പത്തനംതിട്ട: കോഴഞ്ചേരിക്ക് സമീപം മേലുകരയിൽ അനധികൃതമായി പാചകവാതകം നിറച്ച് വിൽക്കുന്ന കേന്ദ്രത്തിൽ ജില്ലാ സപ്ലൈ ഓഫീസറുടെ നേതൃത്വത്തിൽ റെയ്ഡ്. സിലിണ്ടറിൽ നിന്ന് മറ്റൊന്നിലേക്ക് ഗ്യാസ് നിറയ്ക്കാനുപയോഗിക്കുന്ന യൂണിറ്റ്, നാട്ടിൽ ഇല്ലാത്ത പ്രവാസികളുടെ ഗ്യാസ് കണക്ഷൻ ബുക്ക്, നിറച്ച സിലിണ്ടറുകൾ കടത്താനുപയോഗിച്ച് വാഹനങ്ങളുടെ വ്യാജ നമ്പർ പ്ലേറ്റുകൾ എന്നിവയാണ് കണ്ടെത്തിയത്.

പത്തനംതിട്ട ടൗണിലെ തീ പിടുത്തത്തിന്റെ അടിസ്ഥാനത്തിൽ ജില്ലാ കലക്ടർക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് ജില്ലാ സപ്ലൈ ഓഫീസർ എം. അനിൽ, കോഴഞ്ചേരി താലൂക്ക് സപ്ലൈ ഓഫീസർ പി ജി ലേഖ, ജില്ലാ സപ്ലൈ ഓഫീസിലെ സീനിയർ സൂപ്രണ്ട് ജോസി സെബാസ്റ്റ്യൻ, ജൂനിയർ സൂപ്രണ്ട് ബിജു രാജ്, റേഷനിങ് ഇൻസ്പെക്ടർമാരായ എസ് സുമൻ, ശ്രീജ കെ. സുകുമാരൻ എന്നിവരുടെ നേതൃത്വത്തിൽ പരിശോധന നടന്നത്. മേലുകര പുതുപ്പറമ്പിൽ സുരേഷിന്റെ വീട്ടിലാണ് നിയമലംഘനം നടത്തി യൂണിറ്റ് പ്രവർത്തിച്ചിരുന്നത്.

19 ഗ്യാസ് സിലിണ്ടറുകൾ, ഗ്യാസ് നിറക്കാനുള്ള പമ്പ് തുടങ്ങി നിരവധി സാധന സാമഗ്രികളും കണ്ടെത്തിയിട്ടുണ്ട്. ഗാർഹിക, വാണിജ്യ ആവശ്യങ്ങൾക്കുള്ള ഗ്യാസ് സിലിണ്ടർ റീ ഫില്ലിങ് സുരേഷിന്റെ വീട്ടിൽ നടന്നതായി കണ്ടെത്തി. വീടിന് തൊട്ടു മുന്നിലുള്ള പട്ടിക്കൂട്ടിലാണ് നിറഞ്ഞ സിലിണ്ടറിൽ നിന്ന് ഒഴിഞ്ഞതിലേക്ക് ഗ്യാസ് നിറയ്ക്കുന്നതിന് ഉപയോഗിക്കുന്ന പൈപ്പുകളും മറ്റു ഉപകരണങ്ങളും സ്ഥാപിച്ചിരുന്നത്. ഇവിടെ നിന്നും റീ ഫില്ലിങിനു ശേഷം പതിപ്പിക്കാനുള്ള വ്യാജ സീലുകളും കണ്ടെത്തി. 19 സിലിണ്ടറുകളും തൂക്കം പരിശോധിക്കാനുള്ള ത്രാസും പിടികൂടി.

സിലിണ്ടർ നിറച്ചു കഴിഞ്ഞാൽ പുതിയതെന്ന് തോന്നിക്കുന്ന തരത്തിൽ സീൽ ചെയ്തായിരുന്നു വ്യാപാരം നടത്തിയിരുന്നത്. അടുത്ത പ്രദേശങ്ങളിലുള്ള ഗ്യാസ് ഏജൻസികളിൽ നിന്ന് മറ്റുള്ളവരുടെ പേരിലും അനധികൃതമായും എടുക്കുന്ന ഗ്യാസ് സിലിണ്ടറുകളാണ് സുരേഷ് വീട്ടിൽ എത്തിച്ചു തൂക്കത്തിൽ കൃത്രിമം നടത്തി മറിച്ചു വിൽപ്പന നടത്തിയിരുന്നത്. പിടിച്ചെടുത്ത സിലിണ്ടറുകളിൽ പത്തെണ്ണം ഗാർഹിക ആവശ്യത്തിന് ഉപയോഗിക്കുന്നതാണ്. വാണിജ്യ ആവശ്യത്തിന് ഉപയോഗിക്കുന്ന ഒമ്പത് സിലണ്ടറുകളും കണ്ടെത്തി.

ഇതിൽ ഭാരത് ഗ്യാസിന്റെയും ഇൻഡേനിന്റെയും സിലിണ്ടറുകൾ ഉൾപ്പെടും. ഗ്യാസ് സിലിണ്ടർ വിൽപ്പന നടത്താൻ ഉപയോഗിച്ചിരുന്ന വാഹനത്തിന്റേതെന്ന് കരുതുന്ന വ്യത്യസ്തമായ രണ്ടു നമ്പർ പ്ലേറ്റുകളും കണ്ടെത്തി. ഏറെ അപകടം ഉണ്ടാകും വിധം പഞ്ചായത്ത് റോഡിന് സമീപമാണ് ഫില്ലിങ് നടത്തിയിരുന്നത്. ഇവിടെ ഗ്യാസ് ചോർന്നാൽ വലിയ അപകട സാധ്യതയാണ് ഉണ്ടാവുക.

കലക്ടർക്ക് ലഭിച്ച പരാതിയിൽ പരിശോധന നടത്തിയെങ്കിലും പൊലീസ്, ഫയർ ഫോഴ്സ് ഉദ്യോഗസ്ഥരെ ഒഴിവാക്കിയതിന്റെ കാരണം വിശദീകരിക്കാൻ അധികൃതർക്ക് കഴിഞ്ഞില്ല. പിടിച്ചെടുത്ത ഗ്യാസ് സിലിണ്ടറുകളും റീ ഫില്ലിങിനു ഉപയോഗിച്ച ഉപകരണങ്ങളും
നിയമ നടപടികളുടെ ഭാഗമായി മേലുകരയിലെ അംഗീകൃത ഗ്യാസ് ഏജൻസിയിലേക്ക് മാറ്റി. തുടർ നടപടികളുടെ ഭാഗമായി ഇതിന്റെ വിശദമായ റിപ്പോർട്ട് ജില്ലാ കലക്ടർക്ക് നൽകുമെന്ന് സപ്ലൈ ഓഫീസർ എം അനിൽ പറഞ്ഞു.

പ്രവാസികൾ ഏറെയുള്ള കോഴഞ്ചേരിയിൽ നിരവധി ഉപഭോക്താക്കൾ ഗ്യാസ് എടുക്കാറില്ല. ഇവരുടെ പേരിൽ ഉള്ള കണക്ഷൻ ഉപയോഗിച്ചാണ് അനധികൃത കച്ചവടം നടക്കുന്നത്. ഇപ്പോൾ പിടിച്ചെടുത്ത ഗ്യാസ് സിലിണ്ടറിനൊപ്പവും പ്രവാസികളുടേത് എന്ന് പറയുന്ന അക്കൗണ്ട് ബുക്കുകൾ കണ്ടെത്തിയിട്ടുണ്ട്. ഗ്യാസ് ഏജൻസികളുടെ പക്കലും ഇത്തരത്തിലുള്ള ബുക്കുകൾ ഉണ്ടെന്ന് പറയുന്നു. ഇത് ഉപയോഗിച്ചാണ് പലയിടത്തും അനധികൃതമായി സിലിണ്ടർ നൽകുന്നത്. നേരത്തെ സബ്സിഡി ഉണ്ടായിരുന്നപ്പോൾ ഇതിന് കുറവ് വന്നെങ്കിലും ഇപ്പോൾ ഇത് പിൻവലിച്ചതോടെ വീണ്ടും അനധികൃത കച്ചവടം വ്യാപിക്കുകയാണ്.

മുൻപും ഇതേ പോലെ അനധികൃത ഗ്യാസ് സിലിണ്ടർ നിറയ്ക്കൽ പിടികൂടിയിട്ടുണ്ട്. അന്വേഷിച്ച് ചെല്ലുമ്പോൾ ഏതെങ്കിലും ഗ്യാസ് ഏജൻസികൾ പ്രതിക്കൂട്ടിലാകും. പിന്നീട് തുടർ നടപടികൾ ഉണ്ടാകാറില്ല. വാണിജ്യ സിലിണ്ടർ 19.2 കിലോയാണ്. ഇതിൽ രണ്ടോ മൂന്നോ കിലോ ഗാർഹിക സിലിണ്ടറിലേക്ക് മാറ്റും. ഇത്തരം മൂന്നോ നാലോ സിലിണ്ടറുകളിൽ നിന്നായി ഗ്യാസ് ഊറ്റി ഒരു ഗാർഹിക സിലിണ്ടർ നിറയ്ക്കും. അതിന് ശേഷം വിപണി വിലയ്ക്ക് വിൽക്കും. വാണിജ്യ സിലിണ്ടർ അനധികൃതമായി ഹോട്ടലുകൾക്കും തട്ടുകടക്കാർക്കും നൽകുന്നതിനാൽ അവർ തൂക്കം ശ്രദ്ധിക്കാറില്ല. ഇങ്ങനെ എത്ര വേണമെങ്കിലും സിലിണ്ടർ നൽകും. പണം പിന്നീട് ചെന്ന് വാങ്ങും.