കുന്നംകുളം: ഗവ. ബോയ്‌സ് ഹൈസ്‌കൂളിനു കിഴിലുള്ള സ്‌പോര്‍ട്‌സ് ഡിവിഷന്‍ ഹോസ്‌റ്റലിലെ സംഘര്‍ഷത്തിൽ വിദ്യാർത്ഥിക്ക് ഗുരുതര പരിക്കേറ്റ സംഭവത്തിൽ പൊലീസ് നടപടി വൈകുന്നുവെന്ന് ആരോപണം. കഴിഞ്ഞ 18ന് രാത്രി പന്ത്രണ്ടോടെയാണ് ഹോസ്റ്റലിൽ 10-ാംക്ലാസ്‌, പ്ലസ്‌ടു വിദ്യാർത്ഥികള്‍ തമ്മില്‍ സംഘർഷമുണ്ടായത്. സംഭവത്തിൽ പ്ലസ്‌ടു വിദ്യാര്‍ത്ഥിയും ഗുസ്തി താരവുമായ എറണാകുളം സ്വദേശിക്ക് ചെവിക്കു ഗുരുതരപരുക്കേറ്റിരുന്നു. ചെവിയുടെ ഒരുഭാഗം വേര്‍പെട്ട വിദ്യാർത്ഥിക്കു സ്വകാര്യാശുപത്രിയില്‍ അടിയന്തര ശസ്‌ത്രക്രിയ നടത്തി. സംസ്ഥാന തലത്തിൽ ഗുസ്തി മത്സരത്തിനായുള്ള തയ്യാറെടുപ്പുകൾ നടക്കുന്നതിനിടെയാണ് അനിഷ്ട സംഭവങ്ങളുണ്ടായത്. ഇതോടെ മത്സരത്തിൽ വിദ്യാർത്ഥിക്ക് പങ്കെടുക്കാനായില്ല. സംഭവം മറച്ച് വെക്കാൻ അധ്യാപകർ ശ്രമിച്ചതായും ആക്ഷേപമുണ്ട്.

ഹോസ്റ്റൽ വാർഡനെതിരെയാണ് രൂക്ഷമായ ആരോപണങ്ങൾ ഉയർന്നു വന്നത്. കുട്ടിയുടെ ചികിത്സ ബോധപൂർവം വൈകിപ്പിച്ചതായി പരിക്കേറ്റ വിദ്യാർത്ഥിയുടെ മാതാപിതാക്കൾ ആരോപിച്ചു. കുട്ടികൾ തമ്മിലുണ്ടായ സംഘർഷത്തിലാണ് വിദ്യാർത്ഥിക്ക് പരിക്കേറ്റതെന്ന് പറഞ്ഞാൽ ആശുപത്രിയിൽ നിന്നും ചികിത്സ ലഭിക്കില്ലെന്ന വിചിത്ര വാദമാണ് സംഭവവുമായി ബന്ധപ്പെട്ട് വാർഡൻ പറയുന്നത്. പടിയിൽ നിന്ന് വീണാണ് കുട്ടിക്ക് പരിക്കേറ്റതെന്നാണ് വാർഡൻ ആശുപത്രി അധികൃതരോട് പറഞ്ഞതെന്നാണ് മാതാപിതാക്കൾ പറയുന്നത്. ഹോസ്റ്റലിൽ നടന്ന സംഘർഷത്തിലല്ല കുട്ടിയുടെ ചെവിക്ക് പരിക്കേറ്റതെന്നാണ് ഹോസ്റ്റൽ അധികൃതരുടെ വാദം. ചികിത്സ വൈകിപ്പിച്ച വാർഡനെതിരെ നിയമ നടപടിക്കൊരുങ്ങുകയാണ് മാതാപിതാക്കൾ.

