ലെന്ന് അറിയിച്ചിരുന്നുവെന്നും അതുമായി എത്താൻ പറഞ്ഞുവെന്നും ഇയാൾ പറയുന്നു. രേഖകൾ കൈവശം ഇല്ലാത്തതിനാൽ പിന്നീട് പോയില്ലെന്നും ഇയാൾ ഉദ്യോഗസ്ഥരോട് പറഞ്ഞു. പരസ്പര വിരുദ്ധമായിരുന്നു സംസാരം. മോട്ടോർ വാഹന വകുപ്പിന്റെ വെബ്സൈറ്റിലും വണ്ടി സംബന്ധിച്ച് വിവരം ഇല്ലായിരുന്നു. രേഖകൾ എല്ലാം കൃത്യമായ മറ്റൊരു വാഹനത്തിന്റെ നമ്പർ ഉപയോഗിച്ചാണ് ഈ വാഹനം ഓടുന്നതെന്ന് സ്ഥിരീകരിച്ചു.

രജിസ്ട്രേഷൻ നമ്പർ വ്യാജമാണെങ്കിലും ചേസിസ് നമ്പർ ഒറിജിനലാണെന്ന് എ.എം വിഐ മനോജ് പറഞ്ഞു. കേരളത്തിന് പുറത്തുള്ള വണ്ടിയാണ് ഇതെന്ന് കരുതുന്നു. ചേസിസ് നമ്പർ തിരുത്താനുള്ള ശ്രമം നടന്നതായി തോന്നുന്നില്ല. പ്രശ്നമുള്ള വണ്ടിയാണെന്ന് അറിഞ്ഞു കൊണ്ടാണ് ഉടമ ഓടിച്ചിരുന്നത്. അതു കൊണ്ടാണ് വണ്ടി പിടിച്ചെടുത്ത് അന്വേഷണം നടത്താൻ പൊലീസിന് കൈമാറി. വണ്ടിയുടെ യഥാർഥ നമ്പർ കണ്ടെത്താൻ സമയം വേണ്ടി വരും. വെബ്സൈറ്റിലുള്ള രേഖകളിൽ ഇല്ല. 1996-99 കാലഘട്ടത്തിലുള്ള വണ്ടിയാണിതെന്ന് കരുതുന്നു. നാലു വർഷം മുൻപ് ഒരാൾ കൊടുത്തതാണെന്ന് പറയുന്നു. കൊടുത്തയാളുടെ സ്ഥലം പല തവണ മാറ്റിപ്പറയുകയും ചെയ്തുവെന്ന് മനോജ് പറഞ്ഞു.

ഇത്തരം വാഹനങ്ങൾ ധാരാളം നിരത്തിലുണ്ട്. കഴിഞ്ഞ ദിവസം കൈക്കൂലിക്കേസിൽ പിടിയിലായ തിരുവല്ല നഗരസഭ മുൻ സെക്രട്ടറി നാരായണൻ സ്റ്റാലിന്റെ തിരുവനന്തപുരത്തെ വസതിയിൽ നിന്ന് ഒരേ നമ്പർ പ്ലേറ്റുള്ള രണ്ട് ബൈക്ക് കണ്ടെത്തിയിരുന്നു. ഇതിൽ ഒരെണ്ണം വ്യാജമായതിനാൽ മ്യൂസിയം പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടന്നു വരികയാണ്. അടൂരിലും ഇത്തരമൊരു സംഭവം നടന്നിരുന്നു. ഇടതു പക്ഷത്തെ ഒരു നഗരസഭാ കൗൺസിലർ വ്യാജ നമ്പർ പ്ലേറ്റ് വച്ച സ്‌കൂട്ടർ ഉപയോഗിച്ചിരുന്നു.

ഇതേ നമ്പർ ഉള്ള വാഹനത്തിന്റെ യഥാർഥ ഉടമ ഈ വണ്ടി കണ്ട് വിവരം പൊലീസിൽ അറിയിച്ചു. പൊലീസ് വ്യാജ നമ്പർ പ്ലേറ്റുള്ള വാഹനം കസ്റ്റഡിയിലെടുത്തു. പക്ഷേ, ഉപയോഗിച്ചിരുന്നത് സിപിഎം ജില്ലാ നേതാവിന് വേണ്ടപ്പെട്ടയാൾ ആയതിനാൽ കേസെടുക്കാതെ വിട്ടയച്ചു. പരാതിക്കാരനെയും ഇവർ ഒതുക്കി.