കാസർകോട്: സ്‌കൂളിൽ നടന്ന അസംബ്ലിക്കിടെ വികൃതി കാണിച്ചെന്ന് ആരോപിച്ച് പ്രധാനാധ്യാപകൻ്റെ മർദനമേറ്റ് വിദ്യാർഥിയുടെ കർണപടം തകർന്നതായി പരാതി. കാസർകോട് കുണ്ടംകുഴി ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിക്കാണ് ഈ മാസം 11ന് വൈകീട്ട് നടന്ന സംഭവത്തിലാണ് വിദ്യാർത്ഥിക്ക് ഗുരുതരമായി പരിക്ക് പറ്റിയത്.

മറ്റ് വിദ്യാർഥികൾക്കൊപ്പം അസംബ്ലിയിൽ അണിനിരന്നിരുന്ന കുട്ടിയുടെ മുഖത്ത് പ്രധാനാധ്യാപകൻ അടിക്കുകയും, തുടർന്ന് കോളറിൽ പിടിച്ച് വലതു ഭാഗത്തെ ചെവി പിടിച്ചുയർത്തി കർണപടം തകർക്കുകയുമായിരുന്നുവെന്ന് മാതാപിതാക്കൾ ആരോപിക്കുന്നു. ചെവിയിൽ അനുഭവപ്പെട്ട അസഹ്യമായ വേദനയെത്തുടർന്നാണ് കുട്ടിയെ ആദ്യം ബേഡകം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അവിടെനിന്ന് വിദഗ്ധ ചികിത്സ നിർദ്ദേശിച്ചതിനെത്തുടർന്ന് കാസർകോട് സ്വകാര്യ ആശുപത്രിയിലെ ഇഎൻടി വിഭാഗത്തിൽ പ്രവേശിപ്പിച്ച് വിശദമായ പരിശോധനകൾ നടത്തി.

പരിശോധനയിൽ കുട്ടിയുടെ വലതു ചെവിക്ക് കേൾവിശക്തി കുറവുണ്ടെന്നും കർണപടം പൊട്ടിയിട്ടുണ്ടെന്നും കണ്ടെത്തുകയായിരുന്നു. ഈ അവസ്ഥയിൽ കുട്ടിയെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കേണ്ടി വരുമെന്ന് ഡോക്ടർമാർ അറിയിച്ചിട്ടുണ്ട്.

സംഭവത്തിൽ കുറ്റക്കാരായ പ്രധാനാധ്യാപകൻ എം.അശോകനെതിരെ പരാതി നൽകാനുള്ള തയ്യാറെടുപ്പിലാണ് കുട്ടിയുടെ മാതാപിതാക്കൾ. തൻ്റെ മകനെ മർദിച്ച ദിവസം പിടിഎ കമ്മിറ്റി അംഗങ്ങളോടൊപ്പം പ്രധാനാധ്യാപകൻ വീട്ടിലെത്തിയിരുന്നെന്നും, അന്ന് തെറ്റു പറ്റിയതായി സമ്മതിച്ചതായും മാതാപിതാക്കൾ വെളിപ്പെടുത്തി.

പരിശോധനാ ഫലങ്ങൾ ലഭിച്ച ശേഷം ഔദ്യോഗികമായി പരാതി നൽകാനാണ് അവർ തീരുമാനിച്ചിരിക്കുന്നത്. നാളെ രാവിലെ ചൈൽഡ് ലൈനിൽ സംഭവത്തെക്കുറിച്ച് പരാതി നൽകുമെന്ന് മാതാപിതാക്കൾ അറിയിച്ചു. സംഭവം വിദ്യാഭ്യാസ വകുപ്പിൽ തന്നെ വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്.