ഡൽഹി: പ്രശസ്ത എഴുത്തുകാരനും ഗാനരചയിതാവുമായ നിലേഷ് മിശ്രയുടെ 10 വയസ്സുകാരിയായ മകളോട് ഇൻഡിഗോ എയർലൈൻ ജീവനക്കാരി മോശമായി പെരുമാറിയെന്ന് ആരോപണം. ലക്‌നൗവിൽ നിന്ന് ഗോവയിലേക്ക് ഒറ്റയ്ക്ക് യാത്ര ചെയ്യുകയായിരുന്ന മകൾ വൈദേഹി മിശ്രയോടാണ് ജീവനക്കാരിയുടെ ഭാഗത്തുനിന്ന് പരുക്കൻ പെരുമാറ്റം ഉണ്ടായതെന്ന് നിലേഷ് മിശ്ര എക്‌സ് പ്ലാറ്റ്‌ഫോമിൽ പങ്കുവെച്ച കുറിപ്പിലൂടെ അറിയിച്ചത്. സംഭവത്തിൽ എയർലൈൻ വിശദമായ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

നിലേഷ് മിശ്രയുടെ ആരോപണമനുസരിച്ച്, വിമാനത്തിലെ ജീവനക്കാരി വൈദേഹിയോട് "ഈ പെൺകുട്ടി എന്നെ അസ്വസ്ഥയാക്കുന്നു. ഇവൾ വളരെ കൗശലക്കാരിയാണ്. നിനക്ക് കണ്ണുകളില്ലേ? പോയി ഭക്ഷണം കഴിക്കൂ" എന്ന് പറഞ്ഞതായും, കൂടാതെ കൂടുതൽ മോശമായ വാക്കുകളും ഉപയോഗിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഫോണിലൂടെ താൻ നേരിട്ട് ബന്ധപ്പെട്ടപ്പോഴും ജീവനക്കാരിയുടെ പരുക്കൻ മനോഭാവം തുടർന്നുവെന്നും, ഇൻഡിഗോ ലജ്ജിക്കണമെന്നും എയർലൈനിനെ ടാഗ് ചെയ്തുകൊണ്ട് അദ്ദേഹം പോസ്റ്റിൽ രേഖപ്പെടുത്തി.

ബർഫി, ബജ്രംഗി ഭായിജാൻ തുടങ്ങിയ സിനിമകളുടെ ഗാനരചയിതാവും ഏക് താ ടൈഗറിന്റെ തിരക്കഥാകൃത്തുമാണ് നിലേഷ് മിശ്ര. നിലേഷ് മിശ്രയുടെ പോസ്റ്റിന് മറുപടിയുമായി ഇൻഡിഗോ വക്താവ് രംഗത്തെത്തി.

വിഷയം അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നും, സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്നും എയർലൈൻ ഉറപ്പ് നൽകിയിട്ടുണ്ട്. കുട്ടികളോടുള്ള മോശം പെരുമാറ്റം സംബന്ധിച്ച ആരോപണത്തിന്റെ പശ്ചാത്തലത്തിൽ, ഇൻഡിഗോയുടെ അന്വേഷണ റിപ്പോർട്ടിനായി രാജ്യം ഉറ്റുനോക്കുകയാണ്. ഇതോടെ വീണ്ടും വിവാദ ചുഴിയിൽപ്പെട്ടിരിക്കുകയാണ് ഇൻഡിഗോ എയർലൈൻ.