- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പോലീസ് വാഹനം സ്‌കൂട്ടറിന് പിന്നിലിടിച്ച് നട്ടെല്ലിന് പരിക്കേറ്റു; ആശുപത്രിയിലെത്തിച്ച് പൊലീസുകാര്‍ മുങ്ങി; മാസങ്ങളായി ദുരിതക്കിടക്കയില്‍ യുവതി
തൃശ്ശൂര്‍: പൊലീസ് വാഹനം സ്‌കൂട്ടറിന് പിന്നില്‍ ഇടിച്ച് പരിക്കേറ്റ യുവതികളെ ആശുപത്രിയിലെത്തിച്ച ശേഷം ചികിത്സ ചെലവ് നല്‍കാതെ പൊലീസുകാര്‍ മുങ്ങിയെന്ന് പരാതി. പാഞ്ഞാള്‍ പഞ്ചായത്തിലെ പൈങ്കുളം തേറുങ്ങാട്ടില്‍ വീട്ടില്‍ രജനി, ഇരുപ്പലത്ത് സുജയുമാണ് പരാതിയുമായി രംഗത്തുവന്നത്. നട്ടെല്ലിന് പരിക്കേറ്റ യുവതി മാസങ്ങളായി ദുരിതക്കിടക്കയിലാണ്. ഒറ്റപ്പാലം സി.ഐ. സഞ്ചരിച്ച വാഹനമാണ് ഇടിച്ചത്.
മെയ് 11 ന് രാവിലെ ഷൊര്‍ണൂര്‍ - കുളപ്പുള്ളി റോഡില്‍ വെച്ചാണ് അപകടം സംഭവിച്ചത്. ഷൊര്‍ണൂര്‍ ഭാഗത്തേക്ക് വരികയായിരുന്ന ഒറ്റപ്പാലം സി ഐ സഞ്ചരിച്ചിരുന്ന വാഹനം രജനിയും സുജയും സഞ്ചരിച്ച ഇരുചക്ര വാഹനത്തില്‍ വന്നിടിക്കുകയായിരുന്നു. പൊലീസ് വാഹനം അമിത വേഗതയില്‍ ആയിരുന്നുവെന്നും ഇടിയുടെ ആഘാതത്തില്‍ തലയ്ക്ക് ഉള്‍പ്പെടെ ഗുരുതര പരിക്കുകള്‍ സംഭവിച്ചെന്നും യുവതികള്‍ പറയുന്നു. പരിക്കേറ്റ ഇരുവരേയും പൊലീസ് വാഹനത്തില്‍ വാണിയംകുളം പി കെ ദാസ് സ്വകാര്യ ആശുപത്രിയിലെത്തിച്ചു.
ചികിത്സ ചെലവ് മുഴുവന്‍ വഹിക്കാം എന്ന് പറഞ്ഞ് കുറച്ച് തുക മാത്രം നല്‍കി പൊലീസുകാര്‍ പോയെന്നും പിന്നീട് തിരിഞ്ഞ് നോക്കിയിട്ടില്ലെന്നുമാണ് യുവതികളുടെ പരാതി. സുജക്കെതിരെ കേസെടുത്തെന്നും യുവതികള്‍ ആരോപിക്കുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കും മുഖ്യമന്ത്രിക്കും ഉള്‍പ്പെടെയുളളവര്‍ക്ക് യുവതികള്‍ പരാതി നല്‍കി.
സ്‌കൂട്ടറിനു പിന്നിലിരുന്ന രജനിക്ക് റോഡിലേക്ക് തെറിച്ചുവീണാണ് പരിക്കേറ്റത്. ഒന്‍പതു തുന്നലുകളിട്ടു. നട്ടെല്ലിനു പൊട്ടലുമുണ്ടായി. ജീപ്പില്‍ പാലക്കാട് ഒറ്റപ്പാലത്തെ സി.ഐ.യും യൂണിഫോമില്ലാത്ത ആളുമാണ് ഉണ്ടായിരുന്നതെന്ന് പറയുന്നു. യൂണിഫോമില്ലാത്തയാളാണ് വണ്ടി ഓടിച്ചിരുന്നത്.
പോലീസ് ഉദ്യോഗസ്ഥര്‍ത്തന്നെ ചികിത്സച്ചെലവു മുഴുവന്‍ വഹിക്കാമെന്നും കേസൊന്നും വേണ്ടെന്നും പറഞ്ഞിരുന്നു. മൂന്നാംദിവസം ആശുപത്രി വിട്ടു. 23,000 രൂപയായിരുന്നു ആശുപത്രി ബില്ല്. കൈയില്‍ പണമില്ലെന്നും പോലീസ് ഉദ്യോഗസ്ഥര്‍ തരുമെന്നും പറഞ്ഞ് ഇവര്‍ പോന്നു.
കുറച്ചുദിവസം കഴിഞ്ഞ് ആശുപത്രിയില്‍നിന്ന് ബില്ലടയ്ക്കാന്‍ പറഞ്ഞ് ഫോണ്‍വിളി വന്നു. പോലീസുമായി ബന്ധപ്പെട്ടപ്പോള്‍ മുഴുവന്‍ പണം നല്‍കാമെന്നു പറഞ്ഞതില്‍നിന്ന് അവര്‍ പിന്മാറി. ചര്‍ച്ചകള്‍ക്കുശേഷം പകുതി പണം മാത്രം പോലീസ് നല്‍കി. ബാക്കി തുക രജനി അടയ്‌ക്കേണ്ടിവന്നു.
നട്ടെല്ലിന്റെ ക്ഷതംമൂലം കിടന്ന കിടപ്പിലാണ് രജനി ഇപ്പോള്‍. ആറുമാസമെങ്കിലും വലിയ ജോലികളൊന്നും ചെയ്യരുതെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഇതിനിടെ സ്‌കൂട്ടര്‍ ഓടിച്ചിരുന്ന സുജയുടെ പേരില്‍ പോലീസ് കേസെടുത്തു. രജനി ഷൊര്‍ണൂര്‍ പോലീസിലും മറ്റും പരാതി നല്‍കിയെങ്കിലും തുടര്‍നടപടിയുണ്ടായില്ല.
സാക്ഷികളെ ഭീഷണിപ്പെടുത്തിയെന്നും പറയുന്നു. രജനിയുടെ ഭര്‍ത്താവ് രാജഗോപാല്‍ കൂലിപ്പണിക്കാരനാണ്. രണ്ട് മക്കളുമുണ്ട്. ചികിത്സച്ചെലവുകള്‍ക്കായും ഏറെ ബുദ്ധിമുട്ടിലാണ്. വാഹനാപകട ഇന്‍ഷുറന്‍സ് തുകയെങ്കിലും കിട്ടിയിരുന്നെങ്കില്‍ വലിയ സഹായമായേനെയെന്ന് ഇവര്‍ പറയുന്നു. മുഖ്യമന്ത്രിക്കും മറ്റും പരാതി നല്‍കി കാത്തിരിക്കുകയാണിവര്‍.