ന്യൂജേഴ്‌സി: ഇന്ത്യയില്‍ നിന്ന് അമേരിക്കയില്‍ എത്തി കാണാതായ യുവതിക്ക് വേണ്ടിയുള്ള തെരച്ചില്‍ ശക്തമാക്കി യു.എസ് പോലീസ്. എന്നാല്‍ ഇതു വരെ ഇക്കാര്യത്തില്‍ ഒരു തുമ്പും ലഭിച്ചിട്ടില്ല. ന്യൂജേഴ്‌സിയിലെ ലിന്‍ഡന്‍ വോള്‍ഡ് പോലീസ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് ഇരുപത്തിനാലുകാരിയായ സിമ്രാന്‍ ജൂണ്‍ 20 ന് മുന്‍കൂട്ടി നിശ്ചയിച്ച വിവാഹത്തിനായി യു.എസില്‍ എത്തിയിട്ടുണ്ട്. എന്നാല്‍ ഇവരെ കാണാതായത് ജൂണ്‍ ഇരുപത്തിയാറിനാണ്. അമേരിക്കയിലേക്ക് കടക്കാനായി ഇവര്‍ വിവാഹം മറയാക്കിയതാണോ എന്നും പോലീസ് സംശയിക്കുന്നുണ്ട്.

കാംഡന്‍ കൗണ്ടിയിലെ ലിന്‍ഡന്‍വോള്‍ഡില്‍ വച്ചാണ് സിമ്രാനെ കാണാതായത്. സി.സി.ടി.വി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചിരുന്നു. ഇതില്‍ നിന്ന് അസ്വഭാവികമായി ഒന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. യുവതിയെ സംബന്ധിച്ച് പരിമിതമായ വിവരങ്ങള്‍ മാത്രമാണ് പൊലീസിന്റെ കൈവശമുള്ളത്. യുവതിക്ക് അമേരിക്കയില്‍ മറ്റു പരിചയക്കാരില്ലെന്നും പോലീസ് പറയുന്നു. യുവതിയുടെ ഇന്ത്യയിലെ ബന്ധുക്കളെ കുറിച്ച് വിവരം ലഭിച്ചിട്ടില്ലെന്നും പോലീസ് അറിയിച്ചു. പെണ്‍കുട്ടി എവിടെപ്പോയി എന്ന കാര്യത്തില്‍ ഒരു വ്യക്തതയുമില്ല.

യുവതിയ്ക്ക് പരിമിതമായി മാത്രമേ ഇംഗ്ലീഷ് സംസാരിക്കാന്‍ അറിയുകയുള്ളൂവെന്ന് പൊലീസ് പറയുന്നു. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു. വൈ-ഫൈ ഉപയോഗിച്ച് മാത്രം പ്രവര്‍ത്തിക്കാനാകുന്ന ഒരു ഫോണാണ് സിമ്രാന്റെ കൈയിലുള്ളത്. പൊലീസ് നടത്തിയ പരിശോധനയില്‍ അന്നേദിവസത്തെ സിസിടിവി ദൃശ്യങ്ങളില്‍ സിമ്രാന്‍ ഫോണുപയോഗിക്കുന്നതും ആരെയോ കാത്തിരിക്കുന്നതുമായി കണ്ടെത്തിയിട്ടുണ്ട്.

സിമ്രാന്റെ കുടുംബാംഗങ്ങളെക്കുറിച്ച് അന്വേഷിച്ചെങ്കിലും ബന്ധപ്പെടാനായിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. ചാരനിറത്തിലുള്ള പാന്റ്‌സും, വെളുത്ത ടീ-ഷര്‍ട്ടും, കറുത്ത ഫ്ളിപ്പ്-ഫ്േളാപ്പുകളും, വജ്രം പതിച്ച ഒരു ചെറിയ കമ്മലും ധരിച്ചാണ് സിമ്രാന്‍ അവസാനമായി സി.സി.ട.ിവി ദൃശ്യങ്ങളില്‍ കാണപ്പെടുന്നത്. സിമ്രാനെ വിവാഹം കഴിക്കാന്‍ നിശ്ചയിച്ചിരുന്ന വ്യക്തിയുടെ വിശദാംശങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. ആരാണ് സിമ്രാനെ കാണാതായ വിവരം റിപ്പോര്‍ട്ട് ചെയ്തതെന്നും വ്യക്തമല്ല.

സിമ്രാനെ കണ്ടെത്തുന്നതിനായി പോലീസ് ഇപ്പോള്‍ ജനങ്ങളുടെ സഹായം തേടിയിരിക്കുകയാണ്. അവര്‍ എവിടെയാണെന്ന് അറിയാവുന്നവര്‍ ഡിറ്റക്ടീവ് ജോ ടോമസെറ്റിയെ ബന്ധപ്പെടുകയോ ലിന്‍ഡന്‍വോള്‍ഡ് പോലീസില്‍ അറിയിക്കുകയോ ചെയ്യണമെന്ന് പോലീസ് ആവശ്യപ്പെട്ടു. പലരും വിവാഹത്തിലൂടെ അമേരിക്കന്‍ പൗരത്വം നേടാന്‍ ശ്രമിക്കുന്ന സാഹചര്യത്തിലാണ് സിമ്രാന്റെ ഈ തിരോധാനം എന്നതാണ് പ്രധാനപ്പെട്ട കാര്യം.