- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
ശരീരത്തില്‍ മര്‍ദ്ദനമേറ്റ പാട്; കവളില്‍ അടിയേറ്റതിനും തെളിവ്; ഇന്ദുജ പട്ടിക വര്‍ഗം; അഭിജിത്ത് പട്ടിക ജാതി; ജാതി മാറിയുള്ള മകന്റെ വിവാഹം പിടിക്കാത്ത അമ്മ; രണ്ടാഴ്ച മുമ്പു മുഖത്ത് കണ്ട പാടില് മകള്‍ പറഞ്ഞത് കള്ളമെന്ന് തിരിച്ചറിയുന്ന അച്ഛന്; ഇളവട്ടത്തെ ഇരുനില വീട്ടിലെ ഇന്ദുജയുടെ മരണത്തില്‍ നിറയുന്നത് ദുരൂഹത മാത്രം
തിരുവനന്തപുരം: പാലോട് ഇളവട്ടത്ത് ഭര്‍തൃവീട്ടില്‍ നവവധു ഇന്ദുജയെ മരിച്ച നിലയില്‍ കണ്ടെത്തിയതില്‍ ദുരൂഹത. ഇന്ദുജയുടെ ശരീരത്തില്‍ മര്‍ദനമേറ്റ പാടുകളുള്ളതായി ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്. കവിളില്‍ അടിയേറ്റ പാട് ഉണ്ടായിരുന്നതായി ബന്ധുക്കള്‍ ആരോപിക്കുന്നു. ഇന്ദുജ ജോലിക്ക് പോകുന്നതില്‍ അഭിജിത്തിന്റെ വീട്ടുകാര്‍ക്ക് എതിര്‍പ്പുണ്ടായിരുന്നു. സത്യം പുറത്തുവരണമെന്നും ബന്ധുക്കള്‍ ആവശ്യപ്പെട്ടു. അടിയേറ്റ പാടുള്ളതു കൊണ്ടു തന്നെ ഭര്‍ത്താവിനെ പോലീസിന് അറസ്റ്റു ചെയ്യാം. പക്ഷേ ഇപ്പോഴും ഇന്ദുജയുടെ ഭര്‍ത്താവ് അഭിജിത്തിനെ അറസ്റ്റ് ചെയ്തിട്ടില്ല. കസ്റ്റഡിയിലാണ് അഭിജിത്തുള്ളത്.
നാലുമാസംമുന്‍പാണ് ഇന്ദുജയുടെയും അഭിജിത്തിനെയും വിവാഹം നടന്നത്. ഇന്ദുജയെ വീട്ടില്‍നിന്ന് ഇറക്കി കൊണ്ടുപോയി വിവാഹം രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. ഇന്ദുജ പട്ടികവര്‍ഗക്കാരിയും അഭിജിത്ത് പട്ടികജാതി വിഭാഗക്കാരനുമാണ്. ജാതി മാറിയുള്ള വിവാഹത്തിന് അഭിജിത്തിന്റെ അമ്മയ്ക്ക് താല്പര്യമില്ലായിരുന്നുവെന്നാണ് ഇന്ദുജയുടെ കുടുംബം പറയുന്നത്. രണ്ടാഴ്ച മുമ്പ് സ്വന്തം വീട്ടിലെത്തിയ ഇന്ദുജയുടെ മുഖത്ത് മര്‍ദനമേറ്റതിന്റെ പാടുണ്ടായിരുന്നു.
സിപിഎം അനുഭാവിയാണ് അഭിജിത്ത് എന്നും കുടുംബം ആരോപിക്കുന്നു. ഗാര്‍ഹികപീഡനമോ ജാതിവിവേചനമോ നടന്നിട്ടുണ്ടോയെന്ന് പൊലീസ് പരിശോധിക്കും . മരണത്തില്‍ ദുരൂഹത ആരോപിച്ച് യുവതിയുടെ കുടുംബം പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. കിടപ്പുമുറിയുടെ ജനാലയിലാണ് ഇന്ദുജയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. അസ്വഭാവിക മരണത്തിനാണ് പാലോട് പോലീസ് കേസെടുത്തത്. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെ ഭര്‍ത്താവ് അഭിജിത്ത് വീട്ടില്‍ ഭക്ഷണം കഴിക്കാനെത്തിയപ്പോഴാണ്, രണ്ടാം നിലയിലെ കിടപ്പു മുറിയുടെ ജനലില്‍ തൂങ്ങിയ നിലയില്‍ ഇന്ദുജയെ കണ്ടതെന്നാണ് പുറത്തു വരുന്ന സൂചന.
സ്വകാര്യ വാഹനകമ്പനിയിലെ കരാര്‍ ജീവനക്കാരനായ അഭിജിത്ത്, ജോലിക്ക് പോയ സമയത്ത് ഭാര്യ കെട്ടിതൂങ്ങിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. അഭിജിത്തുമായുള്ള വിവാഹത്തിന് ഇന്ദുജയുടെ വീട്ടുകാര്‍ക്ക് എതിര്‍പ്പ് ഉണ്ടായിരുന്നു. ഈ എതിര്‍പ്പ് അവഗണിച്ചാണ് തിരുവനന്തപുരം വഞ്ചിയൂരിലെ സ്വകാര്യ ലാബ് ജീവനക്കാരിയായ ഇന്ദുജ അഭിജിത്തിനൊപ്പം ജീവിക്കാന്‍ തീരുമാനിച്ചത്. രണ്ട് ദിവസമായി ഇന്ദുജ ജോലിക്ക് പോയിരുന്നില്ല. അഭിജിത്തിന്റെ മുത്തശ്ശി മാത്രം വീട്ടിലുള്ള സമയത്താണ്, ഇന്ദുജ ആത്മഹത്യ ചെയ്തതെന്നാണ് അഭിജിത്തും കൂട്ടരും പറയുന്നത്.
തൂങ്ങിയ നിലയില്‍ കാണുമ്പോള്‍ ഇന്ദുജക്ക് ജീവനുണ്ടായിരുന്നെന്നും ജില്ലാ ആശുപത്രിയിലേക്കുള്ള വഴിമദ്ധ്യേ ആണ് മരണം സംഭവിച്ചതെന്നുമാണ് അഭിജിത്തിന്റെ കുടുംബം പോലീസിന് നല്‍കിയ വിവരം. ആദിവാസി വിഭാഗത്തില്‍പ്പെട്ട ഇന്ദുജയുമായി അഭിജിത്ത് രണ്ടുവര്‍ഷമായി പ്രണയത്തിലായിരുന്നു. മൂന്നുമാസം മുന്‍പ് ഇന്ദുജയെ അഭിജിത്ത് വീട്ടില്‍നിന്നു വിളിച്ചിറക്കി അമ്പലത്തില്‍ കൊണ്ടുപോയി വിവാഹം കഴിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ വീട്ടുകാരുമായി അഭിജിത്തിനു കാര്യമായ ബന്ധമില്ലായിരുന്നു. എന്നാല്‍ ഇന്ദുജ അമ്മയോടും സഹോദരനോടും ഫോണില്‍ സംസാരിക്കുമായിരുന്നു.
ഇന്ദുജയെ കൊലപ്പെടുത്തിയതാണെന്നാണ് പിതാവിന്റെ ആരോപണം. അഭിജിത്തിന്റെ കുടുംബത്തെയാണ് സംഭവത്തില്‍ സംശയമുള്ളതെന്നും കഴിഞ്ഞയാഴ്ച മകള്‍ വന്നപ്പോള്‍ ദേഹത്ത് മുറിവുകള്‍ കണ്ടിരുന്നതായും പിതാവ് പറഞ്ഞു. വിവാഹത്തിന് ശേഷം ഇന്ദുജ സ്വന്തം വീട്ടില്‍ വരുന്നത് പോലും അഭിജിത്ത് തടഞ്ഞിരുന്നതായി സഹോദരന്‍ ഷിനുവും ആരോപിച്ചു. ഭര്‍തൃവീട്ടില്‍ പ്രശ്നമാണെന്ന് ഇന്ദുജ പറഞ്ഞിരുന്നു. എന്ത് പ്രശ്നമാണെങ്കിലും പറഞ്ഞോ പരിഹാരം കാണാമെന്ന് പറഞ്ഞതാണ്, പക്ഷേ, എന്താണെന്ന് അവള്‍ പറഞ്ഞില്ല. അവളുടെ സംസാരം കേട്ടപ്പോഴെ സീരിയസ് ആയിട്ടുള്ള എന്തോ കാര്യമാണെന്ന് തോന്നിയിരുന്നു-കുടുംബം പറയുന്നു
മര്‍ദിച്ചോയെന്ന് ചോദിച്ചപ്പോള്‍ അവള്‍ കള്ളം പറഞ്ഞു. ബസ്സില്‍ കയറിയപ്പോള്‍ തട്ടിയ മുറിവാണെന്നാണ് അന്ന് പറഞ്ഞത്. എന്ത് പ്രശ്നമായാലും തന്നോട് പറയും. വീട്ടില്‍നിന്ന് പോയിട്ട് നാലുമാസമേ ആകുന്നുള്ളൂ. അഭിജിത്തിന്റെ വീട്ടുകാര്‍ കുഴപ്പമാണ്. അവരെ സംശയമുണ്ട്. ഇതിനെക്കാളും വലിയ പ്രശ്നം മറികടന്നവളാണ് സഹോദരിയെന്നും ഒരുകാരണവശാലും സഹോദരി ആത്മഹത്യചെയ്യില്ലെന്നും സഹോദരന്‍ ഷിനു പറഞ്ഞു.