കീവ്: റഷ്യന്‍ സൈന്യത്തിനുവേണ്ടി യുദ്ധമുഖത്തെത്തിയ ഇന്ത്യക്കാരൻ യുക്രൈന്‍ യുക്രൈൻ സൈന്യത്തിന് മുന്നിൽ കീഴടങ്ങി. ഗുജറാത്തിലെ മോര്‍ബി സ്വദേശി മജോട്ടി സാഹില്‍ മുഹമ്മദ് ഹുസൈനെ(22)യാണ് പിടിയിലായത്. ഉപരിപഠനത്തിനായി റഷ്യയിലെത്തിയതായിരുന്നു 22-കാരനായ സാഹിൽ. എന്നാൽ, ലഹരിക്കേസിൽ കുടുങ്ങി ഏഴ് വർഷത്തെ ജയിൽ ശിക്ഷ ലഭിച്ചു. ജയിൽവാസം ഒഴിവാക്കാനും രാജ്യം വിടാനും വേണ്ടിയുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഇയാൾ റഷ്യൻ സൈന്യത്തിന്റെ 'പ്രത്യേക സൈനിക ഓപ്പറേഷനിൽ' പങ്കാളിയായത്.

യുക്രെയ്‌ൻ സൈന്യത്തിന്റെ 63-ാമത് മെക്കനൈസ്ഡ് ബ്രിഗേഡ് ആണ് സാഹിൽ കീഴടങ്ങിയതിനെക്കുറിച്ചുള്ള വിവരങ്ങൾ വീഡിയോ സഹിതം പുറത്തുവിട്ടത്. ഗുജറാത്തിലെ മോർബി സ്വദേശിയായ സാഹിൽ മുഹമ്മദ് ഹുസൈൻ ഉപരിപഠനത്തിനായാണ് റഷ്യയിലെത്തിയത്. പഠനത്തിനിടെ ലഹരിക്കടത്തുമായി ബന്ധപ്പെട്ട കേസിൽ പിടിയിലായ ഇയാൾക്ക് ഏഴ് വർഷത്തെ തടവ് ശിക്ഷ വിധിക്കപ്പെട്ടു. റഷ്യൻ നിയമപ്രകാരം, വിദേശ പൗരന്മാർക്ക് ഇത്തരം കേസുകളിൽ കടുത്ത ശിക്ഷ ലഭിക്കാറുണ്ട്.

ജയിൽ ശിക്ഷ ഒഴിവാക്കാനും റഷ്യയിൽ നിന്ന് പുറത്തുകടക്കാനുമുള്ള ഏകമാർഗ്ഗമെന്ന നിലയിലാണ് സാഹിൽ റഷ്യൻ സൈന്യവുമായി ഒരു കരാറിലേർപ്പെട്ടത്. ഒരു വർഷത്തോളം സൈനിക സേവനം പൂർത്തിയാക്കിയാൽ ജയിൽ ശിക്ഷയിൽ ഇളവ് ലഭിക്കുമെന്നും നാട്ടിലേക്ക് മടങ്ങാൻ അനുവദിക്കുമെന്നുമായിരുന്നു വാഗ്ദാനം.

കരാർ പ്രകാരമുള്ള പരിശീലനത്തിൽ ഗ്രനേഡ് എറിയുന്നതും വെടിവെക്കുന്നതുമടക്കമുള്ള കാര്യങ്ങൾ സാഹിൽ പഠിച്ചു. വെറും 16 ദിവസത്തെ പരിശീലനത്തിന് ശേഷം ഒക്ടോബർ ഒന്നിന് ആദ്യ സൈനിക ദൗത്യത്തിനായി ഇയാളെ അയച്ചു. മൂന്ന് ദിവസം യുദ്ധമുഖത്ത് ചെലവഴിച്ചതിന് ശേഷമാണ് സാഹിൽ യുക്രെയ്‌ൻ സൈന്യത്തിന് മുന്നിൽ കീഴടങ്ങാൻ തീരുമാനിച്ചത്.

കീവ് ഇൻഡിപെൻഡന്റ് റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്, തന്റെ കമാൻഡറുമായുണ്ടായ തർക്കമാണ് ഇയാളെ കീഴടങ്ങാൻ പ്രേരിപ്പിച്ചത്. "രണ്ടോ മൂന്നോ കിലോമീറ്റർ അകലത്തിൽ യുക്രെയ്‌ൻ സൈന്യത്തിന്റെ കിടങ്ങ് കണ്ടു. ഉടൻ തന്നെ എന്റെ റൈഫിൾ താഴെയിട്ടു. എനിക്ക് യുദ്ധം ചെയ്യാൻ താൽപ്പര്യമില്ലെന്ന് സൈനികരോട് പറഞ്ഞു. എനിക്ക് സഹായം ആവശ്യമുണ്ടായിരുന്നു. റഷ്യയിലേക്ക് മടങ്ങിപ്പോകാൻ എനിക്ക് താത്പര്യമില്ലായിരുന്നു. അവിടെ നേരില്ല, ഒന്നുമില്ല. അതിനേക്കാൾ നല്ലത് യുക്രെയ്‌നിൽ ജയിലിൽ പോകുന്നതാണ്. സാധ്യമെങ്കിൽ, തിരിച്ച് ഇന്ത്യയിലേക്ക് തന്നെ അയയ്ക്കണം," എന്നാണ് യുക്രെയ്‌ൻ സൈന്യം പുറത്തുവിട്ട വീഡിയോയിൽ സാഹിൽ പറയുന്നത്.

റഷ്യൻ സൈന്യത്തിനായി പ്രവർത്തിക്കുന്നതിന് വിവിധ രീതിയിലുള്ള ധനസഹായം വാഗ്ദാനം ചെയ്യപ്പെട്ടിരുന്നതായും സാഹിൽ വെളിപ്പെടുത്തി. ചിലർ ഒരു ലക്ഷം റൂബിൾ കിട്ടുമെന്ന് പറഞ്ഞപ്പോൾ, മറ്റുചിലർ ഒരു മില്യൺ റൂബിൾ അല്ലെങ്കിൽ 1.5 മില്യൺ റൂബിൾ വരെ വാഗ്ദാനം ചെയ്തിരുന്നതായും എന്നാൽ ഇതിനൊന്നും യാഥാർത്ഥ്യമായില്ലെന്നും ഇയാൾ വീഡിയോയിൽ പറയുന്നു.

വിദേശത്ത് കുടുങ്ങിക്കിടക്കുന്ന പൗരന്മാരെ തിരികെ കൊണ്ടുവരുന്നതിൽ ഇന്ത്യൻ സർക്കാർ സജീവമായ ഇടപെടലുകൾ നടത്താറുണ്ട്. സാഹിൽ മുഹമ്മദ് ഹുസൈന്റെ കാര്യത്തിൽ ഇന്ത്യൻ എംബസിയും കേന്ദ്ര വിദേശകാര്യ മന്ത്രാലയവും എത്രത്തോളം ഇടപെട്ടിട്ടുണ്ടെന്നത് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. യുക്രെയ്നില്‍ റഷ്യന്‍ സൈന്യത്തിനായി പോരാടിയ 12 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് ജനുവരിയില്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നു. 16 പേരെക്കുറിച്ചുള്ള വിവരം ലഭ്യമല്ലെന്നും അന്ന് മന്ത്രാലയം വ്യക്തമാക്കിയിരുന്നു