മംഗളൂരു: സ്ത്രീകൾ വസ്ത്രം മാറുന്ന വീഡിയോകൾ രഹസ്യമായി ചിത്രീകരിച്ച് ബ്ലാക്ക് മെയിലിംഗ് നടത്തി പണം തട്ടിയെടുത്ത കേസിൽ യുവതിയെ മംഗളൂരു പോലീസ് അറസ്റ്റ് ചെയ്തു. ചിക്കമംഗളൂരു സ്വദേശിനിയായ നിരീക്ഷയാണ് കദ്രി പോലീസ് സ്റ്റേഷനിലെ പരാതിയെ തുടർന്ന് ഞായറാഴ്ച കങ്കനാടിയിലെ വാടക വീട്ടിൽ നിന്ന് പിടിയിലായത്. ബ്ലാക്ക്‌മെയിൽ, ഹണി ട്രാപ്പ് കേസുകളിൽ പ്രതിയുടെ പങ്കാളിത്തം കണ്ടെത്താൻ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

യുവതി യുവാക്കളുടെ രഹസ്യ നിമിഷങ്ങൾ വീഡിയോയിൽ പകർത്തി, പിന്നീട് അവ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കുകയായിരുന്നു പോലീസ് പറഞ്ഞു. നേരത്തെ ഉടുപ്പി-കർക്കള നിട്ടെ അഭിഷേക് ആചാര്യയുടെ ആത്മഹത്യാ കേസുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന ഹണി ട്രാപ്പ് ആരോപണങ്ങളിലും നിരീക്ഷയുടെ പേര് പരാമർശിക്കപ്പെട്ടിരുന്നു. അഭിഷേക് ആചാര്യ മരണക്കുറിപ്പിൽ നിരീക്ഷയേയും മറ്റുള്ളവരേയും കുറിച്ച് വെളിപ്പെടുത്തലുകൾ നടത്തിയിരുന്നുവെന്നും, താൻ പീഡനത്തിനിരയായെന്നും ആരോപിച്ചിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്.

ഈ വെളിപ്പെടുത്തലുകൾക്ക് പിന്നാലെ സോഷ്യൽ മീഡിയയിൽ വ്യാപകമായ പ്രതിഷേധം ഉയർന്നിരുന്നു. പ്രതിയെ ഞായറാഴ്ച മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കി. കോടതി 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. അതേസമയം, അഭിഷേക് ആത്മഹത്യ ചെയ്ത കേസിൽ 'ഹണിട്രാപ്പ്' നടന്നതിന് തെളിവുകളൊന്നുമില്ലെന്ന് ഉഡുപ്പി പോലീസ് സൂപ്രണ്ട് (എസ്പി) ഹരിറാം ശങ്കർ പറഞ്ഞു. അന്വേഷണത്തിൽ നിരീക്ഷയുടെ ഫോണിൽ നിന്ന് അശ്ലീല ഫോട്ടോകളോ വീഡിയോകളോ കണ്ടെത്തിയില്ലെന്നും അവർ ഒന്നും ഫോർവേഡ് ചെയ്തില്ലെന്നും റിപ്പോർട്ടുണ്ട്.

സെപ്റ്റംബറിൽ അഭിഷേകിൽ നിന്ന് നിരീക്ഷയ്ക്ക് കൈമാറിയ പണം അതേ ദിവസം തന്നെ തിരികെ നൽകിയതായും, അഭിഷേകുമായി ഒരു ബന്ധമില്ലെന്ന് നിരീക്ഷ മൊഴി നൽകിയതായും എസ്പി പറഞ്ഞു. ആത്മഹത്യ ചെയ്യുന്നതിന് മുമ്പ് അഭിഷേക് നിരീക്ഷയുടെ ചില വീഡിയോകൾ ഒരു വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ തന്റെ സഹപ്രവർത്തകരുമായി പങ്കുവെച്ചുവെന്നും തുടർന്ന് നിരീക്ഷ അഭിഷേകിനെ വിളിച്ച് പോലീസിൽ പരാതി നൽകുമെന്ന് താക്കീത് നൽകിയിരുന്നതായും എസ്പി പറഞ്ഞു.