കൊച്ചി: കുറച്ചുകാലമായി കേരളത്തിലേക്ക് ഹൈബ്രിഡ് കഞ്ചാവ് വന്‍തോതില്‍ ഒഴുകുകയാണ്. തായ്‌ലണ്ടില്‍ നിന്നും മലേഷ്യയില്‍ നിന്നുമാണ് ഇങ്ങനെ ഹൈബ്രിഡ് കഞ്ചാവ് എത്തുന്നത്. വലിയ പണം കൊടുക്കേണ്ടി വരുന്ന ഈ കഞ്ചാവിന് സിനിമാക്കാര്‍ അടക്കമുള്ള ഉന്നതരാണ് ആവശ്യക്കാരായുള്ളത്. കേരളത്തില്‍ കൊച്ചി വിമാനത്താവളത്തിലും തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നും അത്തരത്തില്‍ ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയിരുന്നു. അന്ന് പിടിയിലായത് വിദ്യാര്‍ഥികളായിരുന്നു എന്ന പ്രത്യേകതയുമുണ്ട്.

ഇപ്പോഴിതാ തായ്ലന്‍ഡില്‍ നിന്നും രണ്ടു വിമാനങ്ങളിലായി 23കോടി രൂപയുടെ കഞ്ചാവ് കടത്തിയ ആറു മലയാളികള്‍ പിടിയിലായി. 23 കിലോ ഹൈഡ്രോപോണിക് കഞ്ചാവാണ് ഇവര്‍ ചെന്നൈ വിമാനത്താവളത്തില്‍ എത്തിച്ചത്. ഭക്ഷണ പാക്കറ്റുകളിലും ചോക്ലേറ്റ് പാക്കറ്റുകളിലും ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ് കണ്ടെത്തിയത്. രണ്ടു സംഘങ്ങളായെത്തിയ എന്‍ജിനീയറിങ് ബിരുദധാരികളാണ് പിടിയിലായവരെല്ലാം.

മണ്ണില്ലാതെ പോഷകസമൃദ്ധമായ ദ്രാവകങ്ങളിലിട്ട് വളര്‍ത്തുന്ന മികച്ച ശേഷിയുള്ള കഞ്ചാവ് വകഭേദമാണ് ഹൈഡ്രോപോണിക് എന്നറിയപ്പെടുന്നത്. ബാങ്കോക്കില്‍ നിന്നാണ് ഇവര്‍ വിമാനത്തില്‍ കയറിയത്. കഞ്ചാവ് കടത്ത് ലക്ഷ്യമിട്ടാണ് തായ്ലന്‍ഡിലേക്ക് യുവാക്കള്‍ വിനോദസഞ്ചാരികളായി പോയതെന്ന് എയര്‍ ഇന്റലിജന്‍സ് യൂണിറ്റിന്റെ അന്വേഷണത്തില്‍ കണ്ടെത്തി.

ബാഗേജ് പരിശോധനക്കിടെയാണ് വ്യാഴാഴ്ചയെത്തിയ ആദ്യസംഘത്തില്‍ നിന്ന് 15കോടി വിലമതിക്കുന്ന 15കിലോ കഞ്ചാവ് പിടികൂടിയത്. തുടര്‍ന്നുള്ള പരിശോധനയിലാണ് വെള്ളിയാഴ്ച എത്തിയ സംഘത്തില്‍ നിന്നും 8കിലോ കൂടി കണ്ടെടുത്തത്. രാജ്യാന്തര ലഹരികടത്തു സംഘത്തിലെ കണ്ണികളാണിവരെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയത്.

എന്താണ് ഹൈബ്രിഡ് കഞ്ചാവ്?

ഹൈഡ്രോപോണിക് സാങ്കേതിക വിദ്യ ഉപയോഗിച്ച് വളര്‍ത്തിയെടുക്കുന്നതാണ് ഹൈബ്രിഡ് കഞ്ചാവ്. മണ്ണില്ലാതെ പോഷക സമ്പുഷ്ടമായ ലായനിയില്‍ സസ്യങ്ങള്‍ വളര്‍ത്തുന്ന ഒരു രീതിയെ ആണ് ഹൈഡ്രോപോണിക് എന്ന് പറയുന്നത്. പോഷകങ്ങളുടെ അളവ്, പിഎച്ച് മൂല്യം, വെളിച്ചം തുടങ്ങിയ ഘടകങ്ങളുടെ കൃത്യമായ നിയന്ത്രണമാണ് ഇതിന്റെ അടിസ്ഥാനം. ചെടികളുടെ വേഗത്തിലുള്ള വളര്‍ച്ച, ഉയര്‍ന്ന വിളവ്, എന്നിവയും ഈ രീതിയില്‍ ലഭ്യമാകുന്നു. ഈ രീതിയില്‍ വളര്‍ത്തുന്ന കഞ്ചാവ് ഗുണ നിലവാരം കൂടുതലായിരിക്കും എന്നാണ് വിലയിരുത്തല്‍.

കൃത്രിമ വെളിച്ചത്തില്‍ അടച്ചിട്ട, എയര്‍ കണ്ടീഷന്‍ ചെയ്ത മുറികളിലാണ് ഹൈഡ്രോ കഞ്ചാവ് വളര്‍ത്തുന്നത്. ഹൈഡ്രോപോണിക് കഞ്ചാവ് ഗുണനിലവാരത്തില്‍ മികച്ചതാണെന്നും ഇന്ത്യയില്‍ കാണപ്പെടുന്ന സാധാരണ കഞ്ചാവിനേക്കാള്‍ തീവ്രമായ ഗന്ധം ഉണ്ടെന്നും കണക്കാക്കപ്പെടുന്നു. ഹൈബ്രിഡ് കഞ്ചാവ് കണ്ടെത്തുന്ന സമയത്ത് പലപ്പോഴും വിമാനത്താവളത്തിന്റെ അറൈവല്‍ ടെര്‍മിനലില്‍ ഇതിന്റെ ഗന്ധം നിറയാറുണ്ടെന്ന് കൊച്ചി വിമാനത്താവളത്തിലെ ഒരു കസ്റ്റംസ് ഉദ്യോഗസ്ഥന്‍ പറയുന്നു.

ഇത്തരം സവിശേഷതകള്‍ ആണ് ഹൈഡ്രോ കഞ്ചാവിന് വിലകൂടുതലെങ്കിലും ആവശ്യക്കാര്‍ ഏറെയുള്ളതുമാക്കുന്നത് എന്നാണ് കൊച്ചിയിലെ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി) ഉദ്യോഗസ്ഥന്‍ പറയുന്നു. പാശ്ചാത്യ രാജ്യങ്ങളിലും ഗള്‍ഫ് രാജ്യങ്ങളിലും ഹൈബ്രിഡ് കഞ്ചാവിന് ഡിമാന്‍ഡ് കൂടുതലാണെന്നും ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു. ഉയര്‍ന്ന നിലവാരമുള്ള ഹൈഡ്രോ കഞ്ചാവിന് കിലോഗ്രാമിന് 60 ലക്ഷം മുതല്‍ 80 ലക്ഷം വരെ വില ലഭിക്കും.

ഹൈഡ്രോപോണിക് കൃഷി രീതി, ബാങ്കോക്ക് വേരുകള്‍ക്ക് പിന്നില്‍

കഞ്ചാവ് നിയമവിധേയമാക്കിയ ആദ്യത്തെ തെക്ക് -കിഴക്കന്‍ ഏഷ്യന്‍ രാജ്യമാണ് തായ്ലന്‍ഡ്. മെഡിക്കല്‍ ആവശ്യങ്ങള്‍ക്കായാണ് 2018 ല്‍ ഇത്തരം ഒരു തീരുമാനം കൈക്കൊണ്ടത്. പിന്നാലെ 2022 ല്‍ കഞ്ചാവ് കൃഷി പരിപോഷിപ്പിക്കാനുള്ള നടപടികളും ആരംഭിച്ചു.

കൃഷി വ്യാപിപ്പിക്കാന്‍ വീടുകളില്‍ കഞ്ചാവ് ചെടികള്‍ വിതരണം ചെയ്യാന്‍ പോലും തായ്ലന്റ് ആരോഗ്യ വകുപ്പിന് പദ്ധതിയുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് തായ്‌ലന്‍ഡില്‍, ഹൈഡ്രോപോണിക് കൃഷിയുടെ വര്‍ധിച്ചത്. ഇതോടെ ഇന്ത്യയിലേക്കും മറ്റ് രാജ്യങ്ങളിലേക്കും കള്ളക്കടത്തായി എത്തുന്ന ഹൈഡ്രോ കഞ്ചാവിന്റെ പ്രധാന ഉറവിടമായും ബാങ്കോക്ക് മാറി.

ഇന്ത്യയിലെ സാഹചര്യം

നര്‍ക്കോട്ടിക് ഡ്രഗ്‌സ് ആന്റ് സൈക്കോട്രാപിക് സബ്സ്റ്റന്‍സസ് (എന്‍ഡിപിഎസ്) നിയമത്തിലെ പഴുതുകളാണ് രാജ്യത്ത് കഞ്ചാവ് പ്രതിരോധത്തില്‍ നിയമ സംവിധാനങ്ങള്‍ക്ക് വെല്ലുവിളിയാകുന്നത്. ഒരു കിലോ ഗ്രാമില്‍ താഴെ കഞ്ചാവ് കൈവശം വയ്ക്കുന്നത് ജാമ്യം ലഭിക്കാവുന്ന കുറ്റമാണ്. സാധാരണ കഞ്ചാവിനും ഹൈബ്രിഡ് കഞ്ചാവിനും ഈ വ്യവസ്ഥ ബാധകമാണ്. ഇതിനാല്‍, 999 ഗ്രാം വരെ ഹൈബ്രിഡ് കഞ്ചാവുമായി പിടിക്കപ്പെടുന്ന ആള്‍ക്കും എളുപ്പത്തില്‍ ജാമ്യം ലഭിക്കുന്ന സാഹചര്യമുണ്ടെന്ന് എന്‍സിബി ഉദ്യോഗസ്ഥര്‍ പറയുന്നു.

നിലവില്‍ വിദേശത്തുനിന്നുമാണ് ഹൈബ്രിഡ് കഞ്ചാവ് നിലവില്‍ ഇന്ത്യയിലും കേരളത്തിലും എത്തുന്നത്. എന്നാല്‍ ഇന്ത്യയില്‍ തന്നെ ഇത്തരം ആധുനിക കൃഷിരീതി വ്യാപകമാകാനുള്ള സാധ്യതയാണ് മറ്റൊരു വെല്ലുവിളി. ഹൈഡ്രോപോണിക് സജ്ജീകരണങ്ങള്‍ക്ക് കുറഞ്ഞ സ്ഥലം മാത്രമാണ് ആവശ്യമെന്നതിനാല്‍ അടച്ചിട്ട പ്രദേശങ്ങളില്‍ പോലും ഇത്തരം കൃഷികള്‍ക്ക് അവസരം ഉണ്ടാകും.

ഹൈബ്രിഡ് കഞ്ചാവിന്റെ വര്‍ധിച്ചുവരുന്ന ലഭ്യത ഇന്ത്യയിലെ മയക്കുമരുന്ന് വിപണിയില്‍ ഇതിന്റെ ആവശ്യകത വര്‍ധിപ്പിക്കാനും ഇടയാക്കും. കള്ളക്കടത്തും പ്രാദേശിക കൃഷിക്കും വഴിയൊരുക്കുമെന്നും ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഈ സാഹചര്യം തടയുന്നതിലുള്ള നടപടികളാണ് ഇപ്പോള്‍ നടക്കുന്നത്. സംസ്ഥാനത്തും ദേശീയ തലത്തിലുമുള്ള എന്‍ഫോഴ്‌സ്‌മെന്റ് ഏജന്‍സികള്‍ കള്ളക്കടത്ത് സംഘങ്ങളെ കുറിച്ചും ഹൈബ്രിഡ് കഞ്ചാവിന്റെ വില്‍പ്പനയും കണ്ടെത്താനുള്ള ശ്രമങ്ങളുമായി മുന്നോട്ട് പോവുകയാണെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.