ഹൈദരാബാദ്: പഹല്‍ഗാം ഭീകരാക്രമണത്തിന് ഇന്ത്യ പാക്കിസ്ഥാന് കനത്ത തിരിച്ചടി നല്‍കിയതിന് പിന്നാലെ ഹൈദരാബാദ് നഗരത്തില്‍ വന്‍ സ്‌ഫോടനം നടത്താന്‍ പദ്ധതിയിട്ട രണ്ട് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരെ പിടികൂടിയതായി ഹൈദരാബാദ് പൊലീസ്. പ്രതികളുടെ താമസസ്ഥലത്തുനിന്ന് അമോണിയ, സള്‍ഫര്‍, അലുമിനിയം പൊടി എന്നിവയുള്‍പ്പെടെയുള്ള സ്‌ഫോടകവസ്തു നിര്‍മാണത്തിന് ആവശ്യമായ സാമഗ്രികളും പൊലീസ് കണ്ടെടുത്തു. സിറാജ് ഉര്‍ റഹ്‌മാന്‍ (29), സയ്യിദ് സമീര്‍ (28) എന്നിവരെയാണ് പിടികൂടിയിരിക്കുന്നത്.

ഇവര്‍ക്ക് സൗദി അറേബ്യയിലെ ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. ഹൈദരാബാദ് നഗരത്തില്‍ വലിയ ഭീകരാക്രമണം നടത്താന്‍ ഭീകരര്‍ പദ്ധതിയിട്ടിരുന്നതായാണു പൊലീസ് പറയുന്നത്. രഹസ്യ വിവരത്തെ തുടര്‍ന്ന് ആന്ധ്രാപ്രദേശിലെ കൗണ്ടര്‍ ഇന്റലിജന്‍സ് സെല്ലും തെലങ്കാന പൊലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ഭീകരരെ പിടികൂടിയത്.

സിറാജ് ഉര്‍ റഹ്‌മാനെ ആന്ധ്രാപ്രദേശിലെ വിജയനഗരത്തില്‍നിന്നും ഇയാള്‍ നല്‍കിയ വിവരങ്ങള്‍ അനുസരിച്ച് സമീറിനെ ഹൈദരാബാദില്‍ നിന്നുമാണ് അറസ്റ്റ് ചെയ്തതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഭീകരരെ കോടതിയില്‍ ഹാജരാക്കുമെന്നും പൊലീസ് അറിയിച്ചു. ഏപ്രില്‍ 22ന് രാജ്യത്തെ ഞെട്ടിച്ച പഹല്‍ഗാം ഭീകരാക്രമണത്തിനും പാക്കിസ്ഥാന് നല്‍കിയ തിരിച്ചടിക്കും പിന്നാലെ രാജ്യത്തു പ്രവര്‍ത്തിക്കുന്ന ഭീകരസംഘടനകളുടെ സ്ലീപ്പര്‍ സെല്ലുകള്‍ സജീവമാകാന്‍ ഇടയുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു.

പൊതുസമൂഹം ജാഗ്രത പുലര്‍ത്തുകയും പൊലീസിനോട് സഹകരിക്കുകയും വേണമെന്നും അറിയിപ്പുണ്ട്. പഹല്‍ഗാം ആക്രമണത്തിന് മറുപടിയായി ഈ മാസം ഏഴ് മുതല്‍ 10 വരെ ഇന്ത്യ ഓപ്പറേഷന്‍ സിന്ദൂര്‍ വഴി പാകിസ്ഥാനില്‍ തിരിച്ചടിച്ചിരുന്നു. ഇതിനുശേഷം രാജ്യത്ത് സ്‌ളീപ്പര്‍ സെല്ലുകള്‍ സജീവമാകുമെന്ന് കേന്ദ്രം, വിവിധ സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പും നല്‍കിയിരുന്നു. ഇതിനെത്തുടര്‍ന്ന് പരിശോധനയിലാണ് വന്‍ സ്ഫോടന പദ്ധതി പൊലീസ് പൊളിച്ചത്.

ഒരു നേപ്പാള്‍ സ്വദേശിയടക്കം 26പേരാണ് കാശ്മീരീലെ പഹല്‍ഗാമില്‍ തീവ്രവാദി ആക്രമണത്തില്‍ മരിച്ചത്. ഇതിന് മറുപടിയായി കൊടുംഭീകരന്‍ ഹാഫിസ് സയിദിന്റെ കുടുംബാംഗങ്ങളടക്കം നിരവധി പേരെ ഇന്ത്യ വധിച്ചിരുന്നു. സൈനിക താവളങ്ങളും ഇന്ത്യ തകര്‍ത്തു. ഇതിനിടെ ഇന്ത്യയില്‍ മൂന്ന് സ്ഫോടനങ്ങളില്‍ പ്രതിയായ സെയ്ഫുള്ള ഖാലിദ് എന്ന കൊടുംഭീകരനെ കഴിഞ്ഞദിവസം പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയില്‍ അജ്ഞാതരായ ഒരുകൂട്ടം ആളുകള്‍ വധിച്ചു എന്ന വിവരവും പുറത്തുവരുന്നുണ്ട്.