തൃശ്ശൂര്‍: മുക്കുപണ്ടം പണയം വെച്ച് മലപ്പുറം, പാലക്കാട് ജില്ലകളിലെ ധനകാര്യ സ്ഥാപനങ്ങളില്‍നിന്ന് കോടികള്‍ തട്ടിയ കേസിന്റെ തുടര്‍ അന്വേഷണം തൃശ്ശൂരിലേക്കും വ്യാപിപ്പിക്കുന്നു. എടക്കര സ്വദേശി കുന്നുമ്മല്‍പ്പടി കുന്നത്തുകളത്തില്‍ ഹനീഫ (40) യെ ആണ് കോടികളുടെ തട്ടിപ്പു നടത്തിയ കേസില്‍ പാലക്കാട് നാട്ടുകല്‍ പോലീസ് അറസ്റ്റു ചെയ്തത്. തട്ടിപ്പുമായി ബന്ധപ്പെട്ട് പ്രതി നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം തൃശൂരിലേക്കും വ്യാപിപ്പിക്കുന്നത്.

തൃശ്ശൂര്‍ ആസ്ഥാനമായ പൊതുമേഖലാ ധനകാര്യ സ്ഥാപനത്തിന്റെ വിവിധ ജില്ലകളിലെ ശാഖകളില്‍ പ്രതി മുക്കുപണ്ടം പണയപ്പെടുത്തി തട്ടിപ്പ് നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്. ഇതിനു പുറമേ പൊതുമേഖലാ ബാങ്കുകള്‍, സഹകരണ ബാങ്കുകള്‍ എന്നിവിടങ്ങളിലാണ് സമാന തട്ടിപ്പുകള്‍ നടത്തിയിരിക്കുന്നത്. ഇതുസംബന്ധിച്ച് നാട്ടുകല്‍ പോലീസ് മൂന്നു കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. ഇതിനുപുറമേ മലപ്പുറം ജില്ലയിലെ എടക്കര, മഞ്ചേരി, പാണ്ടിക്കാട്, നിലമ്പൂര്‍ എന്നിവിടങ്ങളിലും സമാന തട്ടിപ്പ് നടത്തിയതായി പരാതി ലഭിച്ചിട്ടുണ്ട്.

മുക്കുപണ്ടമായി വളകള്‍ പണയം വെച്ചാണ് പ്രതിയുടെ തട്ടിപ്പ്. വളകളുടെ പുറംഭാഗത്ത് കട്ടിയില്‍ സ്വര്‍ണം പൂശി വ്യാജ ഹാള്‍മാര്‍ക്ക് രേഖപ്പെടുത്തും. കട്ടിയില്‍ സ്വര്‍ണം പൂശും എന്നതിനാല്‍ ചെറിയ രീതിയില്‍ ഉരച്ചു നോക്കിയാലും ഉള്ളിലെ ചെമ്പ് കണ്ടെത്താനാകില്ല. ധനകാര്യ സ്ഥാപന നടത്തിപ്പുകാര്‍ക്ക് സംശയം തോന്നാതിരിക്കാന്‍ ചെറിയ കമ്മലും മോതിരവുമെല്ലാം യഥാര്‍ഥ സ്വര്‍ണത്തിന്റേതായും ഇതോടൊപ്പം പണയം വയ്ക്കും. വ്യാജ സ്വര്‍ണാഭരണങ്ങള്‍ മുറിച്ചു നോക്കിയാല്‍ മാത്രമാണ് മുക്കുപണ്ടമാണെന്ന് മനസ്സിലാകുക. എന്നാല്‍ മുറിച്ചു നോക്കാന്‍ ധനകാര്യ സ്ഥാപനങ്ങള്‍ക്ക് അനുമതിയുമില്ല. പണയപ്പണ്ടം തിരിച്ചെടുക്കാതെ വന്നതോടെ ലേലത്തില്‍ വെച്ചപ്പോഴാണ് വ്യാജ ആഭരണങ്ങളാണെന്ന് കണ്ടെത്തിയതും പോലീസില്‍ പരാതി നല്‍കിയതും.

പിന്നാലെ ഹനീഫയെ പോലിസ് അറസ്റ്റ് ചെയ്തു. മുജീബ് എന്ന ഇടനിലക്കാരനാണ് അതിസമര്‍ഥമായി നിര്‍മിച്ച മുക്കുപണ്ടം എത്തിക്കുന്നതെന്ന് പ്രതി പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. മുജീബിനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. മലേഷ്യയിലാണ് ഈ മുക്കുപണ്ടം നിര്‍മിക്കുന്നതെന്നാണ് സൂചന. പരിശുദ്ധി െതളിയിക്കുന്ന വ്യാജഹാള്‍മാര്‍ക്ക് മുദ്ര എങ്ങനെയാണ് പതിപ്പിക്കുന്നതെന്ന് കണ്ടെത്തിയാല്‍ തട്ടിപ്പിലെ എല്ലാ കണ്ണികളേയും പിടികൂടാമെന്ന് അന്വേഷണ സംഘം പറയുന്നു.