സിം​ഗപ്പൂർ: വിമാന യാത്രയ്ക്കിടെ ചിലർ സ്ത്രീകളോട് മോശമായി പെരുമാറുന്നത് ഇപ്പോൾ വർധിക്കുയാണ് അവർക്കെതിരെ കൃത്യമായ നടപടികളും സ്വീകരിക്കുന്നുണ്ട്. ഇപ്പോഴിതാ ഇന്ത്യൻ വംശജനായ 73 കാരൻ വിമാനത്തിനുള്ളിൽ വച്ച് നാല് സ്ത്രീകളെ ഉപദ്രവിച്ച കേസുമായി ബന്ധപ്പെട്ട് കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയിരിക്കുകയാണ്.

സിംഗപ്പൂർ എയർലൈൻസിൻ്റെ (എസ്ഐഎ) വിമാനത്തിൽ യുഎസിൽ നിന്ന് സിംഗപ്പൂരിലേക്കുള്ള യാത്രയ്ക്കിടെ നാല് സ്ത്രീകളെ ഉപദ്രവിച്ചെന്നാണ് പരാതി. ഇതിൽ ഒരു സ്ത്രീയെ നാല് തവണ ഉപദ്രവിച്ചതായും ആരോപണം ഉയരുന്നുണ്ട്.

ബാലസുബ്രഹ്മണ്യൻ രമേഷ് എന്ന ആൾക്കെതിരെയാണ് ​ഗുരുതര ആരോപണം ഉയർന്നിരിക്കുന്നത്. നവംബർ 18ന് വിമാനത്തിൽ വെച്ചാണ് സംഭവം നടന്നത്. മൂന്ന് പേരെ ഓരോ തവണ വീതം ഇയാൾ ഉപദ്രവിച്ചതായി പറയപ്പെടുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഇയാൾക്കെതിരെ ഏഴ് കുറ്റങ്ങൾ ചുമത്തിയതായും റിപ്പോർട്ടുകൾ ഉണ്ട്. അതിക്രമത്തിന് ഇരയായ സ്ത്രീകളെ കുറിച്ച് ഒരു വിവരങ്ങളും ലഭ്യമായിട്ടില്ല.

പുലർച്ചെ 3:15ഓടെ പ്രതിയായ ബാലസുബ്രഹ്മണ്യൻ ആദ്യമൊരു സ്ത്രീയെ ഉപദ്രവിച്ചെന്നും അഞ്ച് മിനിറ്റിന് ശേഷം രണ്ടാമത്തെ സ്ത്രീയെയും ഉപദ്രവിച്ചെന്നാണ് ആരോപണം. പുലർച്ചെ 3.30 നും 6 നും ഇടയിൽ രണ്ടാമത്തെ സ്ത്രീയെ ഇയാൾ മൂന്ന് തവണ കൂടി ഉപദ്രവിച്ചതായാണ് പറയുന്നത്. രാവിലെ 9:30 ഓടെ മൂന്നാമതൊരു സ്ത്രീയെയും വൈകുന്നേരം 5:30 ഓടെ നാലാമത്തെ സ്ത്രീയെയും ഉപദ്രവിച്ചതായും പറയപ്പെടുന്നു. ഡിസംബർ 13ന് ഇയാൾ കുറ്റം സമ്മതിക്കുമെന്നും അറിയിച്ചിട്ടുണ്ട്. പ്രായം പരിഗണിച്ച് ചാട്ടവാറടിയിൽ നിന്ന് ഒഴിവാക്കുകയും ചെയ്തിട്ടുണ്ട്.