- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹൈക്കോടതി ആർബിട്രേഷന് വിടുന്ന കേസുകൾ പോലും പരിഹരിക്കുന്നത് മുഖ്യമന്ത്രിയുടെ ഓഫീസിലെ അസാധാരണ ഭരണഘടനാ അഥോറിറ്റി! സംസ്ഥാനത്തെ ചില സാമ്പത്തിക ഇടപാടുകളിൽ മദ്ധ്യസ്ഥത വഹിക്കാനും തർക്കങ്ങൾ ഒത്തുതീർക്കാനും ഇയാൾ ഇടനിലക്കാരനാകുന്നു; ഐജി ലക്ഷ്മണയുടെ വെളിപ്പെടുത്തൽ
കൊച്ചി: സംസ്ഥാനത്തെ ചില സാമ്പത്തിക ഇടപാടുകളിൽ മദ്ധ്യസ്ഥത വഹിക്കാനും തർക്കങ്ങൾ ഒത്തുതീർക്കാനും മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് ഒരു അസാധാരണ ഭരണഘടനാ അഥോറിറ്റി പ്രവർത്തിക്കുന്നുണ്ടെന്ന് വെളിപ്പെടുത്തൽ. കേരളാ പൊലീസിന്റെ ഭാഗമായ ഐ. ജി ഗുഗുലോത്ത് ലക്ഷ്മൺ ഹൈക്കോടതിയിൽ നൽകിയ ഹർജിയിലാണ് ഗുരുതര ആരോപണം. പൊലീസ് ട്രെയിനിങ് വിഭാഗം ഐജിയാണ് നിലവിൽ ലക്ഷ്ൺ. ഇതുകൊണ്ട് തന്നെ ആരോപണങ്ങൾക്ക് പ്രസക്തി ഏറെയാണ്.
മോൻസൺ മാവുങ്കലിന്റെ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് തനിക്കെതിരെ രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കണമെന്ന ഹർജിയിലാണ് ഐ.ജി ഗുഗുലോത്ത് ലക്ഷ്മൺ ഗുരുതരമായ ആരോപണം ഉന്നയിച്ചിരിക്കുന്നത്. ഹൈക്കോടതി പല ആർബിട്രേറ്റർമാർക്ക് പരിഹരിക്കാൻ നൽകുന്ന തർക്കങ്ങൾ പോലും പരിഹരിക്കുന്നത് ഈ അഥോറിറ്റിയാണ്. മോൻസൺ കേസിൽ തനിക്കെതിരെ ക്രൈംബ്രാഞ്ച് കേസെടുത്ത നിയമവിരുദ്ധമായ നടപടി പോലും തിരശീലയ്ക്ക് പിന്നിൽ കളിക്കുന്ന ഈ അദൃശ്യ കരങ്ങളുടെയും ഭരണഘടനാതീതമായ ബുദ്ധിയുടെയും ഇടപെടലാണെന്നും ഹർജിയിൽ ആരോപിക്കുന്നു. കേരള കൗമുദിയാണ് ഈ റിപ്പോർട്ട് പുറത്തു വിടുന്നത്.
ആദ്യം കിട്ടിയ പരാതിയിൽ ഐജിയുടെ പേരുണ്ടായിരുന്നില്ല. മുഖ്യമന്ത്രിയുടെ ഓഫീസിൽ അസാധാരണ അധികാരങ്ങളുള്ള ഭരണഘടനാ അഥോറിറ്റിയുണ്ട്. ഈ വ്യക്തി പല സാമ്പത്തിക ഇടപാടുകളിലും ഇടനിലക്കാരനും ആർബിറ്റേറ്ററുമാകുന്നു. ബഹുമാനപ്പെട്ട കോടതി ആർബിറ്റേഷന് വിടുന്ന കേസുകൾ പോലും ഇവിടെ പരിഹരിക്കപ്പെടുന്നു. അദൃശ്യമായ ഈ കൈകളും അസാധാരണ ഭരണഘടനാ ബുദ്ധിയുമാണ് തന്റെ കേസിന് പിന്നിലെന്നാണ് ഐജി ലക്ഷ്മണയുടെ ആരോപണം. പൊലീസ് തലപ്പത്തുള്ള ഉദ്യോഗസ്ഥാനാണ് ഇത് പറയുന്നത് എന്നതാണ് ഏറ്റവും പ്രധാന്യം അർഹിക്കുന്നത്. കേരള കൗമുദിയുടെ നിയമകാര്യ ലേഖകൻ ആർ അഭിലാഷിന്റേതാണ് റിപ്പോർട്ട്.
എന്നാൽ ആരാണ് ഈ അഥോറിറ്റിയെന്ന് ഹർജിയിൽ പറയുന്നില്ല. ക്രൈംബ്രാഞ്ച് അന്വേഷണ സംഘം ചോദ്യം ചെയ്യലിന് തിങ്കളാഴ്ച ഹാജരാകാൻ ലക്ഷ്മണിന് നോട്ടീസ് നൽകിയിട്ടുണ്ട്. കേസിന്റെ ആദ്യഘട്ടത്തിൽ പരാതിക്കാർ മുഖ്യമന്ത്രിക്കു നൽകിയ പരാതിയിലോ മൊഴിയിലോ തന്റെ പേരു പറയുന്നില്ല. എന്നിട്ടും തന്നെ പ്രതി ചേർത്തത് നിയമവിരുദ്ധമാണ്. ഈ സാഹചര്യത്തിൽ തനിക്കെതിരായ കേസ് റദ്ദാക്കണമെന്നാണ് ഹർജിക്കാരന്റെ ആവശ്യം.
കഴിഞ്ഞ ദിവസം ഹർജി പരിഗണിച്ച ജസ്റ്റിസ് രാജ വിജയ രാഘവൻ സർക്കാരിന്റെ നിലപാടു തേടി. ഹർജി ഓഗസ്റ്റ് 18 നു വീണ്ടും പരിഗണിക്കും. കെ.പി. സി.സി പ്രസിഡന്റ് കെ. സുധാകരൻ, ഡി.ഐ.ജി എസ്. സുരേന്ദ്രൻ, ഐ.ജി ഗുഗുലോത്ത് ലക്ഷ്മൺ എന്നിവരെ കേസിൽ ക്രൈംബ്രാഞ്ച് പ്രതി ചേർത്തിട്ടുണ്ട്. നേരത്തെ ഈ കേസിൽ ഐ.ജി ഗുഗുലോത്ത് ലക്ഷ്മണിന് ഹൈക്കോടതി ഇടക്കാല മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. കേസിൽ സുധാകരനു ലഭിച്ചതിനു സമാനമായ ഇടക്കാല ജാമ്യമാണു ലക്ഷ്മണിനും ലഭിച്ചിട്ടുള്ളത്.
ക്രൈംബ്രാഞ്ച് ഐജിയായിരുന്ന ഘട്ടത്തിലാണു ലക്ഷ്മൺ മോൻസനുമായി അടുപ്പമുണ്ടാക്കിയത്. തട്ടിപ്പു കേസിൽ സസ്പെൻഷനിലായിരുന്ന ലക്ഷ്മണിനെ പിന്നീടു സർവീസിൽ തിരിച്ചെടുത്തു. അതിന് ശേഷമാണ് പുതിയ സംഭവവികാസങ്ങളുണ്ടായത്. സുധാകരനെ ആദ്യം കേസിൽ പ്രതിയാക്കി. പിന്നാലെ ലക്ഷ്മണനേയും. 1997 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ ലക്ഷ്മണിന്റെ അതേ ബാച്ചുകാർക്ക് അതിനിടയിൽ എഡിജിപിമാരായി സ്ഥാനക്കയറ്റം ലഭിച്ചിരുന്നു. 2033 വരെ സർവീസ് ബാക്കിയുണ്ട്.
തട്ടിപ്പിൽ ലക്ഷ്മണിന് ബന്ധമില്ലെന്ന ക്രൈം ബ്രാഞ്ച് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഫെബ്രുവരി 11ന് ചീഫ് സെക്രട്ടറി വി പി ജോയ് അധ്യക്ഷനായ സമിതി ഐജി ലക്ഷ്മണിന്റെ സസ്പെൻഷൻ പിൻവലിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ നീക്കങ്ങളുണ്ടായത്. സസ്പെൻഷൻ റിവ്യൂ കമ്മിറ്റിയുടെ നിർദ്ദേശപ്രകാരമാണ് ലക്ഷ്മണിനെ തിരിച്ചെടുക്കുന്നതെന്ന് ഉത്തരവിൽ വ്യക്തമാക്കിയിരുന്നു. ക്രൈംബ്രാഞ്ച് എഡിജിപിയായിരുന്ന എസ് ശ്രീജിത്തിന്റെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ലക്ഷ്മണിനെ 2021 നവംബർ പത്തിന് സസ്പെൻഡ് ചെയ്തത്.
മോൻസനെതിരെ തട്ടിപ്പുകേസ് എടുത്തിട്ടും അയാളുമായുള്ള ബന്ധം ഐജി തുടർന്നെന്നും, മോൻസനെതിരെയുള്ള കേസ് അട്ടിമറിക്കാൻ ശ്രമം നടത്തിയെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തി. ആദ്യം രണ്ടു മാസത്തേക്കായിരുന്നു സസ്പെൻഷൻ. അന്വേഷണം പൂർത്തിയാക്കാൻ സമയം വേണമെന്ന ആവശ്യപ്രകാരം പിന്നീട് നീട്ടുകയായിരുന്നു.
മറുനാടന് മലയാളി ബ്യൂറോ