- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മറ്റൊരു ജോലിക്കായി റഷ്യയിലെത്തി; ഭീഷണിപ്പെടുത്തി സൈന്യത്തില്‍ ചേര്‍ത്തു; യുക്രൈയിനെതിരായ യുദ്ധത്തിനിടെ ഹരിയാന സ്വദേശി കൊല്ലപ്പെട്ടെന്ന് കുടുംബം
മോസ്കോ: റഷ്യയില്‍ മറ്റൊരു ജോലിക്കായി എത്തിയ ഹരിയാന സ്വദേശിയായ യുവാവ് യുക്രൈയിനെതിരായ യുദ്ധത്തിനിടെ കൊല്ലപ്പെട്ട സംഭവത്തില്‍ പരാതിയുമായി കുടുംബം. കൈത്താല്‍ ജില്ലയിലെ മാത്തൂര്‍ ഗ്രാമത്തിലുള്ള രവി മൗണ്(22) ആണ് മരിച്ചത്. മോസ്കോയിലെ ഇന്ത്യന്‍ എംബസി മരണം സ്ഥിരീകരിച്ചതായി സഹോദരന് അജയ് മൗണ് പറഞ്ഞു. യുവാവിനെ ഭീഷണിപ്പെടുത്തി റഷ്യന്‍സൈന്യം യുദ്ധമുഖത്തേക്ക് അയയ്ക്കുകയായിരുന്നുവെന്ന് കുടുംബം ആരോപിച്ചു.
ജനുവരി 13-ന് റഷ്യയിലേക്ക് മറ്റൊരു ജോലിക്കായി പോയ രവിയെ യുക്രൈയിനെതിരെയുള്ള യുദ്ധത്തിനായി സൈന്യത്തില്‍ ചേര്‍ക്കുകയായിരുന്നു. സഹോദരനെ കുറിച്ച് വിവരമൊന്നും ഇല്ലാതായതോടെ ജൂലായ് 21-ന് അജയ് ഇന്ത്യന്‍ എംബസിക്ക് കത്തയച്ചു. അപ്പോഴാണ് മരണവിവരം എംബസി അധികൃതര്‍ അറിയിച്ചത്. യുക്രയിനെതിരെ യുദ്ധമുഖത്തേക്ക് പോകണമെന്നും അല്ലെങ്കില്‍ 10 വര്‍ഷത്തെ തടവ് അനുഭവിക്കണമെന്നും റഷ്യന്‍സേന സഹോദരനെ ഭീഷണിപ്പെടുത്തിയെന്ന് അജയ് പറഞ്ഞു. കിടങ്ങുകള്‍ കുഴിക്കാന്‍ പരിശീലിപ്പിക്കുകയും പിന്നീട് യുദ്ധമുഖത്തേക്ക് അയക്കുകയും ചെയ്തു. മാര്‍ച്ച് 12 വരെ രവിയുമായി ബന്ധപ്പെട്ടിരുന്നെങ്കിലും അദ്ദേഹം അസ്വസ്ഥനായിരുന്നുവെന്നും അജയ് കൂട്ടിച്ചേര്‍ത്തു.
മരണം സ്ഥീരീകരിക്കാനും മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുമുള്ള നടപടികള്‍ സ്വീകരിക്കണമെന്നും റഷ്യന്‍ അധികൃതരോട് അഭ്യര്ഥിച്ചെന്ന് അജയിയുടെ കത്തിന് ഇന്ത്യന്‍ എംബസി മറുപടി നല്കി. രവിയുടെ മരണം റഷ്യയും സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ മൃതദേഹം തിരിച്ചറിയാന്‍ നാട്ടിലെ ബന്ധുക്കളുടെ ഡി.എന്‍.എ സാമ്പിളുകള്‍ വേണമെന്ന് റഷ്യ ആവശ്യപ്പെട്ടെന്ന് എംബസി അറിയിച്ചതായി അജയ് പറഞ്ഞു. മൃതദേഹം നാട്ടിലേക്ക് എത്തിക്കാന്‍ സഹായിക്കണമെന്ന് പ്രധാനമന്ത്രിയോടും അജയ് അഭ്യര്‍ഥിച്ചു. ഒരു ഏജന്റ് മുഖേനയായിരുന്നു രവി റഷ്യയിലേക്ക് പോയത്. ഒരേക്കര്‍ ഭൂമി വിറ്റ് 11.50 ലക്ഷം രൂപയാണ് ഇതിന് ചിലവായത്.
സൈന്യത്തില്‍ ചേര്‍ത്ത ഇന്ത്യന്‍ പൗരന്മാരെ വിട്ടയക്കണമെന്ന ഇന്ത്യയുടെ ആവശ്യം റഷ്യ അംഗീകരിച്ചതിനു പിന്നാലെയാണ് രവിയുടെ മരണ വാര്‍ത്ത പുറത്തുവരുന്നത്. യുദ്ധമേഖലയില്‍ റഷ്യന്‍ സൈന്യത്തിന്റെ സപ്പോര്‍ട്ടിങ് സ്റ്റാഫ് ജോലിയുടെ പേരില്‍ കുടുങ്ങിയ ഇന്ത്യക്കാരെ എത്രയുംവേഗം വിട്ടയക്കണമെന്ന് റഷ്യന്‍ അധികൃതരോട് ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് വിദേശകാര്യമന്ത്രാലയവും നേരത്തേ അറിയിച്ചിരുന്നു.
പിന്നീട് പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യ സന്ദര്‍ശിച്ചപ്പോള്‍ വ്ലാദിമിര്‍ പുടിനുമായി സംസാരിച്ചിരുന്നു. കൂടിക്കാഴ്ചയില്‍ ഇന്ത്യന്‍ പൗരന്മാര് സൈന്യത്തിലകപ്പെട്ട കാര്യം ശക്തമായി ഉന്നയിച്ചു. തുടര്‍ന്ന് റഷ്യന്‍ സൈന്യത്തില്‍ ജോലി ചെയ്യുന്ന ഇന്ത്യന്‍ പൗരന്മാരെ മോചിപ്പിച്ച് തിരികെ നാട്ടിലേക്ക് അയക്കുമെന്ന് റഷ്യ ഉറപ്പു നല്‍കുകയും ചെയ്തു. രാജ്യവ്യാപകമായി സി.ബി.ഐ. നടത്തിയ തിരച്ചിലില്‍ മനുഷ്യക്കടത്തു സംഘങ്ങളെ പിടികൂടുകയും ഒട്ടേറെ ഏജന്റുമാരുടെപേരില്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു.
കേരളത്തിലും സമാനരീതിയില്‍ യുവാക്കള്‍ തട്ടിപ്പിന് ഇരയായി റഷ്യയിലെത്തിയിരുന്നു. സുരക്ഷാജോലിക്കെന്നു പറഞ്ഞ് തിരുവനന്തപുരം അഞ്ചുതെങ്ങ് സ്വദേശികളായ മൂന്നു യുവാക്കളെയാണ് റഷ്യയിലെത്തിച്ച് സൈന്യത്തില്‍ ചേര്‍ത്തത്. വാട്സാപ്പില്‍ ഷെയര്‍ ചെയ്ത് കിട്ടിയ സെക്യൂരിറ്റി ജോലിയുടെ പരസ്യം കണ്ടാണ് ഇവര്‍ ഏജന്‍സിയെ സമീപിച്ചത്. ഏജന്റിന്റെ സഹായത്തോടെ ഡല്‍ഹിയില്‍ എത്തി. പിന്നിട് അവിടെനിന്ന് റഷ്യയിലേക്ക് കൊണ്ടുപോയി. പരിശീലനത്തിന് ശേഷം കൂലിപ്പട്ടാളത്തോടൊപ്പം ചേരാന്‍ നിര്‍ബന്ധിക്കുകയായിരുന്നു.