ലഖ്നൗ: പിസ്സ ഷോപ്പില്‍ ഡേറ്റിങ്ങിനെത്തിയ സഹോദരിയെയും ആണ്‍സുഹൃത്തിനെയും ക്രൂരമായി മര്‍ദിച്ച് യുവാവ്. ഉത്തര്‍പ്രദേശിലെ ഹാപുരിലാണ് സംഭവം. ആണ്‍സുഹൃത്തിനൊപ്പം പിസ്സ ഷോപ്പില്‍ ഡേറ്റിങ്ങിനെത്തിയ യുവതിക്കാണ് സഹോദരനില്‍നിന്ന് മര്‍ദനമേറ്റത്. ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ പോലീസ് കേസെടുത്ത് അന്വേഷണം നടത്തി. സംഭവത്തില്‍ മൂന്നുപേരെ അറസ്റ്റ് ചെയ്തതായും ഹാപുര്‍ പോലീസ് അറിയിച്ചു.

സഹോദരിയെ ആണ്‍സുഹൃത്തിനൊപ്പം കണ്ടതോടെ പ്രകോപിതനായ യുവാവ് ഇരുമ്പ് വടിയുമായാണ് കടയ്ക്കുള്ളിലേക്ക് പാഞ്ഞെത്തിയത്. തുടര്‍ന്ന് ആണ്‍സുഹൃത്തിനെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. തൊട്ടുപിന്നാലെ യുവാവിന്റെ സുഹൃത്തുക്കളും ഇരച്ചെത്തി മര്‍ദനം തുടര്‍ന്നു. ഇതിനിടെ സഹോദരി ഇടപെടാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന് സഹോദരിയ്ക്കും മര്‍ദനമേറ്റു. സഹോദരിയെ നിരന്തരം മുഖത്തടിച്ച് വീഴ്ത്തുന്നതാണ് ദൃശ്യങ്ങളിലുള്ളത്. പിന്നീട് ആണ്‍സുഹൃത്തിനെ അക്രമിസംഘം ബലംപ്രയോഗിച്ച് പുറത്തേക്ക് പിടിച്ചുകൊണ്ടുപോയതും ദൃശ്യങ്ങളില്‍ കാണാം. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.