ഗ്വാളിയോർ: മധ്യപ്രദേശിലെ ഗ്വാളിയോറിൽ ദിവസങ്ങൾക്കുമുമ്പ് നടന്ന ബലാത്സംഗക്കൊലക്കേസിൽ പ്രതിയെ കണ്ടെത്താൻ പൊലീസിന് തുമ്പായത് മൃതദേഹത്തിൽനിന്ന് ലഭിച്ച ഒരു ചെറിയ ഓംലറ്റ് കഷ്ണം. ടിക്കംഗർ സ്വദേശിനിയായ സംഗീത പാൽ എന്ന യുവതിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ യുവതിയുടെ കാമുകൻ സച്ചിൻ സെൻ അറസ്റ്റിലായി.

ഡിസംബർ 29-നാണ് ഗോലകാ മന്ദിർ പൊലീസ് സ്റ്റേഷൻ പരിധിയിലെ കട്ടാരെ ഫാമിനടുത്തുള്ള വനമേഖലയിൽ അർധനഗ്നയായ നിലയിൽ ഒരു യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. കല്ലുപയോഗിച്ച് മുഖം അടിച്ചുതകർത്ത നിലയിലായിരുന്നതിനാൽ മൃതദേഹം തിരിച്ചറിയാൻ പ്രയാസമായിരുന്നു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ യുവതി ബലാത്സംഗത്തിന് ഇരയായിട്ടുണ്ടെന്നും കൊലപാതകമാണെന്നും സ്ഥിരീകരിച്ചു. പൊലീസ് AI സാങ്കേതികവിദ്യ ഉപയോഗിച്ച് യുവതിയുടെ മുഖം പുനഃസൃഷ്ടിച്ച് വിവിധ ചാനലുകളിലൂടെയും പ്രധാന സ്ഥലങ്ങളിലും പ്രചരിപ്പിച്ചു. ഇതിലൂടെയാണ് കൊല്ലപ്പെട്ടത് ടിക്കംഗർ സ്വദേശിനിയായ സംഗീത പാൽ ആണെന്ന് തിരിച്ചറിഞ്ഞത്.


മൃതദേഹം വിശദമായി പരിശോധിച്ചപ്പോൾ യുവതിയുടെ വസ്ത്രത്തിൽനിന്ന് ഒരു ചെറിയ ഓംലറ്റ് കഷ്ണം ലഭിച്ചു. ഈ തുമ്പിന്റെ അടിസ്ഥാനത്തിൽ പൊലീസ് സമീപത്തുള്ള ഭക്ഷണശാലകളിലും തട്ടുകടകളിലും അന്വേഷണം നടത്തി. പല തട്ടുകടക്കാരും യുവതിയെ തിരിച്ചറിഞ്ഞതായും ഒരു പുരുഷനോടൊപ്പം ഓംലറ്റ് ഉൾപ്പെടെയുള്ള ഭക്ഷണം കഴിച്ചതായും മൊഴി നൽകി.

തുടർന്ന്, പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളും ഓൺലൈനായി നടന്ന പണമിടപാടുകളുടെ വിവരങ്ങളും പൊലീസ് ശേഖരിച്ച് പരിശോധിച്ചു. യുവതി ഒരാൾക്കൊപ്പം നടന്നുപോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും അന്വേഷണത്തിൽ നിർണായകമായി. ഈ വിവരങ്ങളുടെയെല്ലാം അടിസ്ഥാനത്തിൽ ഗ്വാളിയോർ റെയിൽവേ സ്റ്റേഷനിലെ നാലാം പ്ലാറ്റ്‌ഫോമിൽനിന്ന് യുവതിയുടെ കാമുകനായ സച്ചിൻ സെന്നിനെ പൊലീസ് പിടികൂടുകയായിരുന്നു.

ചോദ്യം ചെയ്യലിൽ, യുവതിയെ ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തിയെന്ന് സച്ചിൻ കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു. കേസിൽ പ്രതിയെ പിടികൂടാൻ ഓംലറ്റ് കഷ്ണമാണ് പൊലീസിനെ സഹായിച്ചതെന്ന് സീനിയർ പൊലീസ് സൂപ്രണ്ട് ധരംവീർ സിങ് വ്യക്തമാക്കി. ഈ കേസ് തെളിയിക്കുന്നതിൽ, നിസ്സാരമെന്ന് തോന്നാവുന്ന ഒരു ഓംലറ്റ് കഷ്ണത്തിന് വലിയ പങ്ക് വഹിക്കാൻ കഴിഞ്ഞു എന്നത് ശ്രദ്ധേയമാണ്.