ആക്രമണം നടത്തിയ വിദ്യാര്‍ത്ഥികളുടെ വാട്‌സ്ആപ്‌ സന്ദേശവും പുറത്തുവന്നിരുന്നു. പ്ലസ് ടു വിദ്യാർത്ഥികളെ മർദിക്കണമെന്നും, അതിന്റെ വീഡിയോ ചിത്രീകരിച്ച് സമൂഹ മാധ്യമങ്ങളിലെ ഗ്രൂപ്പുകളിൽ പ്രചരിപ്പിക്കണമെന്നതുമായിരുന്നു വാട്‌സ്ആപ്‌ സന്ദേശത്തിൽ പറയുന്നത്. വിദ്യാർത്ഥിക്കെതിരെ ഉണ്ടായ ക്രൂര മർദ്ദനം കൃത്യമായി ആസൂത്രണം ചെയ്ത് നടത്തിയതാണെന്നാണ് സന്ദേശത്തിൽ നിന്നും മനസ്സിലാക്കേണ്ടത്. വീഡിയോ ഷൂട്ട് ചെയ്ത് റീലായി അപ്പൻസ് എന്ന ഗ്രൂപ്പിൽ പ്രചരിപ്പിക്കണമെന്നതുമായിരുന്നു ശബ്ദ സന്ദേശത്തിലൂടെയുള്ള ആഹ്വാനം.

ഒരാഴ്‌ചയായി വിദ്യാർത്ഥികള്‍ ചേരിതിരിഞ്ഞ്‌ സംഘര്‍ഷം നിലനിന്നിരുന്നു. സ്‌കൂളില്‍ വിദ്യാര്‍ഥികള്‍ തമ്മിലുള്ള സംഘര്‍ഷത്തേത്തുടര്‍ന്ന്‌ അധികൃതര്‍ പി.ടി.എ. യോഗം വിളിച്ചുചേര്‍ത്തിരുന്നു. സംഘര്‍ഷമൊഴിവാക്കാന്‍ കുട്ടികളെ മാര്‍ച്ചില്‍ പരീക്ഷ ആരംഭിക്കുന്നതുവരെ വീടുകളിലേക്കു കൊണ്ടുപോകാനായിരുന്നു യോഗത്തിലെ തീരുമാനം. ഹോസ്‌റ്റലിലുണ്ടായ സംഘര്‍ഷത്തില്‍ തങ്ങള്‍ക്ക്‌ ഉത്തരവാദിത്വമില്ലെന്നാണ്‌ സ്‌കൂള്‍ അധികൃതരുടെയും അധ്യാപകരുടെയും നിലപാട്‌. സംഘര്‍ഷത്തെ റാഗിങ്ങെന്നു ചിത്രീകരിക്കാന്‍ ചിലര്‍ ശ്രമിക്കുന്നതായും അധ്യാപകര്‍ ആരോപിച്ചു.

പരുക്കേറ്റ വിദ്യാർത്ഥിയെ വാര്‍ഡന്റെ നേതൃത്വത്തിലാണ് കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാൽ സംഘർഷമുണ്ടായ വിവരം മറച്ച് വെക്കാനായിരുന്നു വാർഡൻ ശ്രമിച്ചതെന്ന ഗുരുതര ആരോപണം ഉയർന്ന് വന്നിരുന്നു. കുട്ടിയെ അഡ്മിറ്റ് ആക്കാൻ ആവശ്യപ്പെട്ടിട്ടും വാർഡൻ തയ്യാറായില്ലെന്നും, തിരികെ ഹോസ്റ്റലിൽ കൊണ്ട വരികയുമായിരുന്നു എന്നാണ് മാതാപിതാക്കൾ പറയുന്നത്. പിന്നീട് അധ്യാപകര്‍ ബന്ധുക്കളെ വിവരമറിയിച്ചതിനെ തുടർന്ൻ കുട്ടിയെ പിന്നീട്‌ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. വീട്ടുകാരുടെ പരാതിയേത്തുടര്‍ന്ന്‌ കുന്നംകുളം പോലീസ്‌ കുട്ടിയുടെ മൊഴിയെടുത്തു. റിപ്പോര്‍ട്ട്‌ കോടതിയില്‍ സമര്‍പ്പിക്കും. റാഗിങ്‌ നടന്നിട്ടില്ലെന്നു പോലീസ്‌ പറയുന്നു.