- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
പേജറുകളില്‍ കൃത്രിമം കാട്ടി; ബാറ്ററികള്‍ അമിതമായി ചൂടായി പൊട്ടിത്തറിച്ചു; റിമോട്ട് ഇലക്ടോണിക് സിഗ്നലുകള്‍ വഴി സ്‌ഫോടനങ്ങള്‍; നിര്‍മ്മാണത്തിലോ വിതരണത്തിലോ അട്ടിമറി; ലെബനനിലെ സ്ഫോടനങ്ങളില്‍ പ്രചരിക്കുന്ന സിദ്ധാന്തങ്ങള്‍
ലെബനനിലെ സ്ഫോടനങ്ങളില്‍ പ്രചരിക്കുന്ന സിദ്ധാന്തങ്ങള്‍
ബെയ്‌റൂട്ട്: 32 പേരുടെ മരണം. സാരവും നിസാരവുമായ പരുക്കേറ്റ ആയിരങ്ങള്‍. ലെബനനെ, വിശേഷിച്ചും ഹിസ്ബുല്ലയെ അക്ഷരാര്‍ഥത്തില്‍ ഉലച്ചുകളഞ്ഞ ആക്രമണമാണ് രണ്ടുദിവസങ്ങളിലായി പേജര്‍-വാക്കി ടോക്കി സ്‌ഫോടനങ്ങളിലൂടെ സംഭവിച്ചത്. എങ്ങനെയാണ് സ്‌ഫോടനങ്ങള്‍ ഉണ്ടായതെന്ന അന്വേഷണം പുരോഗമിക്കുന്നതിനിടയില്‍, ഏതാനും സി്ദ്ധാന്തങ്ങള്‍ സജീവ ചര്‍ച്ചാവിഷയമാണ്.
പേജറുകളില്‍ കൃത്രിമം നടന്നെന്നും, അതുവഴി ബാറ്ററികള്‍ അമിതമായി ചൂട് പിടിച്ച് പൊട്ടിത്തെറിച്ചെന്നുമുളള ആശയത്തിലാണ് കൂടുതല്‍ സംവാദങ്ങളും മുന്നേറുന്നത്. അമിതമായി ബാറ്ററികള്‍ ചൂടായത് കൃത്രിമം നടന്നതിന്റെ സൂചനയാണെന്ന് ലെബനീസ് ടെലികമ്യൂണിക്കേഷന്‍സ് മന്ത്രി ജോണി കോം പറഞ്ഞു. എന്നാല്‍, സൈബര്‍ സുരക്ഷാ വിദഗ്ധന്‍ റോബര്‍ട്ട് ഗ്രഹാം ഈ വാദം തള്ളിക്കളഞ്ഞു.ആരെങ്കിലും ഫാക്ടറികള്‍ക്ക് കോഴ കൊടുത്ത് പേജറുകളില്‍ സ്‌ഫോടക വസ്തുക്കള്‍ സ്ഥാപിച്ചതാകാമെന്നാണ് ഗ്രഹാമിന്റെ നിഗമനം.
എന്താണ് സംഭവിച്ചത്?
തീവ്ര ഗ്രൂപ്പായ ഹിസ്ബുല്ലയെ ഞെട്ടിച്ചുകൊണ്ട് ആയിരക്കണക്കിന് പേജറുകള്‍ പൊട്ടിത്തെറിച്ചതിന്റെ ആദ്യതരംഗം ചൊവ്വാഴ്ചയായിരുന്നു. ആശുപത്രികള്‍ പരുക്കേറ്റവരെ കൊണ്ടുനിറഞ്ഞു. ഹിസ്ബുല്ലയ്‌ക്കെതിരെ സൈനിക നടപടികള്‍ വിപുലമാക്കുന്നുവെന്ന് ഇസ്രയേല്‍ പ്രഖ്യാപിച്ച് ഉടനെയായിരുന്നു പേജര്‍ സ്‌ഫോടനങ്ങള്‍. ബുധനാഴ്ച വാക്കി ടോക്കികള്‍ കൂടി പൊട്ടിത്തെറിച്ചതോടെ കാര്യങ്ങള്‍ ആകെ കൈവിട്ടുപോയി. യുഎന്‍ അടിയന്തര യോഗം വിളിച്ചു.
ഒന്നാം സിദ്ധാന്തം
പേജറുകളില്‍ സ്‌ഫോടക വസ്തുക്കള്‍ ഒളിപ്പിച്ചുവച്ചു
തായ്വാന്‍ കേന്ദ്രമായ ഗള്‍ഡ് അപ്പോളോ നിര്‍മ്മാതാക്കളില്‍ നിന്ന് ഹിസ്ബുല്ല 5000 പുതിയ പേജറുകള്‍ അടുത്തിടെ ഓര്‍ഡര്‍ ചെയ്തിരുന്നു. ഈ പേജറുകളില്‍ ഇസ്രയേലി ചാരസംഘടനയായ മൊസാദ് ചെറിയ സ്‌ഫോടക വസ്തുക്കള്‍ സ്ഥാപിച്ചുവെന്നാണ് ലെബനീസ് സുരക്ഷാ വിദഗ്ധര്‍ കരുതുന്നത്. മൂന്നുഗ്രാം മാത്രം വരുന്ന സ്‌ഫോടക വസ്തുക്കള്‍ സ്‌കാനിങ്ങില്‍ പോലും തിരിച്ചറിയാനാവാത്ത വിധം രഹസ്യമായി പ്ലാന്റ് ചെയ്തു. കോഡഡ് സന്ദേശങ്ങള്‍ വഴി വിദൂരത്തിരുന്ന് പേജറുകളിലെ സ്‌ഫോടക സംവിധാനത്തെ സജീവമാക്കുകയായിരുന്നു എന്നാണ് സംശയം. സാധാരണ സ്‌കാനറുകള്‍ വഴി ഇവ തിരിച്ചറിയുക സാധ്യമായിരുന്നില്ല.
വാക്കി ടോക്കികളും പേജറുകള്‍ വാങ്ങിയ അതേ സമയത്ത് തന്നെയാണ് വിതരണം ചെയ്തത്. ഐ സി ഒ എം എന്ന് ലേബല്‍ ചെയ്ത ഈ ഡിവൈസുകള്‍ ജപ്പാനിലാണ് നിര്‍മ്മിച്ചത്. ഇവയിലും നിര്‍മ്മാണ സമയത്ത് തന്നെ മൊസാദ് കൃത്രിമം കാണിച്ചു എന്നാണ് ഹിസ്ബുല്ലയുടെ നിഗമനം. പേജറുകളെ പൊട്ടിത്തെറിപ്പിച്ച കോഡഡ് സന്ദേശ മാര്‍ഗ്ഗം തന്നെയാണ് വാക്കി ടോക്കികളിലും ഉപയോഗിച്ചതെന്ന് കരുതുന്നു.
രണ്ടാമത്തെ സിദ്ധാന്തം
വിതരണ ശൃംഖലയില്‍ അട്ടിമറി
ഹിസ്ബുല്ലയ്ക്ക് പേജറുകളും, വാക്കി ടോക്കികളും എത്തിക്കും മുമ്പേ വിതരണശൃംഖലയില്‍ ഇസ്രയേലി ഇന്റലിജന്‍സ് ഇടപെട്ടിരിക്കാമെന്ന് സുരക്ഷാ വിദഗ്ധര്‍ വിലയിരുത്തുന്നു. പേജറുകള്‍ ഗോള്‍ഡ് അപ്പോളോ എ ആര്‍-924 മോഡലുകളായിരുന്നു. എന്നാല്‍, കൂടുതല്‍ അന്വേഷണത്തില്‍ അവ നിര്‍മ്മിച്ചത് ഗോള്‍ഡ് അപ്പോളോ ബ്രാന്‍ഡ് നിര്‍മ്മിക്കാന്‍ ലൈസന്‍സുള്ള ഹംഗേറിയന്‍ കമ്പനിയായ ബി എ സി കണ്‍സള്‍ട്ടിങ് ആണെന്ന് വ്യക്തമായി. നിര്‍മ്മാണ ഘട്ടത്തിലോ, വിതരണ ഘട്ടത്തിലോ അട്ടിമറി നടന്നിരിക്കാമെന്നാണ് സംശയം. സമീപകാലത്ത് ഇറക്കുമതി ചെയ്ത പേജറുകളില്‍ ലെബനനില്‍ എത്തും മുമ്പേ കൃത്രിമം നടന്നുവെന്നാണ് ഹിസ്ബുല്ല പറയുന്നത്.
മൂന്നാമത്തെ സിദ്ധാന്തം
നേരിട്ട് പേജറുകളിലും വാക്കി ടോക്കികളിലം കൃത്രിമം കാട്ടുന്നതിനേക്കാളുപരി ഇലക്രോണിക് സിഗ്നലോ, റേഡിയോ ഫ്രീക്വന്‍സിയോ വഴി വിദൂരത്തിലിരുന്ന് സ്‌ഫോടനം നടത്തിയതാകാം എന്നതാണ് മൂന്നാമത്തെ സിദ്ധാന്തം. സൈബര്‍ അല്ലെങ്കില്‍ റേഡിയോ ഫ്രീക്വന്‍സി സിഗ്നല്‍ വഴി പേജറുകള്‍ക്ക് തകരാറുണ്ടാക്കി എന്നാണ് സൈബര്‍സ്‌പേസ് സൊലാരിയം കമ്മീഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടറും റിട്ട. അഡ്മിറലുമായ മാര്‍ക്ക് മോണ്ട്‌ഗോമറിയുടെ അഭിപ്രായം.
ഒരു കോഡഡ് സന്ദേശം വഴിയാണ് സ്‌ഫോടക വസ്തുവിനെ പൊട്ടിത്തെറിപ്പിച്ചതെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഹിസ്ബുല്ലയില്‍ നിന്നുള്ള ആഭ്യന്തര സന്ദേശം എന്ന വ്യാജേന വന്ന സന്ദേശം വായിക്കാന്‍ പേജര്‍ തുറന്നതോടെ പൊട്ടിത്തെറിക്കുകയായിരുന്നു. സ്‌ഫോടനം നടക്കുന്നതിന് തൊട്ടുമുമ്പ് ആളുകള്‍ പേജറുകളില്‍ നോക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
ആരാണ് പിന്നില്‍?
ഇസ്രയേലാണ് ആക്രമണങ്ങള്‍ക്ക് പിന്നിലെന്നും തങ്ങള്‍ ചുട്ട മറുപടി നല്‍കുമെന്നുമാണ് ഹിസ്ബുല്ലയുടെ പ്രഖ്യാപനം. മൊസാദിന്റെ ആസൂത്രിത നീക്കമാണിതെന്നാണ് പൊതുവെയുള്ള നിഗമനം. എന്നാല്‍, ഇസ്രയേല്‍ ഔദ്യോഗികമായി ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല. അന്വേഷണം തുടരുകയാണ്.