കൊല്ലം: കൊല്ലം കൊട്ടാരക്കര മൈലത്ത് മുന്‍വൈരാഗ്യത്തിന്റെ പേരില്‍ കുടുംബത്തിന് നേരേ യുവാക്കളുടെ ആക്രമണം. മൈലം സ്വദേശി അരുണ്‍, അരുണിന്റെ ഭാര്യ അമൃത, മാതാപിതാക്കളായ സത്യന്‍, ലത എന്നിവരെയാണ് പ്രദേശവാസികളായ വിഷ്ണു, വിജേഷ് എന്നിവര്‍ ചേര്‍ന്ന് ആക്രമിച്ചത്.

വെട്ടേറ്റും മര്‍ദ്ദനമേറ്റും പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുന്‍വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് വ്യക്തമാക്കി. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

വെള്ളാരംകുന്നില്‍ ക്ഷേത്രത്തില്‍ പൊങ്കാല ചടങ്ങുകളില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടെയായിരുന്നു ആക്രമണം. അരുണ്‍, മാതാവ് ലത, പിതാവ് സത്യന്‍, ഭാര്യ, ആറ് മാസം പ്രായമായ കുഞ്ഞ് എന്നിവര്‍. നടന്നുവരുന്നതിനിടെ രണ്ടംഗ സംഘം ഇവരെ ആക്രമിക്കുകയായിരുന്നുവെന്നാണ് വിവരം. രണ്ട് വര്‍ഷം മുമ്പ് കുടുംബാംഗങ്ങള്‍ തമ്മില്‍ പ്രശ്‌നമുണ്ടായിരുന്നുവെന്നാണ് വിവരം.

നേരത്തെ ഈ ആക്രമി സംഘം കുടുംബത്തെ ഭീഷണിപ്പെടുത്തുന്ന വീഡിയോയും ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്. അക്രമിച്ച രണ്ടുപേരും ഇപ്പോള്‍ ഒളിവിലാണ്. ഇവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. കുടുംബാംഗങ്ങള്‍ തമ്മിലുള്ള മുന്‍വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നാണ് വിവരം.