ലക്‌നൗ: പാക്കിസ്ഥാനില്‍ പട്ടിണിയും പരിവട്ടവും ആണെങ്കിലും ഇന്ത്യയ്ക്ക് തുരങ്കം വയ്ക്കാനുള്ള ഒരവസരവും ആ രാജ്യത്തെ ഭരണകൂടം പാഴാക്കാറില്ല. ഹണിട്രാപ്പിലൂടെ ഇന്ത്യയുടെ സൈനിക രഹസ്യങ്ങള്‍ ചോര്‍ത്തുന്ന പരിപാടി പാക്കിസ്ഥാന്റെ ഇന്റര്‍ സര്‍വീസസ് ഇന്റലിജന്‍സ് അധവാ ഐഎസ്‌ഐ തുടരുകയാണ്. ഫിറോസബാദിലെ ആയുധ നിര്‍മാണ ഫാക്‌റിയിലെ ഉദ്യോഗസ്ഥനെ യുപി ഭീകര വിരുദ്ധ സ്‌ക്വാഡ് അറസ്റ്റ് ചെയ്തതോടെ, അതീവജാഗ്രതയിലാണ് സൈന്യം.

രവീന്ദ്രകുമാര്‍ എന്ന ഉദ്യോഗസ്ഥന്‍ ഐഎസ്‌ഐക്ക് വേണ്ടി ചാരപ്പണി നടത്തി എന്ന സംശയത്തിലാണ് അറസ്റ്റ്. ഗഗന്‍യാന്‍ ബഹിരാകാശ പദ്ധതി, സൈന്യത്തിന്റെ ലോജിസ്റ്റിക്‌സ് ഡെലിവറി ഡ്രോണിന്റെ പരീക്ഷണം എന്നിവയുടേതടക്കം രഹസ്യവിവരങ്ങള്‍ ഇയാള്‍ ചോര്‍ത്തി നല്‍കിയതായി യുപി എടിഎസ് മേധാവി നിലബ്ജ ചൗധരി പറഞ്ഞു. രവീന്ദ്ര കുമാറിന്റെ ഒരു കൂട്ടാളിയും പിടിയിലായി. ഐഎസ്‌ഐക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന നേഹ ശര്‍മ്മ എന്ന യുവതിക്ക് രവീന്ദ്ര കുമാര്‍ വിവരം ചോര്‍ത്തുന്നുവെന്ന സംശയത്തെ തുടര്‍ന്ന് യുപി എടിഎസും ഇന്റലിജന്‍സ് ഏജന്‍സികളും ഇയാളെ നിരീക്ഷിച്ചുവരികയായിരുന്നു.

യുപി എടിഎസിന്റെ ആഗ്ര യൂണിറ്റ് രവീന്ദ്ര കുമാറിനെ കുറിച്ച് പ്രാഥമിക അന്വേഷണം നടത്തിയ ശേഷം വിശദമായ ചോദ്യം ചെയ്യലിനായി ആസ്ഥാനത്തേക്ക് വിളിച്ചുവരുത്തി. അവിടെ വച്ചാണ് താന്‍ സുപ്രധാന വിവരങ്ങള്‍ നേഹ എന്ന ഐഎസ്‌ഐ ഹാന്‍ഡ്‌ലറുമായി പങ്കുവച്ചുവെന്ന് ഇയാള്‍ വെളിപ്പെടുത്തിയത്. യുവതി നല്‍കിയ വാഗ്ദാനങ്ങളില്‍ വീണുപോയ ഇയാള്‍ വാട്ട്‌സ്ആപ്പ് വഴി രഹസ്യരേഖകള്‍ അയച്ചുകൊടുത്തു.

ഇയാളില്‍ നിന്ന് കണ്ടെത്തിയ വാട്‌സ്ആപ്പ് ചാറ്റുകളും രഹസ്യരേഖകളും ഉള്‍പ്പെടെയുള്ള ഡിജിറ്റല്‍ തെളിവുകള്‍ അന്വേഷണത്തിന്റെ ഭാഗമായി വിശകലനം ചെയ്തുവരികയാണ്.

രവീന്ദ്ര കുമാറിന്റെ ഫോണില്‍ ചന്ദന്‍ സ്‌റ്റോര്‍ കീപ്പര്‍ 2 എന്ന പേരിലാണ് നേഹ ശര്‍മ്മയുടെ പേര് സേവ് ചെയ്തിരുന്നത്. ഫേസ്ബുക്ക് വഴിയാണ് രവീന്ദ കുമാറുമായി ബന്ധം സ്ഥാപിച്ചെടുത്തത്. പുരുഷന്മാരെ സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട് പാട്ടിലാക്കി പ്രതിരോധ രഹസ്യങ്ങള്‍ അടക്കം നിര്‍ണായക വിവരങ്ങള്‍ ചോര്‍ത്താന്‍ വനിതാ ഏജന്റുമാരെ തേണ്‍കെണിക്കായി നിയോഗിക്കുന്ന ഐഎസ്‌ഐ മോഡല്‍ കുറച്ചുനാളായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് യുപി എടിഎസ് മേധാവി നിലബ്ജ ചൗധരി പറഞ്ഞു.

ദേശീയ സുരക്ഷയ്ക്ക് വലിയ ഭീഷണിയാകുന്ന തരത്തില്‍ രഹസ്യവിവരങ്ങള്‍ ചേര്‍ത്താന്‍ ആളുകളെ കുടുക്കുകയാണ് അവര്‍ ചെയ്യുന്നത്. രവീന്ദ്ര കുമാറിനെ ചോദ്യം ചെയ്തപ്പോള്‍ വെടിക്കോപ്പ് നിര്‍മ്മാണ ശാലയുടെ ദിവസേനയുള്ള ഉത്പാദന റിപ്പോര്‍ട്ട് അടക്കം ഇയാള്‍ നേഹ ശര്‍മ്മ എന്ന ഐഎസ്‌ഐ ഏജന്റിന് കൈമാറിയതായി ചോദ്യം ചെയ്യലില്‍ തെളിഞ്ഞു.

ആയുധ നിര്‍മ്മാണ ശാലകളും മറ്റു പ്രതിരോധ സ്ഥാപനങ്ങളും സുരക്ഷാ പ്രോട്ടോക്കോളുകള്‍ ശക്തമാക്കണമെന്നും എല്ലാ ജീവനക്കാരുടെയും സുരക്ഷാ പരിശോധനയില്‍ ജാഗ്രത പുലര്‍ത്തണമെന്നും യുപി എടിഎസ് മേധാവി ആവശ്യപ്പെട്ടു.

ഐഎസ്‌ഐയുടെ ഹണിട്രാപ് രീതികളെ കുറിച്ച് സൈനികോദ്യോഗസ്ഥര്‍ക്കും കുടുംബങ്ങള്‍ക്കും ബോധവത്കരണം നല്‍കി വരുന്നുണ്ട്. പരിശീലന ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍ പുതിയ ട്രെയിനികള്‍ക്ക് ഇക്കാര്യത്തില്‍ പ്രത്യേക ശ്രദ്ധ നല്‍കി വരുന്നു. ഇന്ത്യന്‍ സൈനികരെ ഹണി ട്രാപ്പില്‍ വീഴത്താന്‍ ഉപയോഗിക്കുന്ന 150 ലേറെ പ്രൊഫൈലുകള്‍ നേരത്തെ സൈന്യം തിരിച്ചറിഞ്ഞിരുന്നു. സോഷ്യല്‍ മീഡിയ വഴി ഒരു സുപ്രധാന വിവരവും കൈമാറരുതെന്ന് സൈന്യം കര്‍ശന നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്.