അഹമ്മദാബാദ്: പുറത്ത് ഒന്ന് കറങ്ങാൻ പോകുമ്പോൾ വിവിധ തരം സ്ട്രീറ്റ് വിഭവങ്ങൾ രുചിച്ചു നോക്കുന്നത് ഇപ്പോൾ ട്രെൻഡ് ആണ്. സമൂഹമാധ്യങ്ങളിൽ നമ്മൾ സ്ക്രോൾ ചെയ്യുമ്പോൾ നിരവധി വെറൈറ്റി ഫുഡുകളാണ് ദിനം പ്രതി കാണുന്നത്. ശേഷം ആ ഷോപ്പിന്റെ ലൊക്കേഷൻ തേടി പോയി അത് ട്രൈ ചെയ്യുന്നതും യുവ തലമുറയുടെ ഹോബിയാണ്. പക്ഷെ സൂക്ഷിച്ചില്ലെങ്കിൽ പണി പാളുമെന്നതിൽ ഒരു സംശയവും വേണ്ട. അങ്ങനെയൊരു സംഭവമാണ് അഹമ്മദാബാദിൽ നടന്നിരിക്കുന്നത്.

അഹമ്മദാബാദിലെ മണിനഗറിലാണ് എല്ലാവരെയും ടെൻഷൻ അടിപ്പിച്ച സംഭവം നടന്നത്. യുവതി കഴിച്ചുകൊണ്ടിരുന്ന ഐസ്ക്രീമിൽ 'പല്ലി'യുടെ 'വാൽ' കണ്ടെത്തിയതാണ് കാര്യങ്ങൾ വഷളാക്കിയത്. കഠിനമായ ഛർദ്ദിയെ തുടർന്ന് യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദേവ് കുതിർ അവന്യൂവിലെ മഹാലക്ഷ്മി കോർണറിലെ ഐസ്ക്രീം പാർലറിൽ നിന്നും വാങ്ങിയ 80 മില്ലി ഹാവ്മോർ ഹാപ്പി കോണിൽ നിന്നാണ് പല്ലിയുടെ വാൽ ലഭിച്ചത്.

ഐസ്ക്രീം കഴിക്കുമ്പോൾ അസ്വസ്ഥത തോന്നി പരിശോധിച്ചപ്പോഴാണ് പല്ലിയുടെ വാൽ ഭാഗം കണ്ടെത്തിയത്. പരാതി ലഭിച്ചതിനെത്തുടർന്ന് ആരോഗ്യ വകുപ്പ് നടപടി സ്വീകരിച്ചു. ഉടനെ തന്നെ ഐസ്ക്രീം പാർലർ അഹമ്മദാബാദ് മുനിസിപ്പൽ കോർപ്പറേഷൻ സീൽ ചെയ്തു.

പിന്നാലെ നടന്ന അന്വേഷണത്തിൽ ലൈസൻസോ രജിസ്ട്രേഷനോ ഇല്ലാതെയാണ് പാർലർ പ്രവർത്തിച്ചിരുന്നത്. അഹമ്മദാബാദിലെ നരോദയിലുള്ള ഹാവ്മോർ ഐസ്ക്രീം നിർമ്മാണ യൂണിലാണ് ഐസ്ക്രീം നിർമിച്ചതെന്ന് ഉദ്യോഗസ്ഥർ കണ്ടെത്തുകയും ചെയ്തു. ഫാക്ടറിക്ക് 50,000 രൂപ പിഴ ചുമത്തി.

അതേസമയം, പൊതുജന സുരക്ഷയ്ക്കായി ഉൽപ്പന്നത്തിന്റെ മുഴുവൻ ബാച്ചും തിരിച്ചുവിളിക്കാൻ അധികൃതർ കമ്പനിയോട് നിർദ്ദേശിക്കുകയും ചെയ്തിട്ടുണ്ട്. ലാബ് പരിശോധനയ്ക്കായി ഹാപ്പി കോണിന്റെ സാമ്പിളുകൾ ശേഖരിച്ചു.

നിലവിൽ വിഷയം ഇപ്പോൾ അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. ബന്ധപ്പെട്ട ഉപഭോക്താവുമായി ഞങ്ങൾ ബന്ധപ്പെട്ടിട്ടുണ്ട്. കൂടാതെ നിലവിലുള്ള പ്രശ്നം സമഗ്രമായി അന്വേഷിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നും ഹാവ്മോർ വക്താവ് മാധ്യമങ്ങൾക്ക് നൽകിയ ഔദ്യോഗിക പ്രസ്താവനയിൽ വ്യക്തമാക്കി. സംഭവം വളരെ ഗുരുതരമായ പ്രശ്‌നം ആണെന്നും കൂടുതൽ അന്വേഷണം നടക്കുന്നുവെന്നും അധികൃതർ പറഞ്ഞു.