ത്സാന്‍സി: ഉത്തര്‍പ്രദേശിലെ ത്സാന്‍സിയില്‍ എല്ലാവരെയും ഞെട്ടിക്കുന്ന സംഭവമാണ് പുറത്ത് വരുന്നത്. ഭാര്യ ലൈംഗികബന്ധത്തിന് വിസമ്മതിച്ചതിനെ തുടര്‍ന്ന് ഭര്‍ത്താവ് അവരെ രണ്ടുനില കെട്ടിടത്തില്‍ നിന്ന് തള്ളിയിട്ടു. ഗുരുതരമായി പരുക്കേറ്റ 26കാരിയായ തീജ ഇപ്പോള്‍ ത്സാന്‍സി മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. സംഭവത്തെ തുടര്‍ന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു.

മൗ റാണിപൂര്‍ സ്റ്റേഷന്‍ പരിധിയിലാണ് സംഭവം നടന്നത്. തീജയുടെ മൊഴിപ്രകാരം ഭര്‍ത്താവ് മുകേഷ് അഹിര്‍വാര്‍ പലതവണ തന്നെ ഉപദ്രവിച്ചിരുന്നുവത്രെ. ഇരുവരും ആദ്യം ക്ഷേത്രത്തില്‍ കണ്ടുമുട്ടിയവരാണ്. അന്ന് തന്നെയാണ് മുകേഷ് വിവാഹ വാഗ്ദാനം നല്‍കുകയും തുടര്‍ന്ന് വിവാഹം നടത്തുകയും ചെയ്തത്.

വിവാഹത്തിന്റെ ആദ്യകാലത്ത് ജീവിതം സാധാരണമായിരുന്നെങ്കിലും പിന്നീട് മുകേഷ് ക്രൂര സ്വഭാവം പ്രകടിപ്പിക്കാന്‍ തുടങ്ങി. ഇടയ്ക്കിടെ വീട്ടില്‍ നിന്ന് മാറിനില്‍ക്കുകയും, തിരിച്ചെത്തുമ്പോള്‍ ഭാര്യയെ മര്‍ദിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസമാണ് മുകേഷ് വീട്ടിലേക്ക് തിരിച്ചെത്തിയത്. അന്ന് തന്നെ അവന്‍ ഭാര്യയെ ബലമായി ബന്ധത്തിനായി നിര്‍ബന്ധിച്ചു. തീജ അതിന് എതിര്‍ത്ത് പറഞ്ഞതോടെ മുകേഷ് അവളെ കെട്ടിടത്തിന്റെ മുകളില്‍നിന്ന് തള്ളിയിടുകയായിരുന്നു.

യുവതിയുടെ നിലവിളി കേട്ട് അയല്‍വാസികള്‍ ഓടിയെത്തിയാണ് അവളെ ആശുപത്രിയിലെത്തിച്ചത്. ശരീരമാസകലം പരുക്കുകളുണ്ടെങ്കിലും ജീവന്‍ അപകടത്തില്‍നിന്ന് രക്ഷപ്പെട്ടിട്ടുണ്ട്. പൊലീസ് മുകേഷിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.