- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
ഹൈറിച്ചിന്റെ 212.5 കോടിയുടെ സ്വത്ത് കണ്ടുകെട്ടിയത് കോടതി സ്ഥിരപ്പെടുത്തി; ബഡ്സ് നിയമപ്രകാരം സ്വത്ത് കണ്ടുകെട്ടിയത് സ്ഥിരപ്പെടുത്തുന്നത് സംസ്ഥാനത്ത ആദ്യം; കണ്ടുകെട്ടിയ സ്വത്തുക്കള്‍ ലേലം ചെയ്ത് പണം നഷ്ടമായവര്‍ക്ക് തിരികെ നല്കാന് സാഹചര്യമൊരുങ്ങി
ഹൈറിച്ചിന്റെ 212.5 കോടിയുടെ സ്വത്ത് കണ്ടുകെട്ടിയത് കോടതി സ്ഥിരപ്പെടുത്തി
തൃശൂര്‍: ഹൈറിച്ച് മണി ചെയിന്‍ തട്ടിപ്പ് കേസില്‍ പ്രതികളുടെയും കമ്പനിയുടെയും 212.5 കോടിയുടെ സ്വത്തുക്കള്‍ താല്‍ക്കാലികമായി കണ്ടുകെട്ടിയ തൃശൂര്‍ കലക്ടറുടെ നടപടി കോടതി സ്ഥിരപ്പെടുത്തി നടപടി. തൃശൂര്‍ ജില്ല ബഡ്സ് കോടതിയുടെ നടപടി. തൃശൂര്‍ തേഡ് അഡീഷനല്‍ കോടതിയാണ് സ്ഥിരപ്പെടുത്തി ഉത്തരവിറക്കിയത്. ബഡ്സ് അതോറിറ്റി സമര്‍പ്പിച്ച അപേക്ഷയിലാണ് നടപടി.
വിചാരണ വേളയില്‍ കോടതി നേരിട്ട് ഹൈറിച്ചിന്റെ വെബ്സൈറ്റ് തുറന്ന് പരിശോധിച്ചിരുന്നു. സാമ്പത്തിക തട്ടിപ്പ് കേസില്‍ കോടതി നേരിട്ട് വെബ്സൈറ്റ് പരിശോധിക്കുന്നതും ബഡ്സ് നിയമപ്രകാരം സ്വത്ത് കണ്ടുകെട്ടിയത് സ്ഥിരപ്പെടുത്തുന്നതും സംസ്ഥാനത്ത് ആദ്യമാണ്. കഴിഞ്ഞ നവംബറിലാണ് 'പര്‍ച്ചേസ് കണ്സൈന്മെന്റ് അഡ്വാന്‍സ്' എന്ന പേരില്‍ കമ്പനി വാങ്ങുന്ന 10,000 രൂപയും ഗുണിതങ്ങളും ഒ.ടി.ടി ബോണ്ട് എന്നപേരില്‍ വാങ്ങുന്ന അഞ്ച് ലക്ഷം രൂപയും അനധികൃത നിക്ഷേപം സ്വീകരിക്കലാണെന്ന് കാട്ടി ബഡ്സ് അതോറിറ്റി കമ്പനിയുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചത്.
പിന്നീട് മുന്‍ എം.എല്‍.എ അനില്‍ അക്കര നല്കിയ പരാതിയില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസെടുത്ത് ഹൈറിച്ച് ഉടമ പ്രതാപനെ അറസ്റ്റ് ചെയ്ത് റിമാന്‍ഡിലാക്കി. ഇ.ഡി കേസ് കൊച്ചി പി.എം.എല്‍.എ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ച് വിചാരണ ഘട്ടത്തിലാണ്. ബഡ്സ് അതോറിറ്റിയുടെ താല്‍ക്കാലിക മരവിപ്പിക്കല്‍ ദീര്‍ഘ വാദപ്രതിവാദങ്ങള്‍ക്കൊടുവില്‍ തൃശൂര്‍ ബഡ്സ് കോടതി സ്ഥിരപ്പെടുത്തിയിരുന്നു. എന്നാല്‍, ഹൈറിച്ച് ഇതിനെതിരെ ഹൈകോടതിയെ സമീപിച്ചു.
12 ദിവസം വൈകിയാണ് സ്വത്ത് കണ്ടുകെട്ടല്‍ സ്ഥിരപ്പെടുത്താന്‍ അതോറിറ്റി അപേക്ഷ നല്‍കിയതെന്ന വാദത്തെ തുടര്‍ന്ന് ബഡ്സ് കോടതി ഉത്തരവ് ഹൈകോടതി റദ്ദാക്കി. പുതിയ നടപടികളെടുക്കാന്‍ തടസ്സമില്ലെന്ന വിധിയിലെ പരാമര്‍ശത്തിന്റെ വെളിച്ചത്തില്‍ ബഡ്സ് അതോറിറ്റി വീണ്ടും ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു.
ഇത് ചോദ്യംചെയ്ത് ഹൈറിച്ച് സുപ്രീം കോടതിയില്‍ പോയെങ്കിലും കോടതി ഇടപെട്ടില്ല. തുടര്‍ന്ന് ഹൈകോടതിയില്‍ നല്കിയ ഹരജിയില്‍ വീണ്ടും ബാങ്ക് അക്കൗണ്ട് മരവിപ്പിച്ച നടപടിയില്‍ തീരുമാനമെടുക്കാന്‍ ബഡ്സ് കോടതിയെ ചുമതലപ്പെടുത്തി. ഇതിന്റെ തുടര്‍ച്ചയായാണ് തൃശൂര്‍ തേഡ് അഡീഷനല്‍ സെഷന്‍സ് കോടതിയുടെ ഉത്തരവ്.
അതേസമയം തൃശ്ശൂരിലെ ഹൈറിച്ച് ഓണ്‍ലൈന്‍ ഷോപ്പി തട്ടിപ്പുകേസില്‍ മുഖ്യപ്രതി കെ.ഡി. പ്രതാപന്റെ ജാമ്യാപേക്ഷ പ്രത്യേക കോടതി വീണ്ടും തള്ളി. പ്രതിക്കെതിരേയുള്ള ആരോപണങ്ങളുടെ ഗൗരവം കണക്കിലെടുത്താണ് കോടതിയുടെ നടപടി. കഴിഞ്ഞവര്‍ഷം ജൂലായ് നാലുമുതല്‍ പ്രതി റിമാന്‍ഡിലാണ്. ഹൈക്കോടതിയില്‍ നേരത്തേ ജാമ്യാപേക്ഷ സമര്‍പ്പിച്ചിരുന്നു. എന്നാല്‍, കുറ്റപത്രം സമര്‍പ്പിച്ച സാഹചര്യത്തില്‍ പ്രത്യേക കോടതിയെ സമീപിക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. പ്രോസിക്യൂഷനുവേണ്ടി അഡീ. സോളിസിറ്റര്‍ ജനറല്‍ എ.ആര്. സുന്ദരേശന്, സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ എം.ജെ. സന്തോഷ് എന്നിവര്‍ ഹാജരായി.