പുണെ: ദമ്പതികൾക്കിടയിൽ ഉണ്ടായ തർക്കത്തിനിടെ അരുംകൊല. പ്രകോപനം സഹിക്കാൻ വയ്യാതെ ഭർത്താവ് ഭാര്യയുടെ തൊണ്ടയിൽ കത്രിക കുത്തിയിറക്കുകയായിരുന്നു. മഹാരാഷ്ട്രയിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. വീട്ടിൽ നടന്ന വഴക്കിന് പിന്നാലെയാണ് ഭാര്യയെ കത്രിക കൊണ്ട് കുത്തിക്കൊലപ്പെടുത്തി യുവാവ്. ഇരുപത്തേഴുകാരിയായ ജ്യോതി ജീതെയെയാണ് ഭര്‍ത്താവും മുപ്പത്തേഴുകാരനുമായ ശിവദാസ് ജിതെ കുത്തിക്കൊലപ്പെടുത്തിയത്.

തുടര്‍ന്ന് പ്രതിയായ ഭർത്താവ് ജോലിയിടത്തെ സാമൂഹിക മാധ്യമ ഗ്രൂപ്പില്‍ പശ്ചാത്താപം അറിയിച്ചുകൊണ്ടുള്ള ഒരു വീഡിയോയും പങ്കുവെച്ചു. ഇയാളെ പിന്നീട് പോലീസ് അറസ്റ്റുചെയ്തു. ബുധനാഴ്ച പുലര്‍ച്ചെ നാലരയോടെ ഇവര്‍ താമസിക്കുന്ന ഒറ്റമുറി വീട്ടില്‍വെച്ചാണ് സംഭവം.

ഇരുവരും തമ്മില്‍ തര്‍ക്കം രൂക്ഷമായതിനെ പിന്നാലെ ശിവദാസ്, അടുത്തുകണ്ട കത്രികയെടുത്ത് ജ്യോതിയുടെ തൊണ്ടയില്‍ കുത്തുകയായിരുന്നു. ജ്യോതിയുടെ നിലവിളി കേട്ട് ഓടിയെത്തിയ അയല്‍വാസികള്‍ ഉടന്‍തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. അതിനു മുമ്പെ മരിച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചു.

ഇതിന് ശേഷം സംഭവിച്ചതില്‍ ഖേദം അറിയിച്ചുള്ള ഒരു വീഡിയോ ശിവദാസ് സ്വന്തം ഫോണില്‍ ഷൂട്ട് ചെയ്ത്, ഇത് ജോലിയിടത്തെ വാട്‌സാപ്പ് ഗ്രൂപ്പില്‍ പങ്കുവെച്ചു. പിന്നാലെ ആറ് വയസ്സുള്ള മകനെയും കൂട്ടി പോലീസ് സ്റ്റേഷനിലെത്തി സ്വയം കീഴടങ്ങി. സംഭവസ്ഥലം സന്ദര്‍ശിച്ച പോലീസ്, പ്രതി കുത്താന്‍ ഉപയോഗിച്ചതെന്ന് പറയപ്പെടുന്ന കത്രികയുള്‍പ്പെടെയുള്ള തെളിവുകള്‍ ശേഖരിക്കുകയും ചെയ്തിട്ടുണ്ട്.