- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വി എസ്.എസ്.സി പരീക്ഷാ തട്ടിപ്പിൽ കേന്ദ്ര സർക്കാർ ജീവനക്കാരും പ്രതികളാകും; ഉൾപ്പെട്ടിരിക്കുന്നത് ഡി.ആർ.ഡി.ഒയിലെ രണ്ട് ജീവനക്കാരും കരസേനയിലെ ക്ലാർക്കും; ഉത്തരേന്ത്യയിൽ വ്യാപക തിരച്ചിലുമായി പൊലീസ്; ഹൈടെക്ക് പരീക്ഷാ തട്ടിപ്പു വഴി ജോലി നേടിയവരും നിരവധി
തിരുവനന്തപുരം: വി എസ്.എസ്.സി പരീക്ഷാ തട്ടിപ്പ് കേസിൽ കേന്ദ്ര സർക്കാർ ജീവനക്കാരും പ്രതികളാകുമെന്നു റിപ്പോർട്ട്. ഡി.ആർ.ഡി.ഒയിലെ 2 ജീവനക്കാരും കരസേനയിലെ ക്ലാർക്കുമാണ് തട്ടിപ്പിൽ ഉൾപ്പെട്ടിരിക്കുന്നത്. ഇവരെ കണ്ടെത്താൻ പൊലീസ് ഉത്തരേന്ത്യയിൽ വ്യാപക തിരച്ചിൽ നടത്തുകയാണ്. ബഹിരാകാശ ഗവേഷണ സ്ഥാപനമായ വിക്രം സാരാഭായി സ്പേസ് സെന്ററിലേക്ക് ടെക്നീഷ്യൻ, റേഡിയോഗ്രാഫർ , ട്രാഫ്റ്റ്സ്മാൻ തുടങ്ങിയ തസ്തികളിലേക്ക് നടന്ന പരീക്ഷയിലാണ് തട്ടിപ്പ് കണ്ടെത്തിയത്.
എന്നാൽ സംഭവം കേവലം പരീക്ഷാ തട്ടിപ്പല്ലെന്നും രാജ്യത്തെ പ്രമുഖ സ്ഥാപനങ്ങളിൽ കയറിക്കൂടി അട്ടിമറി നടത്താനുള്ള ശ്രമമായിരുന്നോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. പണം വാങ്ങി ആൾമാറാട്ടത്തിലൂടെ പരീക്ഷയെഴുതി യുവാക്കളെ ജോലിക്ക് കയറ്റുന്ന തട്ടിപ്പ് എന്ന രീതിയിലാണ് അന്വേഷണം ഇതുവരെ മുന്നോട്ടു പോയത്. എന്നാൽ പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡി.ആർ.ഡി.ഒയിലെ രണ്ട് ജീവനക്കാരും കരസേനയിലെ ക്ലാർക്കും തട്ടിപ്പിലുൾപ്പെട്ടതോടെയാണ് അന്വേഷണത്തിൽ വഴിത്തിരിവുണ്ടായത്.
രാജ്യത്തിന്റെ യുദ്ധോപകരണങ്ങളടക്കം സജ്ജമാക്കുന്ന തന്ത്രപ്രധാനമായ പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡി.ആർ.ഡി.ഒ.യിലെ ജീവനക്കാർ കേസിൽ ഉൾപ്പെട്ടതിനെ അതീവ ഗൗരവത്തോടെയാണ് അന്വേഷണ സംഘം കാണുന്നത്. കേന്ദ്രസർക്കാരിന്റെ വിവിധ വകുപ്പുകളിൽ സമാനമായ ഹൈടെക്ക് പരീക്ഷാ തട്ടിപ്പിലൂടെ നിരവധി യുവാക്കളെ ജോലിക്ക് കയറ്റിയിട്ടുണ്ടെന്നും അന്വേഷണത്തിൽ കണ്ടെത്തി. ഇവരുടെയെല്ലാം വിവരം ശേഖരിച്ച് അതത് വകുപ്പുകൾക്ക് കൈമാറാനുള്ള ശ്രമത്തിലാണ് പൊലീസെന്നാണ് വിവരം.
ഹെഡ്‌സെറ്റും മൊബൈൽഫോണും വച്ചായിരുന്നു കോപ്പിയടി. ചോദ്യപേപ്പർ ഫോട്ടോ എടുത്ത് അയച്ച ശേഷം പുറത്ത് നിന്ന് ഹെഡ്‌സെറ്റ് വഴി ഉത്തരം നൽകുകയായിരുന്നു. ആദ്യം കോപ്പിയടി മാത്രമാണെന്ന് കരുതിയ പരീക്ഷയിൽ ആൾമാറാട്ടവുമുണ്ടെന്ന് പിന്നീട് വ്യക്തമാവുകയായിരുന്നു.
ഒരാളെ കോട്ടൻഹിൽ സ്‌കൂളിൽ നിന്നും മറ്റൊരാളെ പട്ടം സെന്റ് മേരീസ് സ്‌കൂളിൽ നിന്നുമാണ് പിടികൂടിയത്. ഇവർ പരീക്ഷയ്ക്ക് അപേക്ഷിച്ചവർ അല്ലെന്ന് പിന്നീട് വ്യക്തമായി. അപേക്ഷകർക്കു വേണ്ടി ആൾമാറാട്ടം നടത്തിയാണ് ഇരുവരും പരീക്ഷയ്ക്ക് എത്തിയത്. അപേക്ഷകരുടെ മൊബൈൽ ഫോൺ ഉൾപ്പടെ ഇവർ കൈവശം വെച്ചിരുന്നു.
ഹൈടെക് കോപ്പിയടി
എന്തായാലും എഴുത്തുപരീക്ഷയിലെ ഹൈടെക് കോപ്പിയടി അമ്പരപ്പിക്കുന്നതാണ്. വയറ്റിൽ ബെൽറ്റ് കെട്ടി മൊബൈൽ ഫോൺ ഒളിപ്പിച്ച്, ബ്ലൂടൂത്ത് ഹെഡ്‌സെറ്റും സ്മാർട് വാച്ചും റിമോട്ടും ഉപയോഗിച്ച് കോപ്പിയടിക്കുകയായിരുന്നു വിരുതന്മാർ. ബ്ലൂ ടൂത്ത് ഹെഡ്‌സെറ്റ്, ചെറിയ ക്യാമറ, ക്ലൗഡ് സ്റ്റോറേജ് എന്നിവയുപയോഗിച്ചാണ് പ്രതികൾ ക്രമക്കേട് കാണിച്ചത്. ഹരിയാണയിലുള്ള കോച്ചിങ് സ്ഥാപനങ്ങൾക്കാണ് ഇവർ ചോദ്യപേപ്പറിന്റെ ചിത്രം അയച്ചുകൊടുത്തത്. മറ്റുള്ള ആളുകൾക്ക് വേണ്ടിയാണ് ഇവർ പരീക്ഷയെഴുതിയതെന്ന് പൊലീസ് കണ്ടെത്തി. പ്രതികളുടെ വിലാസം പരിശോധിച്ചപ്പോൾ അത് വ്യാജമായിരുന്നു. ഹരിയാണയിലാണ് ക്രമക്കേടിന് ആസൂത്രണം നടന്നത്.
പേപ്പർ പിന്നിന്റെ അത്രയും വലുപ്പമുള്ള ബ്ലൂ ടൂത്ത് ഹെഡ്സെറ്റാണ് പിടിച്ചെടുത്തത്. ചെവിക്കുള്ളിലേക്ക് ഇത് കയറ്റിവെയ്ക്കും. പെട്ടെന്ന് തിരിച്ചറിയില്ല. പഴയ മൊബൈൽഫോണിന്റെ കെയ്സുകൾ ഇളക്കിമാറ്റി ചെറുതാക്കും. ക്യാമറ മാത്രം പുറത്തുകാണും. ഈ ഉപകരണം വയറിൽ ബെൽറ്റുപയോഗിച്ച് കെട്ടിവെച്ചശേഷം ക്യാമറ, ഷർട്ടിന്റെ ബട്ടൻസുള്ള സ്ഥാനത്ത് ഘടിപ്പിക്കും. പുറത്തു നിന്ന് നോക്കുന്നയാൾക്ക് ഷർട്ടിന്റെ ബട്ടൻസാണെന്ന് തോന്നും. ഉപകരണങ്ങളെല്ലാം പ്രവർത്തിപ്പിക്കാൻ ചെറിയ റിമോട്ടും പ്രതികളുടെ കൈയിലുണ്ടാകും. ക്യാമറ ഉപയോഗിച്ച്, റിമോട്ട് കൺട്രോൾ വഴി ചോദ്യപേപ്പറിന്റെ ചിത്രമെടുക്കും. ഇത് ക്ലൗഡ് സ്റ്റോറേജായി പുറത്ത് ഒരിടത്ത് സേവ് ചെയ്യും. പുറത്തുനിന്നുള്ളയാൾ ചോദ്യ പേപ്പർ പരിശോധിച്ച ശേഷം ഉത്തരങ്ങൾ ഹെഡ്സെറ്റ് വഴി പറഞ്ഞുകൊടുക്കും.
വയറ്റിൽ ബെൽറ്റ് കെട്ടി അതിലാണു ഫോൺ സൂക്ഷിച്ചിരുന്നത്. ഫോൺ ഉപയോഗിച്ച് ചോദ്യപേപ്പറുകളുടെ ചിത്രം എടുത്തു പുറത്തേക്ക് അയച്ചു കൊടുത്തു. ഹരിയാനയിലെ സുഹൃത്തുക്കൾക്കാണോ അതോ പുറത്തുണ്ടായിരുന്നവർക്കാണോ ഇത് അയച്ചതെന്ന് അന്വേഷിക്കുന്നു. ഇതിനു ശേഷം ഉത്തരങ്ങൾ ബ്ലൂടുത്ത് ഹെഡ് സെറ്റ് വഴിയും സ്മാർട് വാച്ചിലെ സ്സ്‌ക്രീനിലൂടെയും കേട്ടും മനസ്സിലാക്കിയുമാണു സുനിൽ എന്നയാൾ പരീക്ഷ എഴുതിയത്. ഇത്തരത്തിൽ സുനിൽ 75 മാർക്കിന് ഉത്തരങ്ങൾ എഴുതി. പിടിക്കപ്പെട്ടതിനാൽ സുമിത്തിന് ഒന്നും എഴുതാൻ സാധിച്ചില്ല. തിരുവനന്തപുരത്ത് വിവിധ കേന്ദ്രങ്ങളിലായിരുന്നു പരീക്ഷ. ഹരിയാണ സ്വദേശികൾ ഉൾപ്പെടെ ഉത്തരേന്ത്യക്കാരാണ് കൂടുതലും പരീക്ഷയെഴുതിയത്.
മറുനാടന് മലയാളി ബ്യൂറോ