രാജ്കോട്ട്: അയല്‍ക്കാരന്റെ മകളുടെ വിവാഹം ആഡംബരമായി നടത്തിയതിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തിന് പിന്നാലെ സംഘര്‍ഷത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ഗുജറാത്തിലെ സുരേന്ദ്രനഗര്‍ ജില്ലയിലെ സായ്ലയിലാണ് സംഭവം. സായ്ല ഹോളിദാര്‍ വാസുകി നഗര്‍ സ്വദേശി ഹിമാത് പാണ്ഡ്യ(45)യാണ് അയല്‍ക്കാരുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഹിമാതിന്റെ സഹോദരന്‍ പ്രകാശ് പാണ്ഡ്യയുടെ പരാതിയില്‍ അയല്‍ക്കാരായ അഞ്ചുപേര്‍ക്കെതിരേ പോലീസ് കേസെടുത്തു.

അയല്‍ക്കാരനായ നരേഷ് അഘഹാരയുടെ മകളുടെ വിവാഹത്തെക്കാള്‍ ഗംഭീരമായി തന്റെ മകളുടെ വിവാഹം നടത്തിയതിലുള്ള അസൂയയാണ് തര്‍ക്കത്തിലും തന്റെ സഹോദരന്റെ കൊലപാതകത്തിലും കലാശിച്ചതെന്നാണ് പ്രകാശ് പാണ്ഡ്യയുടെ പരാതി. വിവാഹ ഡെക്കറേഷന്‍ കമ്പനി നടത്തുന്നയാളാണ് പ്രകാശ് പാണ്ഡ്യ. ഇദ്ദേഹത്തിന്റെ അയല്‍ക്കാരനാണ് നരേഷ് അഘഹാര. ഇക്കഴിഞ്ഞ ജനുവരി 19-നായിരുന്നു നരേഷിന്റെ മകളുടെ വിവാഹം. പിന്നാലെ ഫെബ്രുവരി ആറാം തീയതി പ്രകാശിന്റെ മകള്‍ ഉര്‍വശിയുടെ വിവാഹവും നടന്നു. എന്നാല്‍, ഉര്‍വശിയുടെ വിവാഹം കെങ്കേമമായി നടത്തിയതില്‍ അയല്‍ക്കാരായ നരേഷിനും കുടുംബത്തിനും അസൂയയുണ്ടായിരുന്നു.

നരേഷിന്റെ മകന്‍ ഉമാങ് ഇത് പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്തു. ഇക്കാര്യം പറഞ്ഞ് പ്രകാശിന്റെ മകന്‍ ഗുഞ്ചന് സുഹൃത്തായ ആകാശിന്റെ ഫോണില്‍നിന്ന് ഉമാങ് സന്ദേശങ്ങളയച്ചു. പ്രകാശിന്റെ കുടുംബത്തെ അപകീര്‍ത്തിപ്പെടുത്തുന്നരീതിയിലായിരുന്നു സന്ദേശം. ഇതേരീതിയില്‍ വാട്സാപ്പ് സ്റ്റാറ്റസുകളും പോസ്റ്റ് ചെയ്തു.

ഇത് ശ്രദ്ധയില്‍പ്പെട്ട പ്രകാശിന്റെ മകന്‍ ഗുഞ്ചന്‍ ആകാശിനെ ചോദ്യംചെയ്തു. എന്നാല്‍, ഉമാങ് ആണ് തന്റെ ഫോണില്‍നിന്ന് സന്ദേശം അയച്ചതെന്നായിരുന്നു ഇയാളുടെ മറുപടി. ഇതോടെ ഞായറാഴ്ച രാവിലെ പരാതിക്കാരനായ പ്രകാശ് അയല്‍ക്കാരനായ നരേഷിന്റെ വീട്ടിലെത്തി. നരേഷിന്റെ മകന്‍ ഉമാങ്ങിനെ ശാസിച്ചു. ഈ സംഭവം കഴിഞ്ഞ് മണിക്കൂറുകള്‍ക്ക് ശേഷമാണ് നരേഷും ഉമാങ്ങും ഇവരുടെ ചില ബന്ധുക്കളും ചേര്‍ന്ന് പ്രകാശിന്റെ വീട്ടിലെത്തി ആക്രമണം നടത്തിയത്.

സംഭവസമയത്ത് പ്രകാശിന്റെ സഹോദരന്‍ ഹിമാത് ആണ് വീട്ടിലുണ്ടായിരുന്നത്. അയല്‍ക്കാരായ നരേഷും സംഘവും ആദ്യം ഹിമാതുമായി തര്‍ക്കമുണ്ടാക്കി. പിന്നാലെ കത്തി, വാള്‍, ഇരുമ്പ് പൈപ്പ് എന്നിവ ഉപയോഗിച്ച് ഹിമാതിനെ ആക്രമിച്ചെന്നാണ് പരാതിയില്‍ പറയുന്നത്. ഗുരുതരമായി പരിക്കേറ്റ ഹിമാതിനെ പിന്നീട് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

അതേസമയം, സംഭവത്തില്‍ കേസെടുത്തതായും പ്രതികള്‍ ഒളിവില്‍ പോയിരിക്കുകയാണെന്നും പോലീസ് അറിയിച്ചു. പ്രതികള്‍ക്കായി തിരച്ചില്‍ തുടരുകയാണ്. സംഭവസ്ഥലത്തെ സിസിടിവി ദൃശ്യങ്ങളടക്കം ശേഖരിച്ച് അന്വേഷണം നടത്തുമെന്നും പോലീസ് പറഞ്ഞു